മികവിടങ്ങളായി പൊതുവിദ്യാലയങ്ങള്‍
മികവോടെ മുന്നോട്ട് - 18
കഴിഞ്ഞ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ ആരംഭിച്ച മിഷനുകളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം. കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കാന്‍ വേണ്ടി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിരവധി നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുളളത്. വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുവാനും പഠന നിലവാരം മെച്ചപ്പെടുത്താനുംവേണ്ടി വിവിധ പ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിവരികയാണ്.
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും എംഎല്‍എ ഫണ്ട്, നബാര്‍ഡ് ഫണ്ട്, പ്ലാന്‍ ഫണ്ട് എന്നിങ്ങനെ വിവിധ ധനസ്രോതസ്സുകള്‍ ഉപയോഗപ്പെടുത്തിയുമാണ് വിദ്യാലയങ്ങളിലെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നത്. കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ മക്കള്‍ പഠിക്കുന്ന വിദ്യാലയങ്ങളില്‍ മികച്ച കെട്ടിടങ്ങള്‍, ഹൈടെക് ക്ലാസ്സുകള്‍, ലൈബ്രറികള്‍, ലാബുകള്‍ എന്നിവ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഈ പദ്ധതി കേരളത്തിലെ വിദ്യാഭ്യാസ രംഗത്തിന്റെ പ്രതിഛായ മാറ്റിക്കൊണ്ടിരിക്കുകയാണ്.
ഈ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടപ്പാക്കുന്ന 100 ദിന പരിപാടികളുടെ ഭാഗമായി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടര്‍ച്ചയായി 2022 ഫെബ്രുവരി 10 ന് പുതിയ 53 സ്‌കൂള്‍ കെട്ടിടങ്ങള്‍ കുട്ടികള്‍ക്ക് തുറന്നുകൊടുത്തു. 90 കോടി രൂപ ചെലവിട്ടാണ് ഈ 53 കെട്ടിടങ്ങള്‍ നിര്‍മിച്ചത്. ഒരു സ്‌കൂള്‍ കെട്ടിടത്തിന് 5 കോടി, 3 കോടി, 1 കോടി എന്നിങ്ങനെ വിവിധ സ്ളാബുകള്‍ ആയി ഫണ്ട് വകയിരുത്തിയാണ് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നത്. കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി ഒരു സ്‌കൂള്‍ കെട്ടിടത്തിന് 5 കോടി രൂപ എന്ന നിലയില്‍ 20 കോടി രൂപ ചെലവിട്ട് നാല് സ്‌കൂള്‍ കെട്ടിടങ്ങളും, ഒരു സ്‌കൂള്‍ കെട്ടിടത്തിന് 3 കോടി രൂപ എന്ന നിലയില്‍ 30 കോടി രൂപ ചിലവിട്ട് 10 സ്‌കൂള്‍ കെട്ടിടങ്ങളും, ഒരു സ്‌കൂള്‍ കെട്ടിടത്തിന് ഒരു കോടി രൂപ എന്ന നിലയില്‍ രണ്ട് സ്‌കൂള്‍ കെട്ടിടങ്ങളും പ്ലാന്‍, എംഎല്‍എ, നബാര്‍ഡ് ഫണ്ടുകളില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച 37 സ്‌കൂള്‍ കെട്ടിടങ്ങളുമാണ് പുതിയതായി പ്രവര്‍ത്തനമാരംഭിച്ചത്.
സംസ്ഥാനത്താകെ വിദ്യാകിരണം പദ്ധതിക്കായി കിഫ്ബി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 16,009 ഹൈടെക് ക്ലാസ്മുറികളില്‍ 1,19,051 ലാപ്ടോപ്പുകള്‍, 69,945 പ്രോജക്ടറുകള്‍, 43,250 മൗണ്ടിംഗ് ആക്സസറീസ് ക്ലാമ്പുകള്‍, 23,098 സ്‌ക്രീനുകള്‍, 4,545 ടെലിവിഷനുകള്‍, 4,609 പ്രിന്ററുകള്‍, 4,578 ക്യാമറകള്‍, 4,720 വെബ്ക്യാമറകള്‍, 1,00,439 സ്പീക്കറുകള്‍ തുടങ്ങിയവ സ്ഥാപിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ ഭരണകാലയളവില്‍ 89 സ്‌കൂള്‍ കെട്ടിടങ്ങളും 41 നവീകരിച്ച ഹയര്‍ സെക്കണ്ടറി ലാബുകളും പൂര്‍ത്തിയാക്കിയിരുന്നു. അതോടൊപ്പം 68 സ്‌കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നടത്തി. ഇതില്‍ 23 സ്‌കൂള്‍ കെട്ടിടങ്ങള്‍ കിഫ്ബിയുടെ 5 കോടി സ്‌കീമിലും, 14 കെട്ടിടങ്ങൾ 3 കോടി സ്‌കീമിലും, പ്ലാന്‍ ഫണ്ടും മറ്റു ഫണ്ടുകളും വിനിയോഗിച്ച് 52 സ്‌കൂള്‍ കെട്ടിടങ്ങളും നിര്‍മ്മിച്ചിരുന്നു.
അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാലയങ്ങളില്‍ എത്തിയതിന്റെ ഭാഗമായി പഠന നിലവാരം കൂടുതല്‍ മികവിലേയ്ക്കുയര്‍ന്നു. 2017- 2018 അക്കാദമിക വര്‍ഷം മുതല്‍ 2021-2022 അക്കാദമിക വര്‍ഷം വരെ നമ്മുടെ വിദ്യാലയങ്ങളില്‍ അധികമായെത്തിയത് 9.34 ലക്ഷം കുട്ടികളാണ്. പൊതുവിദ്യാഭാസ രംഗം കൂടുതല്‍ മെച്ചപ്പെട്ടതിന്റെ തെളിവാണിത്.