അദാലത്ത് തുണച്ചു; ആശ്വാസ തീരത്ത് റംലത്തും കുടുംബവും

post

വയനാട്: കിടപ്പാടത്തിന്റെ പ്രശ്‌നത്തിന് പരിഹാരമായതിന്റെ ആശ്വാസത്തിലാണ് പൊഴുതന ആറാം മൈല്‍ സ്വദേശിനി റംലത്തും  കുടുംബവും. ജില്ലയിലെ വിവിധ ബാങ്കുകളിലെ റവന്യൂ റിക്കവറി കുടിശ്ശിക നിവാരണത്തിനായി ബാങ്കുകളും  റവന്യുവകുപ്പും സംയുക്തമായി താലൂക്ക്തലങ്ങളില്‍ നടത്തിയ  മെഗാ അദാലത്തിലാണ് റംലത്തിന്റെ ലോണ്‍ കുടിശ്ശിക തീര്‍പ്പാക്കിയത്. അഞ്ച് വര്‍ഷം മുന്‍പാണ് വീടുപണിക്കു വേണ്ടി ഗ്രാമീണ ബാങ്കിന്റെ പൊഴുതന അച്ചൂരാനം ശാഖയില്‍ നിന്നും അമ്പതിനായിരം രൂപ ലോണ്‍ എടുത്തത്. തുടക്കത്തില്‍ ലോണ്‍ തിരിച്ചടവ് ക്യത്യമായിരുന്നു. അസുഖബാധിതയായതിനാല്‍ തിരിച്ചടവ് മുടങ്ങുകയും ലോണ്‍ കുടിശ്ശിക പലിശയടക്കം ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയായുകയും ചെയ്തു. ഭര്‍ത്താവ് ഉപേക്ഷിച്ച റംലത്ത് മകനും കുടുംബത്തോടുമൊപ്പമാണ്  താമസിക്കുന്നത്. റിക്കവറി നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് 2ന് കല്‍പ്പറ്റ എസ്.കെ.എം.കെ സ്‌കൂള്‍ ജൂബിലി ഹാളില്‍ നടന്ന  അദാലത്തില്‍ പങ്കെടുക്കുകയും ബാങ്ക് അധികൃതരുമായി സംസാരിക്കുകയും ചെയ്തു. അതോടെ റംലയ്ക്ക് അടയ്‌ക്കേണ്ടിയിരുന്ന ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ, ഇരുപതിനായിരമായി പരിമിതപ്പെടുത്തി നല്‍കി.അദാലത്തിലൂടെ തന്റെ ലോണ്‍ കുടിശ്ശികയ്ക്ക് പരിഹാരമായതിന്റെ സന്തോഷത്തിലാണ് റംലത്ത് വീട്ടിലേക്ക് മടങ്ങിയത്.




അമ്മയുടെ ലോണ്‍ കുടിശ്ശിക തീര്‍പ്പാക്കി ജോയിയും

മരിക്കുന്നതിന് 6 വര്‍ഷം മുന്‍പ്  ബാങ്കില്‍ നിന്നും അമ്മ എടുത്ത ലോണിന്റെ കുടിശ്ശിക റവന്യു റിക്കവറി അദാലത്തിലൂടെ തീര്‍പ്പാക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ്  ചേരിയം കൊല്ലി ചാത്തോളില്‍ ജോയിയും. പത്ത് വര്‍ഷം മുന്‍പ് ജോയിയുടെ അമ്മ കേരള ഗ്രാമീണ്‍ ബാങ്കിന്റെ കെല്ലൂര്‍ ശാഖയില്‍ നിന്നും പശുവിനെ വാങ്ങിക്കുന്നതിനും കൃഷി ആവശ്യങ്ങള്‍ക്കുമായി യഥാക്രമം 16000, 19000 രൂപ വീതം ലോണ്‍ എടുത്തിരുന്നു. അമ്മ ലോണ്‍ എടുത്ത കാര്യം അറിയാമായിരുന്നെങ്കിലും കഴിഞ്ഞ മാസം 22 ാം തീയതി  ബാങ്കില്‍ നിന്നും വന്ന റിക്കവറി നോട്ടീസ്  കൈയ്യില്‍ കിട്ടിയതോടെയാണ് ലോണ്‍ കുടിശ്ശികയായ വിവരങ്ങള്‍ ജോയിക്ക് ബോധ്യപ്പെട്ടത്.  പലിശയും മുതലുമടക്കം 91000 രൂപയാണ് ബാങ്കില്‍ തിരിച്ചടക്കേണ്ടിയിരുന്നത്. നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന്  ബുധനാഴ്ച്ച കല്‍പ്പറ്റ എസ്.കെ.എം.ജെ  സ്‌കൂളില്‍ നടന്ന റവന്യു റിക്കവറി കുടിശ്ശിക നിവാരണ അദാലത്തില്‍ ജോയി പങ്കെടുക്കുകയും ബാങ്ക് അധികൃതരുമായി സംസാരിക്കുകയും ചെയ്തു. അടക്കേണ്ടിയിരുന്ന തുകയായ  91000 രൂപ 17500 രൂപയായി അധികൃതര്‍  പരിമിതപ്പെടുത്തി നല്‍കി. അമ്മയുടെ പേരിലുണ്ടായിരുന്ന സാമ്പത്തിക ബാധ്യതക്ക് പരിഹാരം കണ്ടെത്താന്‍ അദാലത്തിലൂടെ സാധിച്ചെന്നും അദാലത്ത് സംഘടിപ്പിച്ച ബന്ധപ്പെട്ട അധികൃതരോട് ഒരുപാട് നന്ദിയുണ്ടെന്നും ജോയി പറഞ്ഞു.ഒപ്പം ഇത്തരത്തിലുള്ള അദാലത്തുകളെ കാര്യക്ഷമമായി ഉപയോഗിക്കാന്‍ നാം തയാറാകണമെന്ന്  പൊതുസമൂഹത്തോട് അഭ്യര്‍ത്ഥിക്കാനും ജോയി മറന്നില്ല.




റവന്യൂ റിക്കവറി കുടിശ്ശിക നിവാരണത്തിനായി ജില്ലയിലെ ബാങ്കുകളും  റവന്യുവകുപ്പും സംയുക്തമായിട്ടാണ് റവന്യൂ റിക്കവറി കുടിശ്ശിക നിവാരണ മെഗാ അദാലത്ത്  സംഘടിപ്പിക്കുന്നത്.  വൈത്തിരി   താലൂക്കിലെ 18 വില്ലേജുകളുടെ അദാലത്തിനാണ് ബുധനാഴ്ച്ച എസ്.കെ.എം.ജെ സ്‌കൂള്‍ ജൂബിലി ഹാള്‍ വേദിയായത്. അദാലത്തില്‍  ജില്ലാ കളക്ടര്‍ എ ഗീത സന്ദര്‍ശനം നടത്തി.  അദാലത്തില്‍ പങ്കെടുത്ത് കുടിശ്ശിക തീര്‍ക്കുന്നവര്‍ക്ക് അര്‍ഹിക്കുന്ന ഇളവുകള്‍ നല്‍കുന്നതിനുളള നടപടികള്‍ ബാങ്ക് അധികൃതര്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. എ.ഡി.എം എന്‍.ഐ ഷാജു , ഫിനാന്‍സ് ഓഫീസര്‍ ദിനേശന്‍ എ.കെ, തുടങ്ങിയിവര്‍  ഒപ്പം   ഉണ്ടായിരുന്നു. വൈത്തിരി താലൂക്ക്തല അദാലത്ത് നാളെ സമാപിക്കും. മാനന്തവാടി, ബത്തേരി താലൂക്ക്തല അദാലത്തുകള്‍ വരും ദിവസങ്ങളില്‍ നടക്കും.