മുഖച്ഛായ മാറുന്ന കലാലയങ്ങൾ; 125 കോളജുകളിൽ 568 കോടിയുടെ പ്രവർത്തനങ്ങൾ

post

മികവോടെ മുന്നോട്ട്- 23


കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ ഗുണമേന്മയുളള സൗകര്യങ്ങൾകൊണ്ടുവരാൻ സംസ്ഥാന സർക്കാർ വലിയരീതിയിലുളള വിവിധതരം പദ്ധതികളാണ് തയാറാക്കിയിട്ടുളളത്. ലോകമാതൃകയിലേക്ക് കലാലയങ്ങളെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ഇതിന്റെ ഭാഗമായി പശ്ചാത്തല സൗകര്യ വികസനം പൂർത്തിയാക്കിയ 29 കലാലയങ്ങളിലെ പദ്ധതികൾ ഈ മാസത്തോടെ വിദ്യാർത്ഥികൾക്കായി തുറന്നു നൽകും. റൂസ പദ്ധതിയുടെ ഭാഗമായി നിർമിച്ച കെട്ടിടങ്ങളാണ് ഈ മാസത്തോടെ പ്രവർത്തനസജ്ജമാകുന്നത്. കലാലയങ്ങളുടെ മുഖച്ഛായ മാറ്റുന്ന വികസന പ്രവൃത്തികളിൽ സർക്കാർ കോളജുകൾക്കു പുറമേ ആദ്യമായി സർക്കാർ എയ്ഡഡ് കോളജുകൾക്കും സഹായം ലഭിക്കും.


പൊതുകലാലയങ്ങളിൽ അക്കാദമിക് സൗകര്യങ്ങളും പശ്ചാത്തല സൗകര്യങ്ങളും വിപുലീകരിക്കുന്നതിന് രണ്ടുഘട്ടങ്ങളിലായി 568 കോടി രൂപയാണ് ചെലവാക്കുന്നത്. ആദ്യഘട്ടത്തിൽ 194 കോടിയും രണ്ടാംഘട്ടത്തിൽ 374 കോടിയുമാണു ചെലവാക്കുന്നത്. ഇതിൽ 40 ശതമാനം സംസ്ഥാന സർക്കാരിന്റെ വിഹിതമാണ്.  


ഒന്നാംഘട്ട വികസനത്തിനുള്ള 194 കോടിയിൽ ആറു സർവകലാശാലകൾക്ക് 20 കോടി രൂപ വീതവും 22 സർക്കാർ കോളജുകൾക്ക് രണ്ടു കോടി രൂപ വീതവും ഒന്നാംഘട്ടത്തിൽ നൽകിയിരുന്നു. സർവകലാശാലകളിലേയും കോളജുകളിലേയും പശ്ചാത്തല സൗകര്യ വികസനം, നിലവിലുള്ള കലാലയങ്ങളെ മോഡൽ കോളജുകളാക്കി മാറ്റൽ, പെൺകുട്ടികൾക്കും ഭിന്നശേഷി വിഭാഗങ്ങൾക്കും പ്രത്യേക സൗകര്യങ്ങൾ ലഭ്യമാക്കുന്ന തുല്യതാ സംരംഭങ്ങൾ, അധ്യാപക ഗുണമേന്മാ വർധനവിനുള്ള പരിശീലന പരിപാടികൾ, അന്തർദേശീയ - ദേശീയ സെമിനാറുകളും ശിൽപശാലകളും എന്നിവയ്ക്കുള്ള ആറു ഘടകങ്ങൾ ഉൾപ്പെട്ടതായിരുന്നു ഒന്നാംഘട്ടം.


രണ്ടാംട്ടത്തിൽ 125 കോളേജുകളിലാണ് പശ്ചാത്തല സൗകര്യവികസനം നടത്തിക്കൊണ്ടിരിക്കുന്നത്. അതിൽ 29 കോളേജുകളാണ് ഈ മാസത്തോടെ പൂർണ്ണമായും വിദ്യാർത്ഥികൾക്കായി തയ്യാറാകുന്നത്. ഗവേഷണ നിലവാരം ഉയർത്തൽ, സ്വയംഭരണ കോളജുകളുടെ മികവുകൂട്ടൽ, മോഡൽ കോളേജുകൾ ആരംഭിക്കൽ, കലാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം എന്നീ നാലു ഘടകങ്ങൾ ആണ് രണ്ടാം ഘട്ടത്തിൽ ഉളളത്. നിർമാണം പൂർത്തിയായ കോളജുകളിൽ ആധുനിക ഗവേഷണ സൗകര്യങ്ങളോടുകൂടിയ പ്രത്യേക ബ്ലോക്കുകൾ, പുതുതലമുറ ലാബ് സൗകര്യങ്ങൾ, പുതിയ ക്ലാസ് മുറികൾ, ലൈബ്രറി കെട്ടിടങ്ങൾ, ജിം സൗകര്യങ്ങളോടുകൂടിയ കായിക വികസന പദ്ധതികൾ, സ്പോർട്‌സ് ഗ്യാലറികൾ, സെമിനാർ ഹാളുകൾ, ഓഡിറ്റോറിയങ്ങൾ, പെൺകുട്ടികൾക്കുള്ള പ്രത്യേക സൗകര്യങ്ങൾ, ശുചിമുറികൾ, കുടിവെള്ള വിതരണ സംവിധാനങ്ങൾ, വിശ്രമമുറികൾ തുടങ്ങിയവ ഇവിടങ്ങളിൽ സജ്ജമാക്കിയിട്ടുണ്ട്.


രണ്ടാംഘട്ടത്തിൽ പൂർത്തീകരിക്കാനുളള 96 കോളജുകളുടെ പശ്ചാത്തല സൗകര്യ വികസനം പരമാവധി വേഗത്തിൽ പൂർത്തീകരിക്കാനാണ് കേരളസർക്കാർ ലക്ഷ്യമിടുന്നത്.