വൈക്കം സത്യഗ്രഹ സ്മരണയിൽ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം
അടിസ്ഥാന സൗകര്യം ഓരോരുത്തർക്കും ലഭ്യമായാലേ സ്വാതന്ത്ര്യം അർത്ഥപൂർണമാകൂ: മന്ത്രി വി.എൻ. വാസവൻ
കോട്ടയം: ഓരോരുത്തർക്കും വസ്ത്രവും ഭക്ഷണവും താമസവുമുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യം ലഭ്യമായാലേ സ്വാതന്ത്ര്യം അർത്ഥപൂർണമാകൂവെന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച അനുസ്മരണ-പ്രഭാഷണ പരിപാടി വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങൾ നേടിയെടുക്കാൻ സ്വാതന്ത്ര്യാഭിവാഞ്ജയോടെ നടന്ന സംഘടിത സമരമായിരുന്നു വൈക്കം സത്യഗ്രഹമെന്നും മഹാത്മാഗാന്ധിയടക്കമുള്ളവർ പങ്കാളികളായതോടെ സത്യഗ്രഹ സമരം ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടെന്നും മനുഷ്യാവകാശ പ്രക്ഷോഭങ്ങൾക്ക് വളമേകിയെന്നും മന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യത്തിനു മുൻപുള്ള കാലത്തു നിന്ന് സൗകര്യങ്ങൾ മാറുന്നതാണ് യഥാർത്ഥ സ്വാതന്ത്യം. തുല്യ അവസരവും പങ്കാളിത്തവും എല്ലാ മേഖലയിലും വന്നാലേ സ്വാതന്ത്ര്യം പൂർണമായി പ്രാപ്യമാകൂ. സാമ്പത്തികമായ അസമത്വം നിലനില്ക്കുന്നിടത്തോളം അടിമത്തം നിലനിലനിൽക്കുന്നു. അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ഏതു മതത്തിൽ വിശ്വസിക്കാനും ആരാധിക്കാനുമുള്ള സ്വാത്രന്ത്ര്യം വേണം. അസ്വാതന്ത്ര്യത്തിന്റെ അസ്വാരസ്യങ്ങൾ പൈതൃക മൂല്യത്തെ ശിഥിലമാക്കാൻ ശ്രമിക്കുന്നു. ഭരണഘടന നെഞ്ചിലേറ്റി മതേതരത്വ ജനാധിപത്യ മൂല്യങ്ങളെ കാത്തുസൂക്ഷിക്കാൻ കഴിയണമെന്നും മന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം പിന്നിടുമ്പോൾ നാം ആഗ്രഹിച്ചതു പോലെ സ്വാതന്ത്ര്യം യഥാർഥ അർത്ഥത്തിൽ പൗരന്മാർക്ക് ലഭിച്ചിട്ടുണ്ടോയെന്ന് നാം പുനർചിന്തനം നടത്തേണ്ടതുണ്ടെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച സി.കെ. ആശ എം.എൽ.എ. പറഞ്ഞു. മനുഷ്യന്റെ സഞ്ചാര സ്വാതന്ത്ര്യത്തിനായി വൈക്കം സത്യാഗ്രഹം നടന്ന് വർഷങ്ങൾ പിന്നിട്ടിട്ടും ഇന്നും ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും അവർണ്ണർക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നുണ്ട്. അത്തരം നിഷേധാത്മക സമീപനങ്ങൾക്ക് എതിരെ സമൂഹത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ശക്തമായ ഇടപെടലുകൾ ഉണ്ടാവണമെന്നും എം.എൽ.എ. പറഞ്ഞു.
പൗരാവകാശത്തിനുവേണ്ടി നടന്ന വൈക്കം സത്യഗ്രഹം പിന്നീട് ഇന്ത്യയിൽ വിവിധയിടങ്ങളിൽ നടന്ന പൗരാവകാശ-സ്വാതന്ത്ര്യ പ്രക്ഷോഭങ്ങൾക്കും മുന്നേറ്റങ്ങൾക്കും കരുത്തും ഊർജ്ജവുമേകിയെന്ന് വൈക്കം സത്യാഗ്രഹവും സ്വാതന്ത്ര്യാഭിവാഞ്ഛയും' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തിയ സാഹിത്യപ്രവർത്തക സഹകരണ സംഘം പ്രസിഡന്റ് അഡ്വ. പി.കെ. ഹരികുമാർ പറഞ്ഞു.
ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ പൊതു വിദ്യാഭ്യാസo - തദ്ദേശ സ്വയംഭരണ വകുപ്പുകൾ, വൈക്കം നഗരസഭ, ബ്ലോക്ക് പഞ്ചായത്ത്, കുടുബശ്രീ, ജില്ലാ ലൈബ്രറി കൗൺസിൽ, സാക്ഷരത മിഷൻ, ജില്ലാ ഭരണകൂടം, നെഹ്‌റു യുവകേന്ദ്ര എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.