പൊതുവിദ്യാലയങ്ങളില്‍ 42 ടിങ്കറിംഗ് ലാബുകള്‍ ഉടന്‍

post


കൊല്ലം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഈ മാസം അവസാനത്തോടെ 42 ടിങ്കറിംഗ് ലാബുകള്‍ സജ്ജീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. ചവറ കൊറ്റന്‍കുളങ്ങര വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജില്ലയിലെ ആദ്യ ടിങ്കറിംഗ് ലാബ് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അഞ്ച് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളില്‍ ശാസ്ത്ര അഭിരുചിയും പഠനവും ക്രിയാത്മകവും ആസ്വാദ്യകരവുമാക്കി മാറ്റുന്നതിനുള്ള അതി നൂതന ശാസ്ത്ര-സാങ്കേതിക സംരംഭമാണ് ഇത്തരം ലാബുകള്‍. സമഗ്രശിക്ഷ കേരള വഴി അനുവദിച്ച 10 ലക്ഷം രൂപയാണ് സജ്ജീകരിക്കാനുള്ള ചിലവ്. നിര്‍മ്മിതബുദ്ധി, നൂതന സാങ്കേതികവിദ്യ എന്നിവയുടെ പരിചയവും പ്രയോഗവും സാധ്യമാകുന്ന ലാബില്‍ റോബോട്ടിക്‌സ്, കോഡിംഗ്, സെന്‍സര്‍ ടെക്‌നോളജി തുടങ്ങിയ ആധുനിക സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സ്വയം പ്രവര്‍ത്തിച്ച് പഠിക്കാവുന്ന ഉപകരണങ്ങളുടെ കിറ്റ്, ത്രീഡി പ്രിന്റര്‍ എന്നിവയുമുണ്ട്. നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് ഇന്‍സ്ട്രക്ടര്‍മാരും അധ്യാപകരും ഉണ്ടാകും. മറ്റ് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കാനും മത്സരങ്ങളും ചര്‍ച്ചകളും നടത്തുവാനുള്ള അവസരവും ഇവിടെ ഒരുക്കും. പുത്തൂര്‍ - എരൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും സംവിധാനം ഏര്‍പ്പെടുത്തും.

 പൊതുവിദ്യാഭ്യാസ മേഖലയിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് വിദ്യാകിരണം പദ്ധതി കൂടുതല്‍ ജനകീയമാക്കും. സ്‌കൂളുകള്‍ക്ക് ആവശ്യമുള്ള ഉപകരണങ്ങള്‍, ലാബ് സൗകര്യം, ലൈബ്രറികള്‍ എന്നിവ സജ്ജീകരിക്കും. അഞ്ചു കോടി രൂപ വീതം ചിലവില്‍ 141 കെട്ടിടങ്ങള്‍ പൊതുവിദ്യാലയങ്ങള്‍ക്ക് അനുവദിച്ചിട്ടുണ്ട്. 125 എണ്ണം ഉദ്ഘാടനം ചെയ്തു. മൂന്നു കോടി രൂപ ചിലവില്‍ 386 കെട്ടിടങ്ങള്‍ക്കാണ് അനുമതി. ഇതില്‍ 114 കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്തുകഴിഞ്ഞു. മറ്റുള്ളവയുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. വരുന്ന അധ്യയന വര്‍ഷം മുതല്‍ സ്‌കൂള്‍ ശാസ്ത്രമേള പുനരാരംഭിക്കും. 'വായനയുടെ വസന്തം' പദ്ധതിയിലൂടെ 10 കോടി രൂപയുടെ പുസ്തകങ്ങള്‍ നല്‍കി പൊതുവിദ്യാലയങ്ങളിലെ ലൈബ്രറികള്‍ വിപുലീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

വിദ്യാഭ്യാസ രംഗത്ത് അതിനൂതന ഭൗതികമാറ്റങ്ങള്‍ സാധ്യമാക്കാന്‍ സര്‍ക്കാരിന് സാധിച്ചതായി അധ്യക്ഷനായ ഡോ. സുജിത്ത് വിജയന്‍പിള്ള എം.എല്‍.എ പറഞ്ഞു.