യുക്രെയിനില്‍നിന്ന് 486 പേരെ കൂടി കേരളത്തില്‍ എത്തിച്ചു

post


യുക്രെയിനില്‍നിന്ന് ഓപ്പറേഷന്‍ ഗംഗ രക്ഷാദൗത്യത്തിന്‍റെ ഭാഗമായി ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളിലെത്തി 486 മലയാളികളെക്കൂടി സംസ്ഥാന സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ ഞായറാഴ്ച (06 മാര്‍ച്ച്) കേരളത്തില്‍ എത്തിച്ചു. ഇതോടെ യുക്രെയിനിന്നെത്തിയവരില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ കേരളത്തിലേക്ക് എത്തിച്ചവരുടെ ആകെ എണ്ണം 2082 ആയി.


ഞായറാഴ്ച ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് 354 പേരെയും മുംബൈയില്‍നിന്ന് 132 പേരെയുമാണു കേരളത്തിലേക്ക് എത്തിച്ചത്. ഡല്‍ഹിയില്‍നിന്നു മലയാളി വിദ്യാര്‍ഥികള്‍ അടക്കമുള്ളവരെ കേരളത്തിലേക്കെത്തിക്കാന്‍ കൊച്ചിയിലേക്കു പ്രത്യേക ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നു(06 മാര്‍ച്ച്) പുലര്‍ച്ചെ നാലിനു കൊച്ചിയിലെത്തിയ വിമാനത്തില്‍ 174 പേരും വൈകിട്ട് 6.45ന് എത്തിയ വിമാനത്തില്‍ 180 പേരും ഉണ്ടായിരുന്നു. 


മുംബൈയിലെത്തിയ 132 പേരില്‍ 22 പേരെ കോഴിക്കോട് വിമാനത്താവളത്തിലും 21 പേരെ കണ്ണൂരിലും 89 പേരെ കൊച്ചിയിലും എത്തിച്ചു. ഇന്നു രാത്രിയും ഡല്‍ഹിയില്‍നിന്നു ചാര്‍ട്ടേഡ് വിമാനങ്ങള്‍ കൊച്ചിയില്‍ എത്തുന്നുണ്ട്. കൊച്ചിയില്‍ എത്തുന്നവരെ സ്വദേശങ്ങളില്‍ എത്തിക്കാന്‍ വിമാനത്താവളത്തില്‍നിന്നു നോര്‍ക്ക റൂട്സിന്‍റെ നേതൃത്വത്തില്‍ പ്രത്യേക ബസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരെ സഹായിക്കുന്നതിനു വനിതകള്‍ അടക്കമുള്ള ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. യാത്രക്കാരുടെ സഹായത്തിന് ആറോഗ്യ വകുപ്പിന്‍റെ പ്രത്യേക ഹെല്‍പ്പ് ഡെസ്കും വിമാനത്താവളങ്ങളില്‍ പ്രവര്‍ത്തിക്കുന്നു.


(വൈകിട്ട് 6.45 വരെയുള്ള കണക്കുകള്‍ ഉള്‍പ്പെടുത്തി തയാറാക്കിയത്)