ലിംഗസമത്വ സന്ദേശവുമായി സാംസ്‌കാരിക വകുപ്പിന്റെ സമം വനിതാ ദിനാഘോഷം

post

തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാദിനമായ ഇന്നു (മാർച്ച് 8) മുതൽ മൂന്ന് ദിവസങ്ങളിലായി സംസ്‌കാരിക വകുപ്പിന്റെ ബോധവൽക്കരണ പദ്ധതിയായ സമത്തിന്റെ ആഭിമുഖ്യത്തിൽ വിപുലമായ വനിതാദിനാഘോഷ പരിപാടികൾ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ അരങ്ങേറും. സ്ത്രീ സമത്വത്തിനായി സാംസ്‌കാരിക മുന്നേറ്റം എന്ന സന്ദേശമുയർത്തി ആവിഷ്‌കരിച്ച ഒരു വർഷം നീളുന്ന ബോധവൽക്കരണ പരിപാടിയാണ് സമം. സാംസ്‌കാരിക, യുവജനകാര്യ വകുപ്പുകൾക്ക് കീഴിലെ വിവിധ സ്ഥാപനങ്ങൾ, എസ്.പി.സി, എൻ.എസ്.എസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിലാണ് സമം പരിപാടി നടപ്പിലാക്കുന്നത്. ലിംഗസമത്വം അടിസ്ഥാന പൗരാവകാശമെന്ന സന്ദേശമാണ് 'സമം' മുന്നോട്ടുവയ്ക്കുന്നത്.

ഇന്നത്തെ ലിംഗസമത്വം നാളത്തെ സുസ്ഥിരവികസനം എന്ന ആശയമാണ് 2022ലെ അന്താരാഷ്ട്ര വനിതാദിനം മുന്നോട്ടു വെയ്ക്കുന്നത്. ഈ ആശയം ഉൾകൊണ്ടാണ് സമം അന്താരാഷ്ട്ര വനിതാദിനാഘോഷ പരിപാടികൾ വിഭാവനം ചെയ്തിരിക്കുന്നത്. 

രണ്ടാം ദിനമായ മാർച്ച് 9 ന് സ്ത്രീധന നിരോധനം- നിയമപ്രശ്‌നങ്ങളും സാധ്യതകളും എന്ന വിഷയത്തിൽ സംവാദവും സ്ത്രീയും നിയമപരിരക്ഷയും എന്ന വിഷയത്തിൽ സെമിനാറും നടക്കും. തുടർന്ന് വിവിധ കോളേജുകളിലെ വിദ്യാർഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ അരങ്ങേറും. വൈകിട്ട് 6ന് ഇന്റർനാഷണൽ പെർഫോർമിംഗ് ആർട്‌സുമായി സഹകരിച്ച് ഭാരത് ഭവൻ ഒരുക്കുന്ന സാംസ്‌കാരിക വിനിമയോത്സവത്തിന്റെ ഉദ്ഘാടനം സാംസ്‌ക്കാരികവകുപ്പ് മന്ത്രി സജിചെറിയാൻ നിർവഹിക്കും. മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി മുഖ്യപ്രഭാഷണം നടത്തും. രാജ്യസഭാ എം.പി ഡോ. അമർ പട്‌നായിക് മുഖ്യാതിഥിയായി പങ്കെടുക്കും. തുടർന്ന് ശിവാനി ശർമ അവതരിപ്പിക്കുന്ന കഥക്, ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയുടെ നേതൃത്വത്തിലുള്ള മാജിക് ഷോ, കനൽപൊട്ട് സ്ത്രീപക്ഷ നൃത്തശില്പാവിഷ്‌കാരം, മിനി മനോജ് അവതരിപ്പിക്കുന്ന മോഹിനിയാട്ടം, പെൺ പോരിമ ഡാൻസ് ഷോ എന്നിവയും നടക്കും.

അവസാന ദിനമായ മാർച്ച് 10 ന് രാവിലെ നടക്കുന്ന സ്ത്രീ ശാക്തീകരണം- ലിംഗ സമത്വം സെമിനാർ വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും. തുടർന്ന് നാഷണൽ സർവീസ് സ്‌കീം അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ, ഹരിദാസ് സന്തൂറും സംഘവും അവതരിപ്പിക്കുന്ന സന്തൂർ മ്യൂസിക്, സതീഷ് കുമാറും സംഘവും അവതരിപ്പിക്കുന്ന മയൂര നൃത്തം, ട്രാൻസ്ജണ്ടേഴ്‌സ് അവതരിപ്പിക്കുന്ന ക്ലാസിക്കൽ ഫ്യൂഷൻ ഡാൻസ്, ഫാഷൻ ഷോ, തേജസ്വിനി ഗൗതം അവതരിപ്പിക്കുന്ന ഒഡീസി നൃത്തം, പെൺപാവക്കൂത്ത് എന്നിവയും നടക്കും. വൈകിട്ട് 5 ന് നടക്കുന്ന സമാപന സമ്മേളനം മുൻ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിക്കും. വിവിധ സാംസ്‌കാരിക സ്ഥാപനങ്ങൾ, കുടുംബശ്രീ എന്നിവയുടെ സ്റ്റാളുകൾ, പുസ്തകശാലകൾ തുടങ്ങിയവയും ഇതോടനുബന്ധിച്ചു ടാഗോർ തിയേറ്ററിൽ ഉണ്ടാകും.