വനിതകള്‍ക്കായി ഗ്രാമയാത്രയും വിനോദയാത്രയും ഒരുക്കി കെഎസ്ആര്‍ടിസി

post

പാലക്കാട്‌ : ലോകവനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീശാക്തീകരണ സന്ദേശ പ്രചരണാര്‍ത്ഥം വനിതകള്‍ക്കായി ഗ്രാമയാത്രയും വിനോദയാത്രയും ഒരുക്കി കെഎസ്ആര്‍ടിസി. മാര്‍ച്ച് എട്ട് മുതല്‍ 13 വരെ വനിതകള്‍ക്ക് മാത്രമായാണ് കെഎസ്ആര്‍ടിസി പ്രത്യേക ഉല്ലാസയാത്രകള്‍ ഒരുക്കുന്നത്. മാര്‍ച്ച് എട്ടിന് എറണാകുളം വണ്ടര്‍ലായിലേക്കാണ് ആദ്യ ഏകദിന ഉല്ലാസയാത്ര. രാവിലെ 6.30 ന് പാലക്കാട് കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡില്‍ നിന്ന് യാത്ര  ആരംഭിക്കും. കൊച്ചിമെട്രോ, ലുലുമാള്‍ എന്നിവ സന്ദര്‍ശിച്ച് രാത്രി 9.30 ന് പാലക്കാട് കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡില്‍ എത്തുന്ന രീതിയിലാണ് ക്രമീകരണം.


1285 രൂപയാണ് ചിലവ്. നെല്ലിയാമ്പതിയിലേക്ക് ഒമ്പതാം തീയതി മുതല്‍ യാത്ര തുടങ്ങും. 35 വനിതകള്‍ ഉള്‍പ്പെടുന്ന യാത്രികര്‍ക്കാണ് അവസരം. രണ്ട് ബസുകള്‍ ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. പാലക്കാടിന്റെ ഗ്രാമീണഭംഗി അടുത്തറിയുന്നതിനായി ഗ്രാമയാത്ര എന്ന പേരില്‍1 2ന് കല്‍പാത്തിയുടെ ഉള്‍വഴികളിലൂടെ കെ.എസ്.ആര്‍.ടി.സി യാത്ര ഒരുക്കിയിട്ടുണ്ട്. കല്‍പാത്തി ഗ്രാമത്തിലൂടെ സഞ്ചരിച്ച ശേഷം രാമശ്ശേരി വഴി രാമശ്ശേരി ഇഡ്ഡലി കഴിച്ച് രാമശ്ശേരിയിലെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിക്കും. മലയാള മനോരമ കര്‍ഷകശ്രീ അവാര്‍ഡ് ജേതാവ് ഭുവനേശ്വരിയുടെ വീട് സന്ദര്‍ശിക്കും. അവിടെ വനിതാദിനത്തോടനുബന്ധിച്ച്  മാതൃത്വത്തിന്റെ പ്രസക്തി വിളിച്ചോതി പൂതപ്പാട്ടിന്റെ ദൃശ്യാവിഷ്‌കാരം സംഘടിപ്പിക്കുമെന്ന് അധ്യകൃതര്‍ അറിയിച്ചു. ശേഷം ചുള്ളിയാര്‍ ഡാം, മുതലമട എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് രാത്രി ഒമ്പത് മണിയോടെ മടങ്ങും. പരിപാടിയുടെ ഭാഗമായി വനിതാ യാത്രികരെ കെ.എസ്.ആര്‍.ടി.സി ആദരിക്കുമെന്ന് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.