നവീകരിച്ച സീ പാത്ത് വേയും സീ വ്യൂ പാർക്കും ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

post

ടൂറിസം കേന്ദ്രങ്ങളുടെ പരിപാലനം പ്രധാന ഉത്തരവാദിത്തമായി ഏറ്റെടുക്കണം: മന്ത്രി മുഹമ്മദ് റിയാസ്

കണ്ണൂർ: കണ്ണൂർ ഗവ. ഗസ്റ്റ്ഹൗസിന് സമീപം നവീകരിച്ച സീ പാത്ത് വേ, സീ വ്യൂ പാർക്ക് എന്നിവ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളുടെ പരിപാലനം പ്രധാന ഉത്തരവാദിത്തമായി ഏറ്റെടുക്കണമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിൽ നിരവധി പുതിയ ടൂറിസം കേന്ദ്രങ്ങൾ വരുന്നുണ്ട്. എന്നാൽ നിലവിലുള്ളതിന്റെ പരിപാലനത്തിൽ പോരായ്മകളുണ്ട്. അതിനാൽ പരിപാലനം പ്രധാന ഉത്തരവാദിത്തമായി ഏറ്റെടുക്കണം. ടൂറിസം മേഖലയിൽ വലിയ മാറ്റമാണ് സർക്കാർ കൊണ്ടുവന്നത്. കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ചതും ഈ മേഖലയെയാണ്. എന്നാൽ ടൂറിസം വകുപ്പ് പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട് പോവുകയാണ്. മലബാർ ടൂറിസത്തിന്റെ വികാസം കേരള ടൂറിസത്തിന് കൂടുതൽ കരുത്ത് നൽകുമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.



സംസ്ഥാന ടൂറിസം വകുപ്പ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ മുഖേന 50 ലക്ഷം രൂപ ചെലവിലാണ് സീ പാത്ത് വേയും സീവ്യൂ പാർക്കും നവീകരിച്ചത്. പുതിയ ടിക്കറ്റ് കൗണ്ടർ, ശുചിമുറി ബ്ലോക്ക്, കിയോസ്‌ക്, ശിൽപങ്ങൾ, ചെസ് ബോർഡ്, ലൈറ്റുകൾ, ഇരിപ്പിടങ്ങൾ, വാർലി പെയിന്റിംഗ്, ഗെയ്റ്റ്, ജലസേചന സംവിധാനം, കളിയുപകരണങ്ങൾ, ഡസ്റ്റ് ബിൻ തുടങ്ങിയവയാണ് ഒരുക്കിയിട്ടുള്ളത്. 500 മീറ്ററോളം നീളത്തിലാണ് നടപ്പാത. മുതിർന്നവർക്ക് 20 രൂപയും ആറ് മുതൽ 12 വരെ പ്രായമുള്ളവർക്ക് 10 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ആറ് വയസ്സിൽ താഴെയുള്ളവർക്ക് പ്രവേശനം സൗജന്യമാണ്. വനിതാ ദിനത്തോടനുന്ധിച്ച് മാർച്ച് എട്ടിനും ഒമ്പതിനും മുഴുവൻ പേർക്കും പ്രവേശനം സൗജന്യമായിരിക്കും. രാവിലെ എട്ട് മുതൽ രാത്രി എട്ട് മണി വരെയാണ് പാർക്കിന്റെ പ്രവർത്തന സമയം.