സാംസ്കാരിക വകുപ്പിന്റെ സമം വനിതാദിനാഘോഷ പരിപാടികൾക്ക് തുടക്കം

post

തിരുവനന്തപുരം: സാംസ്കാരിക വകുപ്പിന്റെ സമം വനിതാദിനാഘോഷ പരിപാടികൾക്ക് ടാഗോർ തിയേറ്ററിൽ തുടക്കമായി. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു, സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐ.എ.എസ്, കവയിത്രി റോസ്മേരി, നടി ലക്ഷ്മി ഗോപാലസ്വാമി, ഒളിമ്പ്യന്‍ കെ.സി ലേഖ, കെ.എസ്.എഫ്.ഡി.സി എം.ഡി മായ ഐ.എഫ്.എസ്, പ്രശസ്ത അഭിഭാഷിക അഡ്വ. ഗീനാകുമാരി, നടി കെ.പി.എ.സി ലീല എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു. സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു എന്നിവർ മുഖ്യപ്രഭാഷണം നിർവഹിച്ചു. അടുത്ത മൂന്ന് ദിനങ്ങളിലായി വൈവിദ്ധ്യമാർന്ന പരിപാടികൾ വനിതാദിനാഘോഷത്തിന്റെ ഭാഗമായി അരങ്ങേറും.

സ്ത്രീ സമത്വത്തിനായി സാംസ്‌കാരിക മുന്നേറ്റം എന്ന സന്ദേശമുയർത്തി ആവിഷ്‌കരിച്ച ഒരു വർഷം നീളുന്ന ബോധവൽക്കരണ പരിപാടിയാണ് സമം. സാംസ്‌കാരിക, യുവജനകാര്യ വകുപ്പുകൾക്ക് കീഴിലെ വിവിധ സ്ഥാപനങ്ങൾ, എസ്.പി.സി, എൻ.എസ്.എസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിലാണ് സമം പരിപാടി നടപ്പിലാക്കുന്നത്. ലിംഗസമത്വം അടിസ്ഥാന പൗരാവകാശമെന്ന സന്ദേശമാണ് 'സമം' മുന്നോട്ടുവയ്ക്കുന്നത്.