രണ്ടാം പട്ടയമേള പുനലൂരില്‍; 1,062 പട്ടയങ്ങള്‍ വിതരണം ചെയ്യും

post

കൊല്ലം: ജില്ലാതല പട്ടയമേളയില്‍ 1,062 പട്ടയങ്ങള്‍ കൂടി പുതുതായി വിതരണം ചെയ്യുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം അറിയിച്ചത്. റവന്യൂ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഏപ്രിലില്‍ പുനലൂരില്‍ നടക്കുന്ന പട്ടയമേള ജില്ലയില്‍ രണ്ടാമത്തേതാണ്. പുനലൂര്‍ പേപ്പര്‍ മില്ലിലെ 125 ഏക്കര്‍ മിച്ചഭൂമി ഏറ്റെടുത്ത് നിലവിലെ താമസക്കാരായ 721 കുടുംബങ്ങള്‍ക്ക് പട്ടയങ്ങള്‍ നല്‍കും. ഡിജിറ്റല്‍ റീസര്‍വ്വേ പദ്ധതി ഏപ്രില്‍ മാസത്തോടെ ആരംഭിക്കും. 807 കോടി രൂപയാണ് വകയിരുത്തുന്നത്. 339 കോടി രൂപ ആദ്യഘട്ടമായി അനുവദിച്ചു. ജില്ലയില്‍ പുനലൂര്‍, കരുനാഗപ്പള്ളി, കൊല്ലം, പത്തനാപുരം താലൂക്കുകളിലെ 12 വില്ലേജുകളില്‍ ആദ്യ ആറുമാസത്തിനുള്ളില്‍ റീ സര്‍വേ നടപടികള്‍ പൂര്‍ത്തിയാകും.

സര്‍വ്വേ നടപടികള്‍ക്കായി സംസ്ഥാനത്തൊട്ടാകെ 1500 സര്‍വേയര്‍മാരെയും 3200 ഹെല്‍പ്പര്‍മാരെയും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. നാലുവര്‍ഷത്തിനുള്ളില്‍ 1550 വില്ലേജുകളിലെയും ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയാക്കി ഭൂ സംബന്ധമായ നടപടികള്‍ ഓണ്‍ലൈനില്‍ കൊണ്ടുവരും. സര്‍വ്വേ, റവന്യൂ, രജിസ്‌ട്രേഷന്‍ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ച് ഒറ്റ പോര്‍ട്ടല്‍ മുഖേന നടപടി സുതാര്യമാക്കും-മന്ത്രി പറഞ്ഞു. സര്‍വ്വേ നടപടികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ജനപ്രതിനിധികള്‍ ഗ്രാമസഭകള്‍ വഴി പൊതു ജനങ്ങളെ അറിയിക്കുകയും ബോധവല്‍ക്കരിക്കുകയും വേണം. ഭൂഉടമകള്‍ റീസര്‍വ്വേ സമയത്ത് റെക്കോര്‍ഡുകള്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശോധനയ്ക്കായി ലഭ്യമാക്കണം. ജില്ലയിലെ മുഴുവന്‍ വില്ലേജുകളും സ്മാര്‍ട്ട് ആക്കുന്ന നടപടികള്‍ ഘട്ടംഘട്ടമായി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.