യോദ്ധാവ് : മയക്കുമരുന്നുകളുടെ വിതരണത്തെക്കുറിച്ചു പോലീസിന് രഹസ്യവിവരം കൈമാറുന്നതിനുള്ള മൊബൈല്‍ ആപ്പ്

post

തിരുവനന്തപുരം : മയക്കുമരുന്ന് വ്യാപനം തടയുന്നതിന് വേണ്ടി പൊതുജങ്ങള്‍ക്ക് അതീവ രഹസ്യമായി വിവരങ്ങള്‍ കൈമാറുന്നതിനുള്ള 'യോദ്ധാവ്' എന്ന മൊബൈല്‍ ആപ്ലിക്കേഷന്റെ ഉദ്ഘാടനം 2020 ഫെബ്രുവരി 15 രാവിലെ 11.45 ന്  മുഖ്യമന്ത്രി  പിണറായി വിജയന്‍ ഇന്‍ഫോപാര്‍ക്ക് ടി.സി.എസ് ആഡിറ്റോറിയത്തില്‍ നിര്‍വഹിക്കുന്നു.
മയക്കുമരുന്ന് സമൂഹത്തിന്റെ വലിയ ഭീഷണിയായി മാറിയിരിക്കുന്നു. ഇത് യുവാക്കളുടെ ഭാവിയെ അപകടപ്പെടുത്തുന്നു. മയക്കുമരുന്നുകളുടെ വിതരണത്തെക്കുറിച്ചുള്ള രഹസ്യ വിവരശേഖരണം മയക്കുമരുന്നിനെതിരായ പോരാട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട മേഖലയാണ്. മയക്കുമരുന്ന് മാഫിയയുടെ പ്രതികാര നടപടിയെ ഭയന്ന് പൊതുജനങ്ങള്‍ ഇത്തരം രഹസ്യങ്ങള്‍ പങ്കുവയ്ക്കാന്‍ സന്നദ്ധരാകുന്നില്ല. വിവരങ്ങള്‍ നല്‍കുന്നത് അപകടമാണെന്ന തരത്തില്‍ ആളുകള്‍ ഭയപ്പെടുന്നു. ഇതിനൊരു മാറ്റം കുറിക്കാന്‍, മയക്കുമരുന്ന് മാഫിയയെക്കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ പോലീസുമായി പങ്കിടുന്നതിന് 'യോദ്ധാവ് മൊബൈല്‍ ആപ്പ്' പൊതുജനങ്ങള്‍ക്ക് വേദി ഒരുക്കുന്നു.
'യോദ്ധാവ്' എന്ന  വാട്ട്‌സ്ആപ്പ് പ്ലാറ്റ്‌ഫോമിലാണ്  ആപ്ലിക്കേഷന്‍ വികസിപ്പിച്ചിരിക്കുന്നത്. അതിനാല്‍ ഉപയോക്താക്കള്‍ പ്ലേസ്റ്റോറില്‍ നിന്നോ ആപ് സ്റ്റോറില്‍ നിന്നോ ഒരു പ്രത്യേക ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡു ചെയ്യേണ്ടതില്ല. മറ്റേതൊരു വാട്ട്‌സ്ആപ്പ് സന്ദേശത്തെയും പോലെ യോദ്ധാവ് നമ്പറിലേക്ക് അയക്കാവുന്നതാണ്. (വാട്ട്‌സ്ആപ്പ് നമ്പര്‍ ഉദ്ഘാടന വേളയില്‍ പ്രഖ്യാപിക്കുന്നതാണ്).