‘പറയാം പരാതി’; സ്ത്രീധനത്തെ കുറിച്ചുള്ള പരാതികള്‍ നല്‍കാന്‍ സര്‍ക്കാര്‍ പോര്‍ട്ടല്‍
വിവാഹത്തിന്റെ പേരില്‍ സ്ത്രീധനം ചോദിക്കുകയോ വാങ്ങുകയോ ചെയ്യുന്നതിനെതിരെ പരാതി നല്‍കാന്‍ സര്‍ക്കാര്‍ പുതിയ വെബ് പോര്‍ട്ടല്‍ അവതരിപ്പിച്ചു. സ്ത്രീധനത്തിനെതിരെയുള്ള പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് http://wcd.kerala.gov.in/dowry ഉപയോഗിക്കാവുന്നതാണ്. ഈ പോര്‍ട്ടല്‍ വഴി വ്യക്തികള്‍ക്കോ, പൊതുജനങ്ങള്‍ക്കോ, സംഘടനകള്‍ക്കോ സ്ത്രീധനം വാങ്ങുന്നതിനും നല്‍കുന്നതിനും എതിരെ പരാതി സമര്‍പ്പിക്കാവുന്നതാണ്. ജില്ലാ സ്ത്രീധന നിരോധന ഓഫീസര്‍ക്ക് ലഭിക്കുന്ന പരാതിയിന്‍മേല്‍ തുടര്‍നടപടിക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കാനും മുഖ്യ സ്ത്രീധന നിരോധന ഓഫീസര്‍ക്ക് പരാതി തീര്‍പ്പാക്കുന്നതിന്റെ പുരോഗതി വിലയിരുത്താനും ഈ പോര്‍ട്ടല്‍ വഴി സാധിക്കും.
വിവാഹത്തെ അവഹേളിക്കുകയും സ്ത്രീകളുടെ സാമൂഹിക പദവി ഇടിച്ചുതാഴ്ത്തുകയും ചെയ്യുന്ന സ്ത്രീധനം എന്ന അനാചാരത്തെയും അത് വഴി സ്ത്രീകള്‍ പീഡനം നേരിടുന്ന അവസ്ഥയും ഇല്ലാതാക്കുക എന്നലക്ഷ്യത്തെ മുന്‍നിര്‍ത്തികൊണ്ടാണ് സ്ത്രീധനത്തെ ചൊല്ലിയുള്ള പരാതികള്‍ അറിയിക്കാനൊരിടം അവതരിപ്പിച്ചിരിക്കുന്നത്.
സ്ത്രീധന ദുരിതബാധിതരായ സ്ത്രീകള്‍, മാതാപിതാക്കള്‍, ബന്ധുക്കള്‍, അംഗീകൃത സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ലിങ്ക് ക്ലിക്ക് ചെയ്ത് ആവശ്യമായ അടിസ്ഥാന വിശദാംശങ്ങള്‍ പൂരിപ്പിച്ച് ഫയല്‍ ചെയ്യാം. ലഭിക്കുന്ന രജിസ്‌ട്രേഷനുകള്‍ ജില്ലാ സ്ത്രീധന നിരോധന ഉദ്യോഗസ്ഥര്‍ക്ക് (ഡിഡിപിഒ) കൈമാറും. നിങ്ങള്‍ തിരഞ്ഞെടുത്ത അധികാരപരിധി അനുസരിച്ച്, അവര്‍ അന്വേഷണം നടത്തി നോട്ടീസ് പുറപ്പെടുവിക്കും, ആവശ്യമെങ്കില്‍ പോലീസ് സഹായവും നിയമസഹായവും നല്‍കും. അപേക്ഷ ലഭിച്ച് മൂന്ന് പ്രവര്‍ത്തി ദിവസത്തിനകം ഡിഡിപിഒ (സ്ത്രീധന നിരോധന ഓഫീസര്‍)പ്രതിനിധി പരാതിക്കാരുമായി ബന്ധപ്പെടുന്നതാണ്.പോലീസിന്റെയും, നിയമവിദഗ്ധരുടെയും ,ഉപദേശം, സൈക്കോളജിക്കല്‍ കണ്‍സല്‍ട്ടേഷന്‍ എന്നീ സഹായങ്ങള്‍ പരാതിക്കാരിക്ക് ആവശ്യമാണെങ്കില്‍ വകുപ്പ് വഴി നടപ്പിലാക്കുന്ന കാതോര്‍ത്ത് പദ്ധതി മുഖേനെ സഹകരിച്ച് അവ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതാണ്.
പോര്‍ട്ടലിലൂടെയുളള സേവനം തികച്ചു സൗജന്യമാണ്.സര്‍ക്കാരിന്റെ സ്ത്രീ സംരക്ഷണ പരിപാടികളുടെ ഭാഗമായി അവതരിപ്പിച്ചിരിക്കുന്ന പോര്‍ട്ടല്‍ സ്ത്രീധനമെന്ന സാമൂഹ്യവിപത്തിനെ തുടച്ചുനീക്കാനുള്ള ശ്രമങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജം നല്‍കുന്നു.