ജില്ലാതല കർഷക അവാർഡുകൾ സമ്മാനിച്ചു

post

കണ്ണൂർ: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ജില്ലാതല അവാർഡ് വിതരണവും അനുമോദനവും കണ്ണൂർ ശിക്ഷക് സദനിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ ഉദ്ഘാടനം ചെയ്തു. കാർഷിക രംഗത്ത് ശാസ്ത്രീയവും ഫലപ്രദവുമായ പരീക്ഷണങ്ങൾ നടത്തിയാണ് നമ്മുടെ സംസ്ഥാനം മുന്നോട്ട് പോകുന്നതെന്ന് എം എൽ എ പറഞ്ഞു.

പച്ചക്കറി വികസനം, കാർഷിക വിജ്ഞാന വ്യാപനം എന്നീ മേഖലകളിൽ 2020-21 വർഷം മികച്ച പ്രവർത്തനം കാഴ്ചവെച്ച കർഷകർക്കും സ്ഥാപനങ്ങൾക്കും ഉദ്യോഗസ്ഥർക്കുമുള്ള അവാർഡുകളാണ് നൽകിയത്. മികച്ച കർഷകൻ, മികച്ച ഓണത്തിന് ഒരു മുറം പച്ചക്കറി, മികച്ച ക്ലസ്റ്റർ, മികച്ച പൊതുമേഖലാ സ്ഥാപനം, സ്വകാര്യ സ്ഥാപനം, മികച്ച വിദ്യാർഥി,  വിദ്യാഭ്യാസ സ്ഥാപനം, സ്ഥാപന മേധാവി എന്നീ വിഭാഗങ്ങളിലും കാർഷിക വിജ്ഞാന വ്യാപനം ഉദ്യോഗസ്ഥർക്കുള്ള അവാർഡുമാണ് നൽകിയത്. ഒന്നാം സ്ഥാനത്തിന് 15000 രൂപയും രണ്ടാം സ്ഥാനത്തിന് 7500 രൂപയും മൂന്നാം സ്ഥാനത്തിന് 5000 രൂപയുമാണ് സമ്മാനത്തുക.

അവാർഡുകൾ ഇനം, ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവർ, കൃഷിഭവൻ ബ്രാക്കറ്റിൽ എന്ന ക്രമത്തിൽ :
മികച്ച കർഷകൻ- രാജൻ കുന്നുമ്പ്രോൻ (മാങ്ങാട്ടിടം), കെ വി സത്യൻ (പെരളശ്ശേരി), ഇ വി ഹാരിസ് (എടക്കാട്). മികച്ച ഓണത്തിന് ഒരു മുറം പച്ചക്കറി- ടി സിന്ധു (എടക്കാട്), പി പി ചന്ദ്രജ്യോതി (പരിയാരം), കെ റീന (പെരളശ്ശേരി). മികച്ച ക്ലസ്റ്റർ- ആയിത്തറ പച്ചക്കറി ക്ലസ്റ്റർ (മാങ്ങാട്ടിടം) കീഴ്‌വയൽ ക്ലസ്റ്റർ (രാമന്തളി). മികച്ച പൊതുമേഖലാ സ്ഥാപനം- കേരള സ്റ്റേറ്റ് ഹോർട്ടികൾച്ചറൽ ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ, മാങ്ങാട് (ആന്തൂർ), ഇ എസ് ഐ ആശുപത്രി തോട്ടട (എടക്കാട്), തലശ്ശേരി ഗവ. കോളേജ് ചൊക്ലി (ചൊക്ലി). മികച്ച സ്വകാര്യ സ്ഥാപനം- ശാന്തിനിലയം കോൺവെന്റ് പിലാത്തറ (ചെറുതാഴം), മാതൃഭൂമി പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കമ്പനി (എടക്കാട്). മികച്ച വിദ്യാർഥി- പി മുഹമ്മദ് നിഹാൻ (മുണ്ടേരി), അനുഹൃദ്യ സന്തോഷ് (മാങ്ങാട്ടിടം), മികച്ച വിദ്യാഭ്യാസ സ്ഥാപനം- കെ എം ജെ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ കഞ്ഞിരോട് (മുണ്ടേരി). മികച്ച സ്ഥാപന മേധാവി- ഡോ. എം കെ അബ്ദുൾ സത്താർ, പ്രിൻസിപ്പൽ കെ എം ജെ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ കാഞ്ഞിരോട് (മുണ്ടേരി).
കാർഷിക വിജ്ഞാന വ്യാപനത്തിനുള്ള ഉദ്യോഗസ്ഥർക്കുള്ള അവാർഡ്: മികച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടർ- ടി പി എം നൂറുദ്ദീൻ പയ്യന്നൂർ. മികച്ച കൃഷി ഓഫീസർ കെ ജയരാജൻ നായർ- കരിവെള്ളൂർ-പെരളം കൃഷിഭവൻ. മികച്ച കൃഷി അസിസ്റ്റന്റ്- വി ബി രാജീവ്- മുണ്ടേരി കൃഷിഭവൻ.