ദീര്‍ഘദൂര യാത്ര സുഖകരമാക്കാന്‍ കെ.എസ്.ആര്‍.ടി.സി.യുടെ സ്ലീപ്പര്‍ വോള്‍വോ

post

ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തുന്നതിനായി കെഎസ്ആര്‍ടിസി സിഫ്റ്റിനുവേണ്ടി വാങ്ങിയ എ.സി. വോള്‍വോ ബസുകളില്‍ ആദ്യ ബസ് തലസ്ഥാനത്ത് എത്തി. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ എട്ട് എ.സി. സ്ലീപ്പര്‍ ബസുകളില്‍ ആദ്യത്തെ ബസാണ് ആനയറയിലെ കെ.എസ്.ആര്‍.ടി.സി സിഫ്റ്റ് ആസ്ഥാനത്തെത്തിയത്. സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടില്‍ നിന്നും ആധുനിക ശ്രേണിയില്‍പ്പെട്ട ബസുകള്‍ വാങ്ങുന്നതിനായി അനുവദിച്ച 50 കോടി രൂപയില്‍ നിന്ന് 44.84 കോടി രൂപ ഉപയോഗിച്ച് വാങ്ങുന്ന വിവിധ ശ്രേണിയില്‍പ്പെട്ട 100 ബസുകളിലെ ആദ്യ ബസാണ് എത്തിയത്.

ബംഗളൂരു ആസ്ഥാനമായ വി.ഇ കൊമേഴ്‌സ്യല്‍ വെഹിക്കിള്‍ പ്രൈവറ്റ് ലിമിറ്റഡ് (വോള്‍വോ) ബിഎസ്6 ശ്രേണിയില്‍ ഉള്ള ഷാസിയില്‍ സ്വന്തം ഫാക്ടറിയില്‍ നിര്‍മിക്കുന്ന ആദ്യത്തെ സ്ലീപ്പര്‍ ബസാണ് തലസ്ഥാനത്ത് എത്തിയത്. ഇന്ധനക്ഷമതയ്ക്കായി നൂതന സംവിധാനമായ ഐ ഷിഫ്റ്റ് ഓട്ടോമാറ്റിക് ഗിയര്‍ സംവിധാനം. സുരക്ഷയ്ക്കായി ഹൈഡ്രോ ഡൈനാമിക് റിട്ടാര്‍ഡറും എബിഎസ് ആന്‍ഡ് ഇബിഡി, ഇഎസ്പി സംവിധാനങ്ങളും സുഖയാത്ര ഉറപ്പാക്കുന്നതിന് എട്ട് എയര്‍ ബെല്ലോയോടുകൂടിയ സസ്‌പെന്‍ഷന്‍ സിസ്റ്റം ട്യൂബ് ലെസ് ടയറുകള്‍ തുടങ്ങിയവ ബസിലുണ്ട്.

ഒരു ബസിന് 1,38,50,000 രൂപയാണു വില വരുന്നത്. 40 യാത്രക്കാര്‍ക്കു സുഖകരമായി കിടന്നു യാത്ര ചെയ്യുന്ന രീതിയില്‍ സംയോജിപ്പിച്ചിരിക്കുന്ന ബെര്‍ത്തുകള്‍ ബസിലുണ്ട്. ദീര്‍ഘദൂര യാത്രക്കാര്‍ക്ക് തെല്ലും ക്ഷീണമില്ലാതെ കരുതലോടെ സുരക്ഷിതമായ യാത്രപ്രദാനം ചെയ്യുക എന്നതാണ് ഈ ബസുകള്‍ സര്‍വ്വീസ് നടത്തുന്നതോടെ കെഎസ്ആര്‍ടിസി സിഫ്റ്റ് ലക്ഷ്യമിടുന്നത്.