നമ്മള്‍ നമുക്കായ് ഏകദിന പരിശീലനം ഇരട്ടയാറില്‍ നടന്നു

post

ഇടുക്കി  : ദുരന്തനിവാരണം,  ഇനിയൊരു പ്രകൃതിക്ഷോഭമുണ്ടായാല്‍ തന്നെ ദുരന്തത്തിന്റെ ആഘാതം കുറയ്ക്കുക എന്നിവ മുന്‍നിര്‍ത്തി ദുരന്തനിവാരണ ആസൂത്രണ രേഖ തയ്യാറാക്കുന്നതിനു മുന്നോടിയായി കിലയുടെ നേതൃത്വത്തില്‍ ഇരട്ടയാറില്‍ 'നമ്മള്‍ നമുക്കായ് ' ഏകദിന പരിശീലനം സംഘടിപ്പിച്ചു. പഞ്ചായത്തിലെ ഓരോ വാര്‍ഡിന്റെയും സമഗ്ര വിവരശേഖരണം, ഗ്രൂപ്പ്തല വിവരശേഖരണം, ദുരന്തമേഖലകളിലെ നിലവിലെ സാഹചര്യങ്ങള്‍, ആവശ്യമായി നടപ്പാക്കേണ്ട മുന്‍കരുതലുകള്‍ എന്തെല്ലാം  എന്നിവ ശേഖരിച്ചു കൊണ്ട് ദുരന്തനിവാരണ ആസൂത്രണ രേഖ തയ്യാറാക്കി അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിയുമായി യോജിപ്പിച്ച് സമയബന്ധിതമായും യഥോചിതവുമായ പദ്ധതികള്‍ നടപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഇതിനായി ദുരന്ത നിവാരണ പദ്ധതിയുടെ ഭാഗമായ സന്നദ്ധ സേനാംഗങ്ങള്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ആശാ പ്രവര്‍ത്തകര്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, എ ഡി എസ് അംഗങ്ങള്‍ എന്നിവര്‍ക്കാണ് ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത് തലത്തില്‍ പരിശീലനം നല്കിയത്.
ഇരട്ടയാര്‍ വനിതാ സാംസ്‌കാരിക നിലയത്തില്‍ സംഘടിപ്പിച്ച  പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാണി ജോസഫ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ലാലച്ചന്‍ വെള്ളക്കട അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ മാത്യു തോമസ്, കെ.ഡി. രാജു, റെജി ഇലിപ്പുലിക്കാട്ട്, ലീലാമ്മ ജോണ്‍, ഷാജി ഭാസുരാംഗന്‍, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ജാന്‍സി തോമസ്, പഞ്ചായത്ത്‌സെക്രട്ടറി ഐ.അബീഷ് തുടങ്ങിയവര്‍ സംസാരിച്ചു.കില ട്രെയിനികളായ ഷിമലി ബ്ലെസണ്‍, പി.സി.തോമസ് എന്നിവര്‍ ക്ലാസ് നയിച്ചു.