പക്ഷപാത മാധ്യമ പ്രവർത്തനം കേരളത്തിലും ശക്തം: മുഖ്യമന്ത്രി

post

പക്ഷപാതിത്വത്തോടെ വാർത്തകൾ തയാറാക്കുന്ന മാധ്യമ പ്രവർത്തന രീതി കേരളത്തിൽ ശക്തമായിരിക്കുന്നതായും നല്ല കാര്യങ്ങൾ മറച്ചുവയ്ക്കാനും അനാവശ്യ വിവാദങ്ങൾ പ്രോത്സാഹിപ്പിക്കാനും തയാറാകുന്ന രീതി വ്യാപകമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സ്വദേശാഭിമാനി കേസരി പുരസ്‌കാരങ്ങളും സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങളം ഫോട്ടോഗ്രഫി പുരസ്‌കാരങ്ങളും സമർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യകരമായ സംവാദങ്ങൾക്കു പകരം വിലകെട്ട വിവാദങ്ങളിലാണു പല മാധ്യമങ്ങൾക്കും ഇപ്പോൾ താത്പര്യമെന്നു മുഖ്യമന്ത്രി പറഞ്ഞു. ശരികളെ അവഗണിച്ച് ഇല്ലാത്ത കുറ്റം കണ്ടുപിടിക്കലാണു മാധ്യമ ധർമമെന്നാണ് ഇക്കൂട്ടർ കരുതുന്നത്. ഇതു ഭൂഷണമാണോയെന്ന് മാധ്യമ പ്രവർത്തകർ ചിന്തിക്കണം. സമൂഹത്തിലേക്കു സദാ കണ്ണും കാതും തുറന്നുവച്ച് ജനകീയ വിഷയങ്ങൾ ഏറ്റെടുക്കുന്ന നിലയിലേക്കു മാധ്യമങ്ങൾ മാറണം. മാധ്യമങ്ങളുടെ രാഷ്ട്രീയം മൂലധന രാഷ്ട്രീയമായി മാറിയിരിക്കുന്നു. ഉടമയുടെ മൂലധനതാത്പര്യത്തിന് ഊന്നൽ നൽകുമ്പോൾ, വസ്തുത അന്വേഷിച്ചുപോകുന്ന മാധ്യമ പ്രവർത്തകർ നിരാശരാകുകയും പുറത്താക്കപ്പെടുകയും ചെയ്യുന്നു. പത്രങ്ങൾ പരസ്യങ്ങൾ പ്രസിദ്ധീകരിക്കാനുള്ള ഇടമാണെന്നും അതിനിടയിൽ ഫില്ലറായി ഉപയോഗിക്കാനുള്ളതാണു വാർത്തകളെന്നും പറയുന്ന എഡിറ്റർമാരാണ് ഇന്നുള്ള ചിലർ. സ്വദേശാഭിമാനിയെപ്പോലെയും കേസരിയെപ്പോലെയുമുള്ള എഡിറ്റർമാർക്ക് വംശനാശം സംഭവിക്കുകയും പത്ര ഉടമകൾതന്നെ പത്രാധിപ•ാരായി മാറുകയും ചെയ്യുന്ന രീതി ഉത്കൃഷ്ട മാധ്യമപ്രവർത്തനത്തിന് വിലങ്ങുതടിയാകുന്നെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ജനാധിപത്യ സമൂഹത്തിൽ സർക്കാരിനും ജനങ്ങൾക്കുമിടയിൽ പാലമായി വർത്തിക്കുമ്പോഴും ജനങ്ങളുടെ നാവായിരിക്കാൻ മാധ്യമങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്. അത് എത്രകണ്ടു പ്രാവർത്തികമാകുന്നുവെന്നതു പരിശോധിക്കപ്പെടേണ്ടതുണ്ട്. ലോകത്തിൽ സ്വതന്ത്ര മാധ്യമ പ്രവർത്തനം ഏറ്റവുമധികം ഭീഷണി നേരിടുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടു തയാറാക്കിയ 180 രാജ്യങ്ങളുടെ പട്ടികയിൽ 140-ാം സ്ഥാനത്താണ് ഇന്ത്യ. 2019നും 2020നും ഇടയിൽ 154 മാധ്യമ പ്രവർത്തകർ തൊഴിലുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടെന്നാണ് ഇതുസംബന്ധിച്ച കണക്കുകൾ. ഇതിൽ 40 ശതമാനവും നടന്നത് 2020ലാണ്. ഇതൊന്നും ഇന്ത്യയിലെ മാധ്യമങ്ങളെ കാര്യമായി അസ്വസ്ഥപ്പെടുത്തുന്നില്ലെന്നതു ഗൗരവമായ കാര്യമാണെന്നു മുഖ്യമന്ത്രി പറഞ്ഞു.
ഒരുകാലത്തു നിർഭയത്വത്തിന്റേയും ധീരതയുടേയും പ്രതീകമായിരുന്ന ഇന്ത്യൻ മാധ്യമങ്ങളിൽ പലതും ഇന്ന് അധികാരത്തിന്റെ കുഴലൂത്തുകാരായി മാറിയിരിക്കുന്നു. അധികാരത്തിനു മുന്നിൽ സമ്പൂർണ സമർപ്പണമാണ് ഉദാത്ത മാധ്യമപ്രവർത്തനമെന്ന ചിന്ത ഇന്ത്യൻ മാധ്യമ പ്രവർത്തന രംഗത്തു പൊതുവേ രൂപപ്പെട്ടിട്ടുണ്ട്. കോവിഡ് കാലത്ത് ഇതു കൂടുതൽ പ്രകടമായി. എന്നാൽ, കോവിഡ് പശ്ചാത്തലത്തിൽ പുതുതായി ഉണ്ടായതല്ല ഇത്. കശ്മീരിൽ ഇന്റർനെറ്റ് നിഷേധിക്കുകയും മാധ്യമ പ്രവർത്തനത്തിന് കൂച്ചുവിലങ്ങിടപ്പെടുകയും ചെയ്തപ്പോൾ ഇന്ത്യയിലെ പ്രബല മാധ്യമങ്ങളിൽ ഭൂരിപക്ഷവും നാവ് അനക്കിയില്ല. അതിനെതിരേ ശബ്ദിക്കാൻ തയാറായില്ല. പൗരത്വ നിയമം, നോട്ട് നിരോധനം, കർഷക നിയമ ഭേദഗതി തുടങ്ങിയ ഘട്ടങ്ങളിലെല്ലാം ഭരണകൂട വ്യാഖ്യാനങ്ങൾക്കപ്പുറം പോകേണ്ട എന്ന നിലപാടാണ് പല മാധ്യമങ്ങളും സ്വീകരിച്ചത്. ഇവയെല്ലാം ജനങ്ങൾക്കുവേണ്ടിയാണെന്ന തരത്തിലുള്ള അപഹാസ്യമായ വ്യാഖ്യാനങ്ങൾപോലും ചില മുഖ്യധാരാ മാധ്യമങ്ങൾ മുന്നോട്ടുവച്ചു. ജനാധിപത്യ സമൂഹത്തിലെ വാച്ച് ഡോഗ് ആകേണ്ട മാധ്യമങ്ങൾ അധികാരികളുടേയും കോർപ്പറേറ്റുകളുടേയും ലാപ്ഡോഗ് ആയി അധഃപതിക്കുന്നതാണു കാണേണ്ടിവന്നതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മാധ്യമ രംഗത്തു പൊതുവേയുണ്ടായിട്ടുള്ള വിശ്വാസക്കുറവ് സമൂഹ മാധ്യമങ്ങളെ ജനകീയമാക്കിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങൾ മാധ്യമ രംഗത്തെ കീഴ്മേൽ മറിക്കുന്ന സ്ഥിതിയാണുള്ളത്. പല വാർത്തകളും ആദ്യം പ്രത്യക്ഷപ്പെടുന്നത് സമൂഹ മാധ്യമ പ്ലാറ്റ്ഫോമിലാണ്. അവയെ അവഗണിച്ച് ഒരു മാധ്യമ സ്ഥാപനത്തിനും മുന്നോട്ടു പോകാനാകാത്ത സ്ഥിതിയുമുണ്ട്. വ്യവസ്ഥാപിത മാധ്യമങ്ങൾ അവരുടെ മൂലധന താത്പര്യം സംരക്ഷിക്കുന്നതിനു നൽകുന്ന വാർത്തകൾ പോലും സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിൽ ഇഴകീറി പരിശോധിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ ഉത്തരവാദിത്തപൂർണമായ മാധ്യമ പ്രവർത്തനം നടത്തേണ്ടത് ഇന്ന് പരമ പ്രധാനമാണെന്നു മാധ്യമ പ്രവർത്തകർ തിരിച്ചറിയണം. സമൂഹ മാധ്യമങ്ങളുടെ സാമൂഹിക വിരുദ്ധ മുഖത്തെ കാണാതെയല്ല ഇക്കാര്യങ്ങൾ പറയുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
2018ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം അന്തരിച്ച കേരള കൗമുദി പത്രാധിപർ എം.എസ്. മണിക്കു വേണ്ടി അദ്ദേഹത്തിന്റെ പത്നി ഡോ. കസ്തൂരി ഭായിയും മകൻ സുകുമാരൻ മണിയും മുഖ്യമന്ത്രിയിൽനിന്ന് ഏറ്റുവാങ്ങി. 2019ലെ പുരസ്‌കാരം അന്തരിച്ച കാർട്ടൂണിസ്റ്റ് യേശുദാസനുവേണ്ടി അദ്ദേഹത്തിന്റെ മകൻ സുകു ദാസും ഏറ്റുവാങ്ങി. 2018, 2019 വർഷങ്ങളിലെ സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങളും 2019ലെ സംസ്ഥാന ഫോട്ടോഗ്രഫി പുരസ്‌കാരങ്ങളും ചടങ്ങിൽ മുഖ്യമന്ത്രി വിതരണം ചെയ്തു.
കേരള സർവകലാശാല സെനറ്റ് ഹാളിൽ നടന്ന പ്രൗഢമായ ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ, മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു, ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ഡയറക്ടർ എസ്. ഹരികിഷോർ, കെ.യു.ഡബ്ല്യു.ജെ. സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്. സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു. പുരസ്‌കാരദാന ചടങ്ങിനു ശേഷം ഷഹബാസ് അമൻ നയിച്ച 'മധുരമായി നിന്നെ' എന്ന സംഗീത പരിപാടിയും  അരങ്ങേറി.