കേരള സര്‍ക്കാര്‍ സബ്സിഡിയോടെയുള്ള സോളാര്‍ ഇവി ചാര്‍ജിംഗ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു

post

 പ്രകൃതിക്ക് ഇണങ്ങിയ ചിലവ് കുറഞ്ഞ ഹരിത ഊര്‍ജസ്രോതസുകളെ പ്രോല്‍സാഹിപ്പിക്കും: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

പത്തനംതിട്ട: മനുഷ്യനും പ്രകൃതിക്കും ദോഷം ഇല്ലാത്ത ഹരിത ഊര്‍ജസ്രോതസുകളെ സര്‍ക്കാര്‍ പ്രോല്‍സാഹിപ്പിക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായത്തോടെ സ്ഥാപിച്ചതും പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ സംസ്ഥാനത്തെ ആദ്യ ചാര്‍ജിംഗ് സ്റ്റേഷന്റെ ഉദ്ഘാടനം പത്തനംതിട്ടയ്ക്ക് സമീപം ഉതിമൂടില്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ചിലവ് കൂടിയതും പ്രകൃതിക്ക് ദോഷം ചെയ്യുന്നതുമായ ഊര്‍ജ സ്രോതസുകളെ പത്ത് വര്‍ഷത്തിനുള്ളില്‍ ഒഴിവാക്കി ഹരിത ഊര്‍ജ സ്രോതസുകളെ പ്രോല്‍സാഹിപ്പിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. അനര്‍ട്ടിന്റെ സഹായത്തോടെ തുടങ്ങിയ സംരംഭത്തിന് സബ്സിഡി ലഭ്യമാക്കിയിട്ടുണ്ട്. ഇത്തരം സംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കുക വഴി പെട്രോള്‍, ഡീസല്‍ പോലെയുള്ള ഇന്ധനങ്ങള്‍ക്ക് ചിലവാക്കുന്ന തുക വലിയ തോതില്‍ കുറയ്ക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

പ്രകൃതിക്കും നാടിനും മുതല്‍ക്കൂട്ടാകുന്ന സംരംഭമാണിതെന്ന് ഫില്‍സ് ഹബ് ഇവി ചാര്‍ജിംഗ് സ്റ്റേഷന്റെ പ്രവര്‍ത്തനത്തിന് നാടമുറിച്ച് തുടക്കം കുറിച്ച ആന്റോ ആന്റണി എംപി പറഞ്ഞു. സോളാര്‍ ഇവി ചാര്‍ജിംഗ് സ്റ്റേഷന്‍ പോലെയുള്ള സംവിധാനങ്ങളെ പ്രോല്‍സാഹിപ്പിക്കാന്‍ വേണ്ട എല്ലാ സഹകരണവും നല്‍കുമെന്ന് ആദ്യ ചാര്‍ജിംഗ് നിര്‍വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു.

റാന്നി- ഉതിമൂട് മൂഴിയാര്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഫില്‍സ് ഹബ് ചാര്‍ജിംഗ് സ്റ്റേഷനില്‍ 50 കിലോവാട്ട് ശേഷിയുള്ള സോളാര്‍പാനലും രണ്ട് ചാര്‍ജിംഗ് മെഷീനുകളുമാണ് അനര്‍ട്ട് സ്ഥാപിച്ച് നല്‍കിയിട്ടുള്ളത്. ഒരു ദിവസം പത്ത് ഇലക്ട്രിക്ക് കാറുകള്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാം. ഒരേ സമയം രണ്ട് കാറുകള്‍, മൂന്ന് ഇലക്ട്രിക്ക് ഓട്ടോകള്‍ എന്നിവ ചാര്‍ജ് ചെയ്യാം. ഇലക്ട്രിക്ക് കാറുകള്‍ ചാര്‍ജ് ചെയ്യാന്‍ ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാലും 30-40 മിനിട്ട് വേണ്ടിവരും. ഇത്രയും സമയം ചിലവഴിക്കാന്‍ ചാര്‍ജിംഗ് സ്റ്റേഷനോട് അനുബന്ധിച്ച് റസ്റ്റോറന്റ് കഫറ്റീരിയ, വിനോദ കേന്ദ്രം എന്നിവ സ്ഥാപിച്ചിട്ടുണ്ട്. ഭാവിയിലേക്കുള്ള അനുയോജ്യ പദ്ധതി എന്ന നിലയില്‍ ദേശീയപാത, എം.സി. റോഡ്, മറ്റ് പ്രധാന പ്രധാന പാതകള്‍ എന്നിവിടങ്ങളില്‍ സ്ഥാപിക്കുന്ന ചാര്‍ജിംഗ് ഹബുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സബ്സിഡി നല്‍കിവരുന്നു.