കേരള സംസ്ഥാന യുവജന കമ്മീഷന്‍ അദാലത്ത്; 15 പരാതികള്‍ പരിഗണിച്ചു, അഞ്ച് പരാതികള്‍ തീര്‍പ്പാക്കി

post





കാസര്‍കോട്: കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കേരള സംസ്ഥാന യുവജന കമ്മീഷന്‍ അദാലത്തില്‍ 15 പരാതികള്‍ പരിഗണിച്ചു. അഞ്ച് പരാതികള്‍ തീര്‍പ്പാക്കി. ബാക്കിയുള്ള ഏഴ് പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കുമെന്ന് സംസ്ഥാന യുവജന കമ്മീഷന്‍ അംഗം റിനീഷ് മാത്യു പറഞ്ഞു. കേരള സംസ്ഥാന യുവജന കമ്മീഷന് മുന്നില്‍ നിരവധി പരാതികളാണ് ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാതലത്തില്‍ യുവജന കമ്മീഷന്‍ അദാലത്തുകള്‍ നടത്തി വരികയാണ്. കമ്മീഷന് മുന്നില്‍ നേരത്തെ പന്ത്രണ്ട് പരാതികളാണ് ലഭിച്ചത്.

അദാലത്തില്‍ നേരിട്ട് മൂന്ന് പരാതികളും ലഭിച്ചു. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ യോഗ്യതയില്ലാത്ത നഴ്‌സിനെ നിയമിച്ചതുമായി ബന്ധപ്പെട്ട പരാതി സത്യസന്ധമാണെന്ന് ബോധ്യപ്പെട്ടതിനാല്‍ അതിനെതിരെ തുടര്‍നടപടികള്‍ക്കായി നിര്‍ദ്ദേശം നല്‍കി. തൃക്കരിപ്പൂരിലെ എം സുനില്‍കുമാറിന്റെ ദുരൂഹമരണം സംബന്ധിച്ച് പരാതിക്കാരിയുടെ ആവശ്യപ്രകാരം സംസ്ഥാന പോലീസ് മേധാവിയോട് വീണ്ടും റിപ്പോര്‍ട്ട് ആവശ്യപ്പെടാന്‍ കമ്മീഷന്‍ തീരുമാനിച്ചു. ലാബ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള പിഎസ് സി നിയമനങ്ങള്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് താത്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്ന പിഎസ്‌സി തന്നെ അറിയിച്ചിട്ടുണ്ട്. ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം പരിഗണിച്ചുകൊണ്ട് വിഷയത്തില്‍ സത്വരനടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനോട് കമ്മീഷന്‍ ആവശ്യപ്പെടും. സംസ്ഥാന യുവജന കമ്മീഷന്‍ അഡീഷണല്‍ സെക്രട്ടറി ക്ഷിദി വി ദാസ്, യുവജന കമ്മീഷന്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ എം രഞ്ജീഷ്, അസിസ്റ്റന്റ് അഭിഷേക് പുരുഷോത്തമന്‍ എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.