സംസ്ഥാന സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികം; പ്രദര്‍ശന-വിപണന മേള ഏപ്രില്‍ 25 മുതല്‍

post

* മന്ത്രിമാര്‍ മുഖ്യ രക്ഷാധികാരികളായി സംഘാടക സമിതി രൂപീകരിച്ചു

  • * വേദി ആലപ്പുഴ ബീച്ച്

    ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി എന്‍റെ കേരളം എന്ന പേരില്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശന-വിപണന മേള ഏപ്രില്‍ 25 മുതല്‍ മെയ് ഒന്നുവരെ ആലപ്പുഴ ബീച്ചില്‍ നടക്കും. ജില്ലയുടെ ചുമതലയുള്ള കൃഷി മന്ത്രി പി. പ്രസാദിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മേളയുടെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. മന്ത്രി പി. പ്രസാദ്, ഫിഷറീസ്-സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ എന്നിവര്‍ സമിതിയുടെ മുഖ്യ രക്ഷാധികാരികളാണ്.

    ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, ആലപ്പുഴ നഗരസഭാ ചെയര്‍പേഴ്സണ്‍ എന്നിവര്‍ രക്ഷാധികാരികളായിരിക്കും. ജില്ലാ കളക്ടര്‍ ചെയര്‍പേഴ്സണും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യുട്ടി ഡയറക്ടര്‍ വൈസ് ചെയര്‍മാനുമാണ്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കണ്‍വീനറായി പ്രവര്‍ത്തിക്കും.

    ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ -ഓര്‍ഡിനേറ്റര്‍, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവര്‍ ജോയിന്‍റ് കണ്‍വീനര്‍മാരാണ്. എല്ലാ വകുപ്പുകളുടെയും ജില്ലാതല മേധാവികള്‍, പ്രദര്‍ശന വേദി സ്ഥിതി ചെയ്യുന്ന സ്ഥലത്തെ മുനിസിപ്പല്‍ കൗണ്‍സിലര്‍, ജില്ലയിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെയും കോര്‍പറേഷനുകളുടെയും ക്ഷേമനിധി ബോര്‍ഡുകളുടെയും ചെയര്‍മാന്മാര്‍, ഡി.ടി.പി.സി സെക്രട്ടറി എന്നിവര്‍ അംഗങ്ങളാണ്.

    പ്രദര്‍ശന-വിപണന മേളയുടെ സുഗമമായ നടത്തിപ്പിന് 11 സബ് കമ്മിറ്റികളും രൂപികരിക്കും. വകുപ്പുകളും ഏജന്‍സികളും പൊതുജനങ്ങള്‍ക്ക് ആകര്‍ഷകമായ രീതിയില്‍ സ്റ്റാളുകള്‍ സജ്ജീകരിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. 87000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഒരുക്കുന്ന പ്രദര്‍ശന നഗരിയില്‍ വിപണന മേള, എന്‍റെ കേരളം, കേരളത്തെ അറിയാം തുടങ്ങിയ തീം പവിലിയനുകള്‍, വിപുലമായ ഫുഡ് കോര്‍ട്ട്, സാംസ്‌കാരിക പരിപാടികള്‍, സെമിനാറുകള്‍, നൂതന സാങ്കേതിക വിദ്യകളുടെ അവതരണം, അഗ്രികള്‍ച്ചറല്‍ ഔട്ട്‌ഡോര്‍ ഡിസ്‌പ്ലേ തുടങ്ങിയവയുമുണ്ടാകും.  

    യോഗത്തില്‍ എം.എല്‍.എ.മാരായ എച്ച്. സലാം, പി.പി. ചിത്തരഞ്ജന്‍, തോമസ് കെ. തോമസ്, എം.എസ്. അരുണ്‍കുമാര്‍, ദലീമ ജോജോ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി, നഗരസഭാ ചെയര്‍പേഴ്സണ്‍ സൗമ്യ രാജ്, ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്, ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, എ.ഡി.എം സന്തോഷ് കുമാര്‍, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.