അങ്കണവാടികളെല്ലാം ഇനി 'ഹരിതാഭം'
കൊല്ലം: കുഞ്ഞുമനസ്സുകളില്‍ ഐക്യബോധവും ഒത്തൊരുമയും സൃഷ്ടിക്കുന്നതിനായി എല്ലാ അങ്കണവാടികള്‍ക്കും ഒരേ നിറം നല്‍കി അലയമണ്‍ ഗ്രാമപഞ്ചായത്ത്. 22 അങ്കണവാടികള്‍ക്കും പച്ച ചായമടിച്ച് ആകര്‍ഷമാക്കി. പ്രകൃതിയുമായി ചേര്‍ന്ന് നില്‍ക്കുന്ന പച്ച നിറം കുട്ടികള്‍ക്ക് ഇഷ്ടമാകും എന്ന വിലയിരുത്തലിലാണ് ഈ പുതുമയുള്ള മാറ്റം.
ശിശുസൗഹൃദമാക്കുന്നതിന്റെ ഭാഗമായി അങ്കണവാടികളുടെ അകത്തും പുറത്തും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ ചുവര്‍ചിത്രങ്ങളായി ഇടം പിടിച്ചിട്ടുണ്ട്. കളിക്കാനായി പ്രത്യേകം കളിസ്ഥലവുമുണ്ട്. പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപയാണ് സൗന്ദര്യവത്കരണത്തിനായി ചെലവഴിച്ചത്.
ചുവരുകളില്‍ ചായം പൂശിയതിന് പുറമേ ശിശു-സ്ത്രീസൗഹൃദ ശുചിമുറി സംവിധാനവും ഒരുക്കി. അങ്കണവാടിയിലെ വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും പുറത്തുനിന്ന് വരുന്ന മറ്റു സ്ത്രീകള്‍ക്കും ഉപയോഗപ്രദമാകുന്ന തരത്തിലാണ് അവ സജ്ജീകരിച്ചിട്ടുള്ളത്. എല്ലാ അങ്കണവാടികളിലും ജൈവ പച്ചക്കറി കൃഷിയും പച്ചപ്പ്് പരത്തുന്നു. കുഞ്ഞുങ്ങള്‍ക്ക് വിഷരഹിത പച്ചക്കറി നല്‍കുന്നതിനൊപ്പം പച്ചനിറം ഉപയോഗിച്ചുള്ള തീമിന് ചേരും വിധമാണ് കൃഷിയിടം. ഐക്യതയുള്ളപുതുതലമുറയെ വാര്‍ത്തെടുക്കുകയാണ് ഏകീകൃത നിറവിന്യാസത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് അസീന മനാഫ് പറഞ്ഞു.