ഗ്രാമ വണ്ടി: തദ്ദേശസ്വയംഭരണ വകുപ്പിന്റെ അനുമതി

post

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് കെഎസ്ആര്‍ടിസി ആരംഭിക്കുന്ന ഗ്രാമവണ്ടികള്‍ക്ക് ഇന്ധനത്തിന് ചിലവാകുന്ന തുക തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍നിന്ന് വിനിയോഗിക്കാന്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായതായി ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. വി. ഗോവിന്ദന്‍ മാസ്റ്ററും ഗതാഗതമന്ത്രി ആന്റണി രാജുവും നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് ഉത്തരവിറങ്ങിയത്.

പൊതുജനങ്ങളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സ്പോണ്‍സര്‍ഷിപ്പ് സ്വീകരിച്ച് ഇന്ധന ചെലവ് തുക കണ്ടെത്തുന്ന കാര്യം പ്രാദേശിക സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാം. ഇന്ധനം ഒഴികെയുള്ള   ചെലവുകള്‍ കെഎസ്ആര്‍ടിസിയാണ് വഹിക്കുന്നത്. തദ്ദേശസ്ഥാപനങ്ങളുടെ നിര്‍ദ്ദേശാനുസരണം ഗ്രാമവണ്ടികളുടെ റൂട്ടുകള്‍ ക്രമികരിക്കും. സ്റ്റേ ബസുകളിലെ ജീവനക്കാര്‍ക്ക് സ്റ്റേ റൂമും പാര്‍ക്കിംഗ് സൗകര്യവും തദ്ദേശസ്ഥാപനങ്ങള്‍ തയ്യാറാക്കും. എംഎല്‍എമാര്‍ നിര്‍ദ്ദേശിക്കുന്ന സര്‍വീസുകള്‍ക്ക് മുന്‍ഗണന നല്‍കും. ഗതാഗത സൗകര്യം തീരെയില്ലാത്ത മേഖലകളില്‍ കെഎസ്ആര്‍ടിസി ഗ്രാമവണ്ടി ഓടി തുടങ്ങുന്നതോടെ പൊതുഗതാഗത സൗകര്യം വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ജന്‍മദിനം, വിവാഹവാര്‍ഷികം, ചരമവാര്‍ഷികം പോലുള്ള വിശേഷ അവസരങ്ങളില്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗ്രാമ വണ്ടി സ്പോണ്‍സര്‍ ചെയ്യാനുള്ള അവസരം ഉണ്ടാകും. സ്പോണ്‍സറുടെ വിവരങ്ങള്‍ പ്രത്യേകം ഡിസ്പ്ലേ ചെയ്യാനുള്ള സംവിധാനവും ഗ്രാമ വണ്ടികളില്‍ ഒരുക്കും. ഗ്രാമവണ്ടികള്‍ നിരത്തിലിറങ്ങുന്നതോടെ കേരളത്തിലെ ഗ്രാമീണ മേഖലയിലെ യാത്രാപ്രശ്നം ഒരുപരിധിവരെ പരിഹരിക്കപ്പെടുമെന്ന് മന്ത്രി പറഞ്ഞു.