പളളിക്കരയിലെ കൃഷിക്കാര്‍ കുഞ്ഞമ്പുവിന്റെ കൃഷിയിടത്തിലെത്തി

post

കാസര്‍ഗോഡ് : പരപ്പയിലെ  കരിച്ചേരി കുഞ്ഞമ്പുനായരുടെ കൃഷിയിടം കാണാന്‍ പളളിക്കര കൃഷിഭവന്‍ പരിധിയിലെ കര്‍ഷകരെത്തി. പരമ്പരാഗത കൃഷി വികാസ് യോജനയുടെ എക്‌സ്‌പോഷര്‍ വിസിറ്റിന്റെ ഭാഗമായാണ് ഇവര്‍ ഈ മാതൃക കൃഷിയിടത്തിലെത്തിയത്. കൂഞ്ഞമ്പുനായരുടെ അനുഭവങ്ങളും കൃഷി രീതികളും കണ്ടും കേട്ടും അറിഞ്ഞ ഇവര്‍ തങ്ങളുടെ കൃഷി സംബന്ധമായ സംശയങ്ങളെല്ലാം ചോദിച്ചറിഞ്ഞു. ജൈവകൃഷിയെ പ്രോത്സാഹിപ്പിച്ച് കൂടുതല്‍ ജൈവ കൃഷിയിടങ്ങള്‍ ഒരുക്കുന്ന പദ്ധതിയാണ് പരമ്പരാഗത കൃഷി വികാസ് യോജന. ഒരു കൃഷിഭവന് കീഴില്‍ തെരെഞ്ഞെടുക്കപ്പെട്ട 50 കര്‍ഷകരാണ് പദ്ധതിയുടെ ഭാഗമാവുക. ഇതുവഴി 50 ഏക്കര്‍ സ്ഥലത്ത് ജൈവകൃഷി ഉറപ്പുവരുത്താനാണ് ലക്ഷ്യമിടുന്നത്. ഇതിനായി കൃഷിക്കാര്‍ക്ക് പരിശീലനവും ഉപകരണങ്ങളും നല്‍കും. പദ്ധതിയുടെ ഭാഗമായി ജൈവ കീടനാശിനികള്‍, ഓര്‍ഗാനിക് കമ്പോസ്റ്റ്, ജൈവവേലി തുടങ്ങിയവ കൃഷിക്കാര്‍ നിര്‍മ്മിക്കും. അസിസ്റ്റന്റ് കൃഷി ഓഫീസര്‍ എ.വി.മധു, കൃഷി അസിസ്റ്റന്റ് കെ ഭാസ്‌കരന്‍ എന്നിവരും കര്‍ഷകര്‍ക്കൊപ്പമുണ്ടായിരുന്നു.

മാതൃകാ കര്‍ഷകന്‍ കുഞ്ഞമ്പുവിനെ അറിയാം

1.2 ഏക്കര്‍ വരുന്ന പാടത്ത് വിളഞ്ഞുകിടക്കുന്ന കോളി ഫ്‌ളവറും കാബേജുമാണ് കുഞ്ഞമ്പുനായരുടെ കൃഷിയിടത്തിലേക്കെത്തിയാല്‍ ആദ്യം വരവേല്‍ക്കുക. കൂടാതെ പയര്‍,പാവല്‍, ചീര, വഴുതിന, വെള്ളരി, കക്കരി, തക്കാളി, വെണ്ട,ചോളം, മത്തന്‍, മുളക്, കുമ്പളം എന്നിവയും ഈ പാടത്ത് സമൃദ്ധമാണ്. ഇതിനെല്ലാം പുറമെ തെങ്ങും കമുകും പശുവും തേനീച്ചയുമൊക്കെയായി കൃഷിയെ നെഞ്ചോട് ചെര്‍ത്ത് പിടിക്കുകയാണ് ഈ കര്‍ഷകന്‍. 'കൃഷി മക്കള്‍ക്ക് തുല്യമാണ്. മക്കളെ വളര്‍ത്തുമ്പോള്‍ അതില്‍ ലാഭം മാത്രം നേക്കുന്നതെന്തിനെന്നാണ് ' ഈ മാത്യകാ കര്‍ഷകന്‍ ചോദിക്കുന്നത്. 2018 ലെ മികച്ച പച്ചക്കറി കര്‍ഷകനുള്ള അവാര്‍ഡ് കുഞ്ഞമ്പുവിനായിരുന്നു. ഒന്നാം വിളയായി നെല്ല് കൃഷി ചെയ്തു വരുന്ന പാടത്ത് നവംബറോടെ പച്ചക്കറി കൃഷി ആരംഭിക്കും. 1975 ല്‍ കാബേജ് കൃഷി ചെയ്താണ് തുടക്കം.ഇന്നിപ്പോള്‍ ശൈത്യകാല വിളകള്‍ നന്നായി തഴച്ചു വളരുന്ന പച്ചക്കറിത്തോട്ടമാണ് കുഞ്ഞമ്പുവിന്റേത്. കൃഷി വകുപ്പിന്റെ തന്നെ പച്ചക്കറി കൃഷിയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ ഗുണഭോക്താവ് കൂടിയാണ് ഇദ്ദേഹം.പരപ്പയിലെ പ്രതിഭനഗറിലെ ഈ കൃഷിയിടത്തെ പരിപാലിക്കാന്‍ ഭാര്യ കമലാക്ഷിയും ഒപ്പമുണ്ട്.ഒരു മകളും രണ്ടാണ്മക്കളും അവരുടെ കുടുംബവും ചേര്‍ന്നതാണ് കുഞ്ഞമ്പു നായരുടെ കുടുംബം.