ജോബ് സ്‌കൂള്‍, വിധവകള്‍ക്ക് തൊഴില്‍ പദ്ധതി, ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനായി ആധുനികകേന്ദ്രം: 197.26 കോടിയുടെ ബജറ്റുമായി ജില്ലാ പഞ്ചായത്ത്
പാലക്കാട് : പട്ടികജാതി, പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ ഉറപ്പാക്കുക ലക്ഷ്യമിട്ട് ജോബ് സ്‌കൂള്‍, ജില്ലയിലെ 12,782 വിധവകള്‍ക്ക് തൊഴില്‍ നല്‍കുന്നതിനുള്ള പദ്ധതി, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് വിഭാഗത്തിന് തൊഴിലും പാര്‍പ്പിടവും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ആധുനിക കേന്ദ്രം തുടങ്ങിയ മികച്ച ക്ഷേമപദ്ധതികള്‍ ഉള്‍പ്പെടുത്തിയ ബജറ്റുമായി പാലക്കാട് ജില്ലാ പഞ്ചായത്ത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോളുടെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് ഭരണസമിതി ഹാളില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് സി. കെ.ചാമുണ്ണി 2022-23 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള 197.26 കോടിയുടെ ബജറ്റ് അവതരിപ്പിച്ചു.
കോവിഡ് രോഗബാധിതയായി അത്യാസന്നനിലയിലാവുകയും തിരികെ ജീവിതത്തിലേക്ക് നടന്നു കയറുകയും ചെയ്ത ജില്ല പഞ്ചായത്ത് ജീവനക്കാരി സരസ്വതി പങ്കുവെച്ച 'വിജയം' എന്ന പ്രതീക്ഷ പുലര്‍ത്തുന്ന കവിത യോടെയാണ് ഭരണസമിതിയുടെ രണ്ടാമത് ബജറ്റ് അവതരിപ്പിച്ചത്. 197,26,75,914 കോടി രൂപ വരവും 185,40,25,200 കോടി രൂപ ചിലവും 11,86,50,714 കോടി രൂപ നീക്കിയിരിപ്പും ഉള്ള ബജറ്റാണ് അവതരിപ്പിച്ചത്.
ബജറ്റിലെ പ്രധാന പദ്ധതികള്‍
ജോബ് സ്‌കൂള്‍
പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവജനങ്ങള്‍ക്ക് മത്സര പരീക്ഷകള്‍ക്ക് പരിശീലനം ലക്ഷ്യം. കേന്ദ്ര / സംസ്ഥാന/ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വിവിധങ്ങളായ തസ്തികകളിലേക്ക് നടക്കുന്ന മത്സരപരീക്ഷകളില്‍ പ്രായോഗിക പരിശീലനമടക്കം നല്‍കും.2022-23 വര്‍ഷത്തില്‍ 100 വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കി ആരംഭിക്കും.ഇതിനായി 50 ലക്ഷം രൂപ വകയിരുത്തും.
വിധവകള്‍ക്ക് തൊഴിലും വരുമാനവും:
5000 തൊഴില്‍ദാന പദ്ധതികള്‍
അര്‍ഹരായ മുഴുവന്‍ വിധവകള്‍ക്കും തൊഴിലും വരുമാനവും ഉറപ്പാക്കുന്ന പദ്ധതി നടപ്പാക്കും. ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയ സര്‍വ്വേ പ്രകാരം 12 782 വിധവകളാണ് ജില്ലയിലുള്ളത്. വിദ്യാഭ്യാസ യോഗ്യത, അഭിരുചി, സബ്‌സിഡി നിര്‍ദ്ദേശങ്ങള്‍, മാനദണ്ഡങ്ങള്‍ എന്നിവയ്ക്ക് അനുസൃതമായി കുടുംബശ്രീ, വനിതാ ശിശു വികസനം, ജില്ലാ വ്യവസായ കേന്ദ്രം തുടങ്ങിയ നിര്‍വഹണ അധികാരികളുടെ സഹായത്തോടെ പദ്ധതികള്‍ നടപ്പാക്കും. എട്ടു കോടി രൂപയാണ് പദ്ധതിക്കായി ചിലവഴിക്കുക. 5000-ത്തോളം പുതിയ തൊഴിലവസരങ്ങള്‍ ഇതിന്റെ ഭാഗമായി സൃഷ്ടിക്കും.
ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്‌നായി ആധുനിക കേന്ദ്രം
ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് വരുമാനവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാതലത്തില്‍ ഒരു ആധുനിക കേന്ദ്രം നിര്‍മിക്കും. താമസിക്കുന്നതിനും തൊഴില്‍ സൗകര്യങ്ങളും ഉള്‍പ്പെടുത്തിയായിരിക്കും ഈ കേന്ദ്രത്തിന് രൂപം കൊടുക്കുന്നത് . ജില്ലയില്‍ നൂറ്റിമുപ്പതോളം ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ആണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
പുനരുജ്ജീവനം
ലഹരിക്കെതിരെ കുട്ടികളുടെ നാടകം വണ്ടികള്‍ നടപ്പിലാക്കും. പൊതു ഉടമസ്ഥതയില്‍ ജില്ലയില്‍ മാനസികാരോഗ്യകേന്ദ്രം, ഡി അഡിക്ഷന്‍ സെന്റര്‍ ആരംഭിക്കും. ലഹരിക്കെതിരെ സിനിമ നിര്‍മ്മിക്കുന്നതും ജില്ലാ പഞ്ചായത്തിന്റെ പരിഗണനയിലുണ്ട്. ഈ കാര്യങ്ങള്‍ക്കായി ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
ജില്ലക്ക് ഒരു ഫുട്‌ബോള്‍ ടീം
സ്ഥിര വരുമാനത്തിന് പ്രയാസമനുഭവിക്കുന്ന പ്രതിഭാധനരായ ഫുട്‌ബോള്‍ താരങ്ങളെ കോര്‍ത്തിണക്കി ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ ധനരാജിന്റെ സ്മരണാര്‍ത്ഥം ഒരു ഫുട്‌ബോള്‍ ടീം രൂപീകരിക്കും. ഫുട്‌ബോള്‍ അസോസിയേഷന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തുടങ്ങിയവരുടെ വിദഗ്ധ അഭിപ്രായത്തോടെ പദ്ധതി തയ്യാറാക്കും. 50 ലക്ഷം രൂപ വകയിരുത്തി.
സ്‌നേഹസ്പര്‍ശം തുടരും
ജില്ലയിലെ വൃക്ക മാറ്റിവെക്കപ്പെട്ടവര്‍ക്ക് തുടര്‍ ചികിത്സയും മരുന്നും സൗജന്യമായി നല്‍കുന്ന സ്‌നേഹസ്പര്‍ശം പദ്ധതി ഗ്രാമ ബ്ലോക്ക് പഞ്ചായത്തുകളുടെ സഹായത്തോടെ തുടരും. കൂടാതെ കരള്‍ മാറ്റിവെക്കപ്പെട്ട വരെയും ഹീമോഫീലിയ രോഗികളെയും ഉള്‍പ്പെടുത്തും. ജില്ലാ പഞ്ചായത്ത് വിഹിതമായി ഒരു കോടി രൂപ വകയിരുത്തും.
ഉല്‍പ്പാദന മേഖലക്ക് 40 ശതമാനം
ജില്ലയിലെ പ്രധാന ജീവനോപാധിയായ കൃഷി ഉള്‍പ്പെടുന്ന ഉല്‍പ്പാദന മേഖലയ്ക്ക് 40 ശതമാനത്തോളം തുക നീക്കിവെച്ചിട്ടുണ്ട്. കര്‍ഷകര്‍ക്ക് ഉഴവു കൂലി നല്‍കുന്ന സമൃദ്ധി പദ്ധതി തുടരും. പ്രത്യേക ഘടക പദ്ധതിയിലെ ഒരു കോടി ഉള്‍പ്പെടെ 11 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ക്ഷീരകര്‍ഷകര്‍ക്ക് പാലിന് ലിറ്ററിന് ഒരു രൂപ ജില്ലാ പഞ്ചായത്ത് സബ്‌സിഡി നല്‍കുന്ന ക്ഷീര സമൃദ്ധി പദ്ധതിക്ക് ഒന്നര കോടി വകയിരുത്തും. മത്സ്യ കൃഷി, ജൈവ പച്ചക്കറി, മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ എന്നിവയെ പ്രോത്സാഹിപ്പിക്കും. ഉത്തരവാദിത്വ ടൂറിസം പദ്ധതിക്കായി അഞ്ചുകോടിയും ചെറുകിട വ്യവസായ സംരംഭങ്ങള്‍ക്ക് 25 ലക്ഷവും വകയിരുത്തും.
കാറ്റില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതിക്ക് മൂന്ന് കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ബ്ലോക്ക് കേന്ദ്രങ്ങളില്‍ പരമ്പരാഗത തൊഴില്‍ കേന്ദ്രങ്ങള്‍ പുതുതായി ആരംഭിക്കും.
സേവന മേഖലയ്ക്ക് 35 കോടി
സേവന മേഖലയില്‍ 35 കോടിയുടെ പദ്ധതികളാണ് ജില്ലാ പഞ്ചായത്ത് ബജറ്റില്‍ ലക്ഷ്യമിടുന്നത്. ആരോഗ്യം, വിദ്യാഭ്യാസം മേഖലയ്ക്ക് പ്രാധാന്യം നല്‍കും. ഭിന്നശേഷിക്കാര്‍ക്കായി പൊതു ഉടമസ്ഥതയില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ കേന്ദ്രം ജില്ലാ ആസ്ഥാനത്തോട് ചേര്‍ന്ന് സ്ഥാപിക്കും.
ജില്ലാ ആശുപത്രിയിലെ ഭൗതികസൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ പരമ്പരാഗത ജലസ്രോതസ്സുകളെ നവീകരിക്കും.
വയോ സൗഹൃദം
വയോജനങ്ങള്‍ക്കായി ജില്ലാ പഞ്ചായത്ത് പദ്ധതി പ്രകാരം നിര്‍മ്മിച്ച സ്‌നേഹ വീടുകളെ വയോ പാര്‍ക്കുകള്‍ ആയി മാറ്റും. വയോജനങ്ങളുടെ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്നരക്കോടി രൂപ ചെലവിടും.
ബാല സൗഹൃദം
ജില്ലാ പഞ്ചായത്ത് നിര്‍മിച്ച ബാലവിഹാരങ്ങളെ കുട്ടികളുടെ പാര്‍ക്കായി മാറ്റിയെടുക്കും. അങ്കണവാടികളെ ആധുനികവല്‍ക്കരിക്കാനും ലക്ഷ്യമിടുന്നു. ബജറ്റില്‍ മൂന്നര കോടി രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്.
സ്ത്രീ സൗഹൃദം
കുടുംബശ്രീ ജനകീയ ഭക്ഷണശാലകള്‍, പലഹാരവണ്ടികള്‍, സൂപ്പര്‍മാര്‍ക്കറ്റ്, വീട്ടുവളപ്പില്‍ മത്സ്യകൃഷി തുടങ്ങിയ വനിതാ മുന്നേറ്റ പദ്ധതികള്‍ക്കായി എട്ടു കോടി രൂപ നീക്കിവയ്ക്കും.
പട്ടികജാതി വികസനം
പട്ടികജാതി കോളനികളുടെ സമഗ്ര വികസനം, കുടിവെള്ള പദ്ധതി, വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്, തൊഴില്‍പരിശീലനവും തൊഴിലും ലഭ്യമാക്കല്‍, പ്രതിഭാ പിന്തുണ, പഠനമുറി തുടങ്ങിയ പദ്ധതികള്‍ ആവിഷ്‌കരിക്കും. പട്ടികജാതി മേഖലയുടെ സമഗ്ര വികസനത്തിന് 28 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്.
പട്ടികവര്‍ഗ്ഗ വികസനം
പട്ടികവര്‍ഗ കോളനികളുടെ സമഗ്ര വികസനം, കുടിവെള്ള പദ്ധതികള്‍ എന്നിവ നടപ്പിലാക്കും. പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി മത്സര പരീക്ഷാ പരിശീലനം, വിദേശത്ത് പഠനവും തൊഴിലും, സ്‌കോളര്‍ഷിപ്പ് തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കും. പട്ടികവര്‍ഗ ക്ഷേമത്തിന് അഞ്ച് കോടി രൂപ വകയിരുത്തും.
മെയിന്റനന്‍സ് നോണ്‍ റോഡ് പദ്ധതികള്‍
ജില്ലാ പഞ്ചായത്തിന് കൈമാറിക്കിട്ടിയ ജില്ലാ ആശുപത്രി, സ്‌കൂളുകള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കും അടിസ്ഥാന സൗകര്യവികസനങ്ങള്‍ക്കുമായി 22 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
മെയിന്റനന്‍സ് റോഡ്
ജില്ലാ പഞ്ചായത്ത് നിര്‍മ്മിച്ചതും കൈമാറി ലഭിച്ചതുമായ റോഡുകളുടെ അറ്റകുറ്റപണികള്‍ക്കായി 32 കോടി രൂപയുടെ പദ്ധതി ആവിഷ്‌കരിക്കും.
ബജറ്റ് അവതരണത്തില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.രാമന്‍കുട്ടി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ഭരണസമിതി അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, വിവിധ വകുപ്പ് മേധാവികള്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, ജില്ലാ പഞ്ചായത്ത് ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുത്തു.