നോര്‍ക്കയുടെ ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന് ഒരു വയസ്സ്

post

33 വിദേശ നാടുകളില്‍ നിന്ന് 2 ലക്ഷത്തോളം കോളുകളും ചാറ്റുകളും 

കൊച്ചി : നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ പ്രവാസികള്‍ക്ക് വേണ്ടി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ കോണ്‍ടാക്ട് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് ഒരു വര്‍ഷം തികഞ്ഞു. 2019 ഫെബ്രുവരി 15 ന് ദുബായില്‍ നടന്ന ലോക കേരള സഭയുടെ പ്രഥമ പശ്ചിമേഷ്യന്‍ മേഖലാ സമ്മേളനത്തില്‍  മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതിന്റെ  ഉദ്ഘാടനം നിര്‍വ്വഹിച്ചത്. അത്ഭുതപൂര്‍വമായ പ്രതികരണമാണ് ആദ്യ ദിവസം മുതല്‍ ഇതിന് ലഭിച്ചത്. ഏത് വിദേശരാജ്യത്ത് നിന്നും വിളിച്ച് നോര്‍ക്കയുടെ സേവനങ്ങള്‍ ആവശ്യപ്പെടുവാനും, പരാതികള്‍ രജിസ്റ്റര്‍ ചെയ്യുവാനും സാധിക്കും.

24 x 7 മണിക്കൂറും ടെലിഫോണിലോ, ലൈവ് ചാറ്റിലോ, പ്രവാസി മലയാളികള്‍ക്ക് 0091 8802012345 അന്താരാഷ്ട്ര ടോള്‍ ഫ്രീ നമ്പരില്‍ വിളിച്ച് നോര്‍ക്കയുടെ സേവനങ്ങളെക്കുറിച്ചുളള വിവരങ്ങള്‍ ആരായുവാനും പരാതികള്‍ രജിസ്റ്റര്‍ ചെയ്യുവാനും അവസരമൊരുക്കിയിട്ടുണ്ട്. ഉപഭോക്താവിന്റെ ഫോണില്‍ നിന്ന് പ്രസ്തുത നമ്പരിലേയ്ക്ക് ഡയല്‍ ചെയ്തതിന് ശേഷം കോള്‍ ഡിസ്‌കണക്ട് ആവുകയും 30 സെക്കറ്റിനുളളില്‍ നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററില്‍ നിന്നും കോള്‍ തിരികെ ലഭിക്കുകയും ചെയ്യും. കോള്‍ സെന്റര്‍ സേവനം സൗജന്യമാണ്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിളിക്കുന്നവര്‍ക്ക് 1800 425 3939 ലും സേവനം ലഭിക്കും.

ജി.സി.സി ആരംഭിച്ച 2019 ഫെബ്രുവരി 15 മുതല്‍  ഇതുവരെ 33 വിദേശരാജ്യങ്ങളില്‍ നിന്ന് 1,77,685 കോളുകളും വെബ്‌സൈറ്റ് മുഖേന 37,255 ചാറ്റുകളും  ലഭിച്ചിട്ടുണ്ട്.  തല്‍സമയ ചാറ്റ് സംവിധാനത്തിലൂടെ നോര്‍ക്കയുടെ വിവിധ സേവനങ്ങളെയും, പദ്ധതികളെയും കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാകും. നാളിതുവരെ കോള്‍ സെന്ററിലേക്ക് നോര്‍ക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റായ www.norkaroots.org മുഖേന 2,320 പരാതികളും ലഭിച്ചിട്ടുണ്ട്.

ഇന്ത്യ, യു. എ. ഇ, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നുമാണ് കോളുകള്‍  ഏറെയും വന്നത്.  ഇതിനു പുറമേ ഖത്തര്‍, കുവൈറ്റ്, ബഹറിന്‍, ഇന്തോനേഷ്യ, അഫ്ഗാനിസ്ഥാന്‍, ഒമാന്‍, ജര്‍മ്മനി, തുര്‍ക്കിമിനിസ്ഥാന്‍, ഇറാന്‍, ഉത്തര കൊറിയ, മലേഷ്യ, ശ്രീലങ്ക,യു.കെ, യു.എസ്.എ, കമ്പോഡിയ, ജോര്‍ജ്ജിയ, ഇറ്റലി, ഫ്രാന്‍സ്,ഐര്‍ലന്റ്, ലാവോസ്, മ്യാന്‍മാര്‍, ഫിലിപൈന്‍സ്, റഷ്യ, സൗത്ത് കൊറിയ, സ്‌പെയിന്‍, തായ്‌വാന്‍, താജികിസ്സ്ഥാന്‍, തായ്‌ലന്റ്  തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും കോളുകള്‍ ലഭിച്ചിട്ടുണ്ട്.

നോര്‍ക്ക റൂട്ട്‌സിന്റെ വിവിധ സേവനങ്ങളായ  റിക്രൂട്ട്‌മെന്റ്,  ഐ.ഡി കാര്‍ഡ്, NDPREM, അറ്റസ്‌സ്റ്റേഷന്‍,  ആംബുലന്‍സ് സര്‍വ്വീസ്, പരിശീലന പരിപാടികള്‍, സാന്ത്വന, പ്രവാസി ലീഗല്‍ എയ്ഡ് സെല്‍, നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്റര്‍, ലോക കേരള സഭ,  കുവൈറ്റ് വിസാ സ്റ്റാമ്പിംഗ്,  ഡയറക്‌ടേഴ്‌സ് സ്‌കോളര്‍ഷിപ്പ്,  ഭൗതിക ശരീരം നാട്ടിലെത്തിക്കല്‍,  പരാതികള്‍, കേരള പോലീസ് എന്‍. ആര്‍. ഐ സെല്‍,  പാസപോര്‍ട്ട,് വിവിധ അന്വേഷണങ്ങള്‍, പ്രവാസി ക്ഷേമനിധി ബോര്‍ഡ്, പ്രൊട്ടക്റ്റര്‍ ഓഫ് എമിഗ്രന്‍സ്, എംബസികളുടേയും കോണ്‍സിലേറ്റുകളുടേയും വിവരങ്ങള്‍,  എന്‍. ആര്‍. ഐ കമ്മീഷന്‍, തുടങ്ങിയവയെ കുറിച്ചുള്ള കോളുകള്‍ ലഭിച്ചിട്ടുണ്ട്.

പ്രവാസികളുടെ അന്വേഷണങ്ങള്‍ക്ക് തല്‍സമയം മറുപടി നല്‍കുന്നതിലൂടെ അവര്‍ക്ക് വളരെയധികം ആശ്വാസപ്രദവും പ്രയോജനകരവുമായ പദ്ധതിയായി മാറിയ ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ പ്രവര്‍ത്തനം  കൂടുതല്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നതായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.