മികച്ച തദ്ദേശസ്വയംഭരണ സ്ഥാനങ്ങള്‍ക്കുള്ള പുരസ്‌കാരം പ്രഖ്യാപിച്ചു

post

* പാപ്പിനിശ്ശേരി മികച്ച ഗ്രാമപഞ്ചായത്ത്

* നെടുമങ്ങാട് മികച്ച ബ്ലോക്ക് പഞ്ചായത്ത്

* തിരുവനന്തപുരം മികച്ച ജില്ലാ പഞ്ചായത്ത്

തിരുവനന്തപുരം : 2018-19 ല്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച് സ്വരാജ് ട്രോഫിക്കും പ്രത്യേക ധനസഹായത്തിനും അര്‍ഹത നേടിയ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളെ പ്രഖ്യാപിച്ചു. സെക്രട്ടേറിയറ്റ് അനക്‌സ് 1 ല്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി എ.സി. മൊയ്തീനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് മികച്ച ഗ്രാമപഞ്ചായത്തിനുള്ള ഒന്നാം സ്ഥാനം കരസ്ഥമാക്കി. എറണാകുളം ജില്ലയിലെ മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് രണ്ടും ആലപ്പുഴ ജില്ലയിലെ വീയപുരം ഗ്രാമപഞ്ചായത്ത് മൂന്നാം സ്ഥാനവും നേടി.
തിരുവനന്തപുരം ജില്ലയിലെ  നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിനെ മികച്ച ബ്ലോക്ക് പഞ്ചായത്തായി തെരഞ്ഞെടുത്തു. തൃശ്ശൂര്‍ ജില്ലയിലെ പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിനെ മികച്ച രണ്ടാമത്തെ ബ്ലോക്കായും കോട്ടയം ജില്ലയിലെ ളാലം ബ്ലോക്ക് പഞ്ചായത്തിനെ മികച്ച മൂന്നാമത്തെ ബ്ലോക്ക് പഞ്ചായത്തായും തെരഞ്ഞെടുത്തു. മികച്ച ജില്ലാ പഞ്ചായത്തിനുള്ള പുരസ്‌കാരം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നേടി.  കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് രണ്ടാം സ്ഥാനത്തെത്തി. കൊല്ലം ജില്ലാ പഞ്ചായത്തും എറണാകുളം ജില്ലാ പഞ്ചായത്തും മൂന്നാം സ്ഥാനത്തെത്തി.

  സംസ്ഥാന തലത്തില്‍ മൂന്നു വിഭാഗങ്ങളിലെയും ഒന്നാം സ്ഥാനം നേടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് 25 ലക്ഷം രൂപ പ്രത്യേക പദ്ധതി  ധനസഹായവും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവുമാണ് പുരസ്‌കാരമായി നല്‍കുക. രണ്ടാം സ്ഥാനത്തിന് 20 ലക്ഷം രൂപയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും മൂന്നാം സ്ഥാനത്തിന് 15 ലക്ഷം രൂപയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും.

ജില്ലാ തലത്തിലുള്ള മികച്ച ഗ്രാമപഞ്ചായത്തുകളെയും പ്രഖ്യാപിച്ചു. ജില്ല, ഒന്നും രണ്ടും സ്ഥാനം നേടിയ ഗ്രാമപഞ്ചായത്തുകള്‍ എന്ന ക്രമത്തില്‍:

തിരുവനന്തപുരം - ചെമ്മരുതി ഗ്രാമപഞ്ചായത്ത്,  മംഗലപുരം ഗ്രാമപഞ്ചായത്ത്

കൊല്ലം-    പൂതക്കുളം ഗ്രാമപഞ്ചായത്ത്, നെടുമ്പന ഗ്രാമപഞ്ചായത്ത്

പത്തനംതിട്ട- തുമ്പമണ്‍ ഗ്രാമപഞ്ചായത്ത്, മെഴുവേലി ഗ്രാമപഞ്ചായത്ത്

ആലപ്പുഴ- കുമാരപുരം ഗ്രാമപഞ്ചായത്ത്, മാവേലിക്കര തെക്കേക്കര ഗ്രാമപഞ്ചായത്ത്

കോട്ടയം- വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത്, അയ്മനം ഗ്രാമപഞ്ചായത്ത്

ഇടുക്കി- വട്ടവട ഗ്രാമപഞ്ചായത്ത്, മണക്കാട് ഗ്രാമപഞ്ചായത്ത്

എറണാകുളം- രായമംഗലം ഗ്രാമപഞ്ചായത്ത്, മാറാടി ഗ്രാമപഞ്ചായത്ത്, പാലക്കുഴ ഗ്രാമപഞ്ചായത്ത്

തൃശ്ശൂര്‍- പൂമംഗലം ഗ്രാമപഞ്ചായത്ത്, അളഗപ്പ നഗര്‍ ഗ്രാമപഞ്ചായത്ത്

പാലക്കാട്-  ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത്, വെള്ളിനേഴി ഗ്രാമപഞ്ചായത്ത്

മലപ്പുറം- പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത്, മാറഞ്ചേരി ഗ്രാമപഞ്ചായത്ത്

കോഴിക്കോട് - ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്, പനങ്ങാട് ഗ്രാമപഞ്ചായത്ത്

വയനാട്- മൂപ്പൈനാട് ഗ്രാമപഞ്ചായത്ത്, കോട്ടത്തറ ഗ്രാമപഞ്ചായത്ത്

കണ്ണൂര്‍-കരിവെള്ളൂര്‍ പെരളം ഗ്രാമപഞ്ചായത്ത്, പരിയാരം ഗ്രാമപഞ്ചായത്ത്

കാസര്‍ഗോഡ്- ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത്, ബേഡഡുക്ക ഗ്രാമപഞ്ചായത്ത്

ജില്ലാ തലത്തില്‍ അവാര്‍ഡ് നേടിയ ഗ്രാമപഞ്ചായത്തുകള്‍ക്ക് യഥാക്രമം പത്ത് ലക്ഷം, അഞ്ച് ലക്ഷം രൂപ വീതം പ്രത്യേകം ധനസഹായവും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും. പുരസ്‌കാരം ഈ മാസം 18 നും 19 നും വയനാട് വൈത്തിരിയില്‍ നടക്കുന്ന പഞ്ചായത്ത് ദിനാഘോഷത്തില്‍ വിതരണം ചെയ്യും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിനിയോഗത്തില്‍ റെക്കോഡ് നേട്ടമാണുണ്ടായതെന്ന് മന്ത്രി പറഞ്ഞു. തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായും സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം (വികേന്ദ്രീകൃത ആസൂത്രണം), നഗരകാര്യ ഡയറക്ടര്‍, ഗ്രാമവികസന കമ്മീഷണര്‍, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കില ഡയറക്ടര്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഡി.പി. ഡിവിഷന്‍ ചീഫ്, സ്റ്റേറ്റ് റിസോര്‍സ് ഗ്രൂപ്പ് കണ്‍വീനര്‍ എന്നിവര്‍ അംഗങ്ങളും പഞ്ചായത്ത് ഡയറക്ടര്‍ കണ്‍വീനറുമായ സമിതിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദാ മുരളീധരന്‍, ഗ്രാമവികസന കമ്മീഷണര്‍ പദ്മകുമാര്‍, പഞ്ചായത്ത് വകുപ്പ് അഡീ.ഡയറക്ടര്‍ അജിത്കുമാര്‍, കില ഡയറക്ടര്‍ ഡോ. ജോയ് ഇളമണ്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു