സഹകരണ മേഖലയെ തകര്‍ക്കാനുള്ള നീക്കങ്ങളെ ചെറുത്ത് നില്‍ക്കണം; മുഖ്യമന്ത്രി പിണറായി വിജയന്‍

post

നീലേശ്വരം അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ സഹകരണ സംഘം ഹെഡ് ഓഫീസ് ഉദ്ഘാടനം ചെയ്തു

സഹകരണ മേഖലയെ തകര്‍ക്കാനുള്ള  ചെറുതും വലുതുമായ എല്ലാ നീക്കങ്ങളെയും ഇനിയും എതിര്‍ക്കേണ്ടതുണ്ടെന്നും ഇത്തരം നീക്കങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ശകതമായ നിലപാടാണ് ഇതുവരെ സ്വീകരിച്ചുവന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നീലേശ്വരം അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍  സഹകരണ സംഘം ഹെഡ് ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയെ തകര്‍ക്കാന്‍ എന്തൊക്കെ നടപടികള്‍ ആവാം എന്ന് കൂടുതല്‍ കൂടുതല്‍ ഗവേഷണത്തിലേക്ക് കടക്കുകയാണ്. കേരള നിയമസഭ പാസാക്കിയ സഹകരണ നിയമത്തിന്റെ ഭാഗമായാണ് സഹകരണ സംഘങ്ങള്‍ രൂപം കൊള്ളുന്നത്. പക്ഷെ നിയമവിരുദ്ധ പ്രവര്‍ത്തനമാണ് കേരളത്തില്‍ നടക്കുന്നു എന്ന തരത്തില്‍ ഇടപെടലുകള്‍ ഉണ്ടാവുന്നു. ഇത് ഒരു തരത്തിലും സഹകരണമേഖലക്ക് യോജിക്കാവുന്നതല്ല. കേരളത്തില്‍ വിവിധ സര്‍ക്കാരുകള്‍ അധികാരത്തിലിരുന്നിട്ടുണ്ട്. ആഗോള വല്‍കരണ നയം നടപ്പാക്കിയ ശേഷം  സഹകരണ മേഖലയെ തകര്‍ക്കുന്ന നിര്‍ദേശങ്ങള്‍ക്കെതിരെ ശക്തമായ നിലപാടാണ് എല്ലാ സര്‍ക്കാറുകളും കേരളത്തില്‍ സ്വീകരിച്ചിട്ടുള്ളത്. പക്ഷെ  ഒരു മാറ്റവുമില്ലാതെ കേരളത്തിലെ സഹകരണമേഖലക്കെതിരായ നടപടികള്‍ ഇപ്പോഴും തുടരുകയാണ്. സഹകരണ മേഖലക്ക് തകര്‍ച്ചയുണ്ടാക്കാനുതകുന്ന ഒട്ടേറെ നിയമവ്യവസ്ഥകള്‍, ഭരണ ഘടനാ ഭേദഗതികള്‍ അടക്കം കൊണ്ടുവന്നിരിക്കുകയാണ്. ഇതിനെ  ചെറുത്ത് കൊണ്ടുമാത്രമേ സഹകരണ മേഖലക്ക് മുന്നോട്ട് പോവാനാവൂ. കേരളത്തിലെ സഹകരണമേഖല ഒന്നാകെ ഇത്തരം നീക്കങ്ങളെ എതിര്‍ക്കുന്നു എന്നത് സന്തോഷം നിറഞ്ഞ കാര്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സഹകരണ മേഖല വളര്‍ന്ന് വന്നപ്പോള്‍ അസൂയയും കുശുമ്പും കാരണം സഹകരണ മേഖലയ്ക്ക് നേരെയുള്ള നടപടികള്‍ പലതരത്തിലും വരുന്നുണ്ട്. എന്നാല്‍ അസൂയയില്‍ മാത്രം ഒതുക്കാവുന്നതല്ല ഇത്.  രാജ്യത്ത് സഹകരണ പ്രസ്ഥാനത്തിന് വലിയ പിന്തുണ നല്‍കുന്ന സമീപനമായിരുന്നു രാജ്യം പൊതുവെ സ്വീകരിച്ചത്. ഒരു ഘട്ടമെത്തിയപ്പോള്‍ അതിന് മാറ്റം വന്നു. രാജ്യം ആഗോളവല്‍കരണ നയം അംഗീകരിച്ചതോടെയാണ് ഈ മാറ്റം വന്നത്.ഇന്ത്യയില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സഹകരണ മേഖലക്കും വലിയ പിന്തുണയാണ് ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ കേന്ദ്ര ഭരണാധികാരികളും കേന്ദ്ര സര്‍ക്കാരും നല്‍കിയത്. എന്നാല്‍ ആഗോളവല്‍കരണനയം അംഗീകരിച്ചതോടെ നേരെമറിച്ചായി കാര്യങ്ങള്‍. പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ ഒന്നൊന്നായി സ്വകാര്യവല്‍കരിക്കപ്പെടുകയാണ്. പൊതുമേഖല വേണ്ടതില്ല എന്ന സമീപനം ആഗോളവത്കരണത്തിന്റെ ഭാഗമായി വരുന്നു. ഇതേ അവസ്ഥയാണ് സഹകരണ മേഖലയ്ക്കും ബാധകമാകുന്നത്. ആഗോളവത്കരണ നയം അംഗീകരിക്കുന്നതിന് മുമ്പ് നിരവധി കമ്മിറ്റികളും കമ്മീഷനുകളുമൊക്കെ സഹകരണ മേഖലയെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാറുണ്ട്. അതെല്ലാം സഹകരണമേഖലയെ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ സഹായകമായിരുന്നു. എന്നാല്‍ ആഗോള വത്കരണ നയം അംഗീകരിച്ചതിനു ശേഷം വന്നിട്ടുള്ള എല്ലാ റിപ്പോര്‍ട്ടുകളും സഹകരണ മേഖലയ്ക്ക് എതിരാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

എം രാജഗോപാലന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍  സഹകരണ സംഘം ഹെഡ് ഓഫീസിലെ മിനി ഓഡിറ്റോറിയം  മുന്‍ എം.പി പി.കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. കേരള കോ ഓപ്പറേറ്റീവ് ഡെപ്പോസിറ്റ് ഗ്യാരണ്ടി ഫണ്ട് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ.പി സതീശ് ചന്ദ്രന്‍ കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ചെയ്തു.  മുന്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എം.വി ബാലകൃഷ്ണന്‍ കമേഴ്ഷ്യല്‍ കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്തു , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ സെയ്ഫ് ലോക്കര്‍ ഉദ്ഘാടനം ചെയ്തു.  നീലേശ്വരം നഗരസഭാ ചെയര്‍ പേഴ്‌സണ്‍ ടി.വി. ശാന്ത ഷെയര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.  കാസര്‍കോട് ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ എ രമ ആദ്യ നിക്ഷേപം സ്വീകരിച്ചു. കേരള ബാങ്ക് ഡയറക്ടര്‍ സാബു എബ്രഹാം മൊബൈല്‍ ബാങ്കിംഗ് ഉദ്ഘാടനം ചെയ്തു. ഹൊസ്ദുര്‍ഗ് അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ.രാജഗോപാലന്‍ മെമ്പര്‍ റിലീഫ് ഫണ്ട് വിതരണം ചെയ്തു.

നീലേശ്വരം കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് പ്രസിഡണ്ട് കെ.പി നാരായണന്‍, നീലേശ്വരം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എം രാധാകൃഷ്ണന്‍ നായര്‍, നീലേശ്വരം ബ്ലോക്ക് അഗ്രിക്കള്‍ച്ചറിസ്റ്റ് ഇംപ്രൂവ്‌മെന്റ് സൊസൈറ്റി പ്രസിഡണ്ട് കെ.കെ നാരായണന്‍, നീലേശ്വരം നഗരസഭാ കൗണ്‍സിലര്‍ ഇ ഷജീര്‍, കാസര്‍കോട് പ്ലാനിംഗ് എ ആര്‍, ഹൊസ്ദുര്‍ഗ് സഹകരണ ഓഡിറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ പി.കെ ബാലകൃഷ്ണന്‍, കണ്‍കറന്റ് ഓഡിറ്റര്‍ കെ ജഗദീഷ് ശ്രീധര്‍, എം രാജന്‍, മാമുനി വിജയന്‍, റഫീഖ് കോട്ടപ്പുറം, പി വിജയകുമാര്‍, ടി രാധാകൃഷ്ണന്‍, ഷംശുസ്സുദ്ദീന്‍ അരിഞ്ചിറ , കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, കെ രഘു, കെ വി സുരേഷ് കുമാര്‍, വിവി ഉദയകുമാര്‍, സര്‍ഗ്ഗം വിജയന്‍ എന്നിവര്‍ സംസാരിച്ചു. നീലേശ്വരം അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ വെല്‍ഫെയര്‍ സഹകരണ സംഘം പ്രസിഡണ്ട് കെ.പി രവീന്ദ്രന്‍ കണ്ണോത്ത് സ്വാഗതവും സെക്രട്ടറി പി വി ഷീജ നന്ദിയും പറഞ്ഞു.




cm