സഹകരണമേഖലയെ തകര്‍ക്കാനുള്ള നീക്കത്തിന് സഹകരണ സംഘങ്ങള്‍ മികവാര്‍ന്ന പ്രവര്‍ത്തനത്തിലൂടെ മറുപടി നല്‍കണം : മുഖ്യമന്ത്രി

post

പിലിക്കോട് അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ സഹകരണ സംഘം കെട്ടിടം ഉദ്ഘാടനം ചെയ്തു


സഹകരണമേഖലയെ തകര്‍ക്കാനുള്ള നീക്കത്തിന് സഹകരണ സംഘങ്ങള്‍ മികവാര്‍ന്ന പ്രവര്‍ത്തനത്തിലൂടെ മറുപടി നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാലിക്കടവില്‍ പിലിക്കോട് അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ സഹകരണ സംഘം പുതുതായി നിര്‍മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രാജ്യം ആഗോളീകരണ നയമംഗീകരിച്ചതോടെ സഹകരണ മേഖലയെ പല രീതിയില്‍ വേട്ടയാടുകയാണ്. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടേറെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇല്ലാതാക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നു.

കേരളത്തിലെ എല്ലാ സര്‍ക്കാരുകളും സഹകരണ മേഖലയെ സംരക്ഷിക്കാന്‍ ശക്തമായ നിലപാട് സ്വീകരിച്ചു. സഹകരണ മേഖലയും സഹകാരികളും കൂടെ നിന്നു. സഹകണ പൊതുമേഖലാ സ്ഥാപനങ്ങള്‍ നാടിന് ആവശ്യമാണ്. അത് നിലനിര്‍ത്തുന്നതിനുള്ള പിന്തുണ നല്‍കുന്നതാണ് സര്‍ക്കാര്‍ നിലപാട്. നാം കരുതലോടെ ഇരിക്കേണ്ട ഘട്ടമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സഹകരണ മേഖലയുടെ സ്പര്‍ശമേല്‍ക്കാത്ത ഒന്നും കേരളത്തിലില്ല. ജനനം മുതല്‍ മരണം വരെ മനുഷ്യ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും കരുതലായി കൂടെ നില്‍ക്കുന്നു. ചില അപഭ്രംശങ്ങള്‍ അപൂര്‍വമായി ഉണ്ടായെങ്കിലും അഴിമതിരഹിത പ്രസ്ഥാനമായി തല ഉയര്‍ത്തി തന്നെ സഹകരണമേഖലയ്ക്ക് നിലനില്‍ക്കാന്‍ കഴിഞ്ഞു. ദേശീയ പ്രസ്ഥാനത്തിന്റെയും നവോത്ഥാന പ്രസ്ഥാനത്തിന്റേയും കൂടെ സഹകരണ മേഖല എല്ലായിടങ്ങളിലും വ്യാപിച്ചു. സഹകരണ മേഖലയില്‍ നിക്ഷേപങ്ങള്‍ അനുദിനം വര്‍ദ്ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ എം.രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷനായി. ഓഡിറ്റോറിയം ഉദ്ഘാടനം ഖാദി ബോര്‍ഡ് മുന്‍ വൈസ് ചെയര്‍മാന്‍ എം. വി. ബാകൃഷ്ണന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം കേരള ബാങ്ക് ഡയറക്ടര്‍ സാബു എബ്രഹാം നിര്‍വഹിച്ചു. സ്ട്രോങ്ങ് റൂം, മൈത്രി ഇലക്ട്രിക്കല്‍ ആന്‍ഡ് പ്ലംബിംഗ് സാനിറ്ററി ഷോപ്പ് , മൈത്രി പെയിന്റ് ഷോറും, മൈത്രി വെജ്കോ മാര്‍ട്ട് എന്നിവയുടെ ഉദ്ഘാടനവും നടന്നു. ആദ്യ ചീഫ് പ്രമോട്ടര്‍ സി.വി. അപ്പുവിനെ സംഘാടകസമിതി ചെയര്‍മാന്‍ ടി. വി. ഗോവിന്ദന്‍ ആദരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി പ്രസന്ന കുമാരി, കാസര്‍കോട് ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ എ. രമ, സംഘം പ്രസിഡന്റ് എന്‍. രവീന്ദ്രന്‍, ഹൊസ്ദുര്‍ഗ് അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറല്‍ കെ. രാജഗോപാലന്‍, കാസര്‍കോട് പ്ലാനിംഗ് എആര്‍ എം. ആനന്ദന്‍, ഹൊസ്ദുര്‍ഗ്ഗ് സഹകരണ ഓഡിറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ പി.കെ.ബാലകൃഷ്ണന്‍,തൃക്കരിപ്പൂര്‍ യൂണിറ്റ് ഇന്‍സ്പെക്ടര്‍ എ കെ സന്തോഷ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം. മനു, ബ്ലോക്ക് പഞ്ചായത്തംഗം എം.വി. സുജാത, പിലിക്കോട് പഞ്ചായത്തംഗം പി കെ റഹീന, മുന്‍ ജില്ലാ ബാങ്ക് പ്രസിഡന്റ് എം.വി. കോമന്‍ നമ്പ്യാര്‍, കൊടക്കാട് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ എസ് സിബി പ്രസിഡന്റ് സി. വി. നാരായണന്‍, മാണിയാട്ട് എസ് സിബി പ്രസിഡന്റ് വി. വി. നാരായണന്‍, എ. വി. ചന്ദ്രന്‍, സി.എം. മീനാകുമാരി, കാലിക്കടവ് റൂറല്‍ അഗ്രിക്കള്‍ച്ചറല്‍ സൊസൈറ്റി പ്രസിഡന്റ് വി.കെ. രവീന്ദ്രന്‍, ഇ. കുഞ്ഞിരാമന്‍, നവീന്‍ ബാബു, രവീന്ദ്രന്‍ മാണിയാട്ട്, പി.വി. ഗോവിന്ദന്‍, നിഷാം പട്ടേല്‍, എം. ഭാസ്‌കരന്‍, എം. വി. ചന്ദ്രന്‍, കെ. പ്രഭാകരന്‍, സി. ഭരതന്‍, കെ.വി.രാജേഷ്, എം. രാഘവന്‍, എം. പുരുഷോത്തമന്‍, കെ. ജയരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



cm