കേരളത്തിലെ 50 ശതമാനം റോഡും അഞ്ച് വര്‍ഷത്തിനകം ബി എം ബി സി റോഡുകളാക്കും: മന്ത്രി മുഹമ്മദ് റിയാസ്

post

അഞ്ച് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ അമ്പത് ശതമാനം റോഡും ബി എം ആന്റ്  ബി സി നിലവാരമുള്ള റോഡുകളാക്കുമെന്നും അതിനുള്ള കഠിന പരിശ്രമത്തിലാണ് പൊതുമരമാത്ത് വകുപ്പെന്നും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. സംസ്ഥാന സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഒരു വര്‍ഷത്തിനുള്ളില്‍ 1410 കിലോമീറ്റര്‍ റോഡുകള്‍  ബിഎം ആന്റ്  ബിസി  റോഡുകളാക്കുകയും നിലവില്‍ 2544 കിലോമീറ്റര്‍ റോഡുകള്‍ ഇതേ നിലവാരത്തിലേക്ക് മാറ്റുന്നതിനുള്ള പ്രവൃത്തികള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. വടക്കാഞ്ചേരി, ഒല്ലൂര്‍  മണ്ഡലങ്ങളിലായി കുണ്ടുകാട് കട്ടിലപ്പൂവ്വം പാണ്ടിപ്പറമ്പ്  മലയോര മേഖല റോഡ് പ്രവൃത്തിയുടെ നിര്‍മ്മാണോദ്ഘാടനത്തിന്റെ ഭാഗമായി ശിലാഫലകം അനാച്ഛദനം ചെയ്യുകയായിരുന്നു മന്ത്രി.  


മെയ് 13, 14 തിയതികളില്‍ നടക്കുന്ന പട്ടയമേളയില്‍ ജില്ലയില്‍ 400 മലയോര പട്ടയങ്ങള്‍ വിതരണം ചെയ്യാനാകുമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. കുണ്ടുകാട്  കട്ടിലപ്പൂവ്വം  പാണ്ടിപ്പറമ്പ് മലയോര മേഖല പൊതുമരാമത്ത് വകുപ്പ് റോഡ് നവീകരണത്തിനായി 2020 2 1 സാമ്പത്തിക  വര്‍ഷത്തില്‍ നബാര്‍ഡ് പ്രവൃത്തികളില്‍ ഉള്‍പ്പെടുത്തി 11.97 കോടി രൂപയ്ക്കുള്ള അനുമതിയാണ് ലഭ്യമായിട്ടുള്ളത്.

മച്ചാട്  താണിക്കുടം റോഡിലെ കുണ്ടുകാട് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് കട്ടിലപൂവ്വം വഴി പാണ്ടിപ്പറമ്പ് ഇംഗ്ഷനില്‍ അവസാനിക്കുന്നു. 7.365 കീ മീ ദൂരമുള്ള റോഡിന്റെ ആദ്യത്തെ 250 മീറ്റര്‍ ദൂരം വടക്കാഞ്ചേരി  മണ്ഡലത്തിലും ബാക്കി ഒല്ലൂര്‍ മണ്ഡലത്തിലുമായാണ് വരുന്നത്. കാനകള്‍ നിര്‍മ്മിച്ചും കാലപ്പഴക്കം വന്ന കലുങ്കുകള്‍ പുനര്‍ നിര്‍മാണം നടത്തിയും ആവശ്യമായ സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കിയാണ് ഈ പാത ബിഎം ആന്റ് ബിസി നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്.

കട്ടിലപ്പൂവ്വം ഗവ ഹയര്‍സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ, ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ ആര്‍ രവി, മാടക്കത്തറ വൈസ് പ്രസിഡന്റ് സണ്ണി ചെന്നിക്കര, തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി സുനില്‍ കുമാര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി എസ് വിനയന്‍, പൊതുമരാമത്ത് വകുപ്പ് മദ്ധ്യമേഖല കാര്യാലയം സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ കെ ടി ബിന്ദു, എക്‌സിറ്റിയൂട്ടീവ് എഞ്ചിനിയര്‍ എസ് ഹരീഷ് , വാര്‍ഡ് മെമ്പര്‍ സോഫി സോജന്‍, വിവിധ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.