തീരദേശ ജില്ലകളില്‍ ശാസ്ത്രീയ മത്സ്യബന്ധനം ഉറപ്പാക്കും ; മുഖ്യമന്ത്രി പിണറായി വിജയന്‍

post

കീഴൂര്‍ ഫിഷറീസ് സ്റ്റേഷന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു


സംസ്ഥാനത്ത് ഫിഷറീസ് സ്റ്റേഷനുകള്‍ നിലവിലുള്ള ജില്ലകളില്‍ ശാസ്ത്രീയ മത്സ്യബന്ധനം ഉറപ്പാക്കാന്‍ സാധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാസര്‍കോട് കീഴൂര്‍, ഫിഷറീസ് സ്റ്റേഷന്‍ ഉള്‍പ്പെടെ ആലപ്പുഴ തോട്ടപ്പള്ളി , തൃശൂര്‍ അഴീക്കോട് , മലപ്പുറം പൊന്നാനി ഫീഷറീസ് സ്റ്റേഷനുകള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ഇതോടെ സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ഫിഷറീസ് സ്റ്റേഷന്‍ എന്ന നേട്ടത്തിലെത്തി. കേരളത്തിലെ മത്സ്യമേഖലക്കും മത്സ്യത്തൊഴിലാളികള്‍ക്കും ഫിഷറീസ് സ്റ്റേഷനുകള്‍ ഏറെ പ്രയോജനകരമാണ്. മത്സ്യബന്ധനം ആദായകരമാക്കുന്നതിനും മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഫീഷറീസ് സ്റ്റേഷന്‍ വലിയ പങ്കാണ് വഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ സമ്പദ് ഘടനയില്‍ നിര്‍ണായ പങ്കാണ് മത്സ്യ ബന്ധന മേഖല വഹിച്ചുകൊണ്ടിരിക്കുന്നത്. ശാസ്ത്രീയ മത്സ്യബന്ധനം ഉറപ്പാക്കുന്നതിനും മത്സ്യ ഉത്പാദനം കൂട്ടുന്നതിനും ഒട്ടേറെ ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇതിന്റെ ഫലമായി 2018  -19ല്‍ സമുദ്ര മത്സ്യോത്പാദനം 6.09 ലക്ഷം മെട്രിക് ടണ്ണായി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ശുഭകരമായ സൂചനയുണ്ടായി. 2021-22 വര്‍ഷത്തില്‍ 6 ലക്ഷം മെട്രിക് ടണ്ണിനോടടുത്ത് ഉല്പാദനം എത്തി എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കടലില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഫിഷീറീസ് ഡയറക്ടറേറ്റ് കേന്ദ്രീകരിച്ച് ഒരു മാസ്റ്റര്‍ കണ്‍ട്രോള്‍ റൂമും അതോടൊപ്പം വിഴിഞ്ഞം, വൈപ്പിന്‍, ബേപ്പൂര്‍ ഫീഷറീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് മൂന്ന് റീജ്യണല്‍ കണ്‍ട്രോള്‍ റൂമുകളും സജ്ജമാക്കിയിട്ടുണ്ട്. ഇവയ്ക്ക് പുറമെയാണ് നാല് പുതിയ ഫീഷറീസ് സ്റ്റേഷനുകള്‍ നിലവില്‍ വരുന്നത്. സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ഫലപ്രദമായി നടപ്പാക്കുന്നതോടൊപ്പം കടല്‍ രക്ഷാ പ്രവര്‍ത്തനം ജില്ലാതലത്തില്‍ ഏകോപിപ്പിക്കുന്നതിനും ഫീഷറീസ് സ്്റ്റേഷനുകള്‍ ഉപകാരപ്പെടും. എല്ലാവിധ  ആധുനിക സംവിധാനങ്ങളോടും കൂടി സജ്ജമാക്കിയിട്ടുള്ള ഈ ഫീഷീറീസ് സ്റ്റേഷനുകളുടെ സേവനം എല്ലാവരും നല്ല രീതിയില്‍ ഉപയോഗിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ചടങ്ങില്‍ ഫിഷറീസ് സാംസ്‌കാരികം യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു.

ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ സ്മിത ആര്‍ നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, സി എച്ച് കുഞ്ഞമ്പു എംഎല്‍എ എന്നിവര്‍ മുഖ്യാതിഥികളായി. മത്സ്യത്തൊഴിലാളികള്‍ക്കുള്ള ജിപിഎസ് ഉപകരണങ്ങള്‍ മന്ത്രി സജി ചെറിയാന്‍ കൈമാറി. വിവിധ സംഘടനാ പ്രതിനിധികളായ കാറ്റാടി കുമാരന്‍, ആര്‍ ഗംഗാധരന്‍, കെ ബാലകൃഷ്ണന്‍, ബി എം അഷ്റഫ്, യു എസ് ബാലന്‍, മത്സ്യഫെഡ് ജില്ലാ മാനേജര്‍ കെ എച്ച് ശെരീഫ് തുടങ്ങിയവര്‍ സംസാരിച്ചു. ഫിഷറീസ് അഡീഷണല്‍ ഡയറക്ടര്‍ എന്‍ എസ് ശ്രീലു സ്വാഗതവും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍  (കാസര്‍കോട്) പി വി സതീശന്‍ നന്ദിയും പറഞ്ഞു.