മത്സ്യത്തൊഴിലാളികളുടെ സുരക്ഷയും ശാസ്ത്രീയ മത്സ്യബന്ധനവും ഉറപ്പാക്കാന്‍ ഫിഷറീസ് സ്റ്റേഷന്‍

post

കേരള മത്സ്യബന്ധന നിയന്ത്രണ നിയമം ശക്തമായി നടപ്പിലാക്കി ശാസ്ത്രീയ മത്സ്യ ബന്ധനം ഉറപ്പാക്കുന്നതും കടല്‍ രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിച്ച് മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതും അതാത് ജില്ലകളിലെ ഫിഷറീസ് സ്റ്റേഷനുകളാണ്. 2017ല്‍ നിലവിലെ നിയമം കാലോചിതമായി പരിഷ്‌കരിക്കുകയും പുതിയ കേരള മറൈന്‍ ഫിഷറീസ് റെഗുലേഷന്‍ ചട്ടങ്ങള്‍ നടപ്പിലാക്കുകയും ചെയ്‌തെങ്കിലും കാസര്‍കോട്, മലപ്പുറം, തൃശ്ശൂര്‍, ആലപ്പുഴ  ജില്ലകളില്‍ ഫിഷറീസ് സ്റ്റേഷനുകള്‍ ഇല്ലാത്തതിനാല്‍ അവ ഫലപ്രദമായി നടപ്പിലാക്കാന്‍ സാധിച്ചിരുന്നില്ല.

മറ്റ് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന കാസര്‍കോട് പോലുള്ള ജില്ലകളില്‍ അന്യസംസ്ഥാന യന്ത്രവത്കൃത ബോട്ടുകള്‍ കേരളത്തിന്റെ സമുദ്ര അതിര്‍ത്തിയിലേക്ക് കടന്ന് കയറി തെറ്റായ മത്സ്യബന്ധന രീതികള്‍ അവലംബിക്കുന്നത്് പലപ്പോഴും മത്സ്യത്തൊഴിലാളികള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. കൂടാതെ പെയര്‍ ട്രോളിംഗ്, കരവലി, ചെറുമത്സ്യബന്ധനം, ഫിഷിംഗ് ലൈനുകള്‍ മറികടന്നുകൊണ്ടുളള മത്സ്യബന്ധനം എന്നിവ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തതോടുകൂടിയാണ് കാസര്‍കോട്, മലപ്പുറം, തൃശ്ശൂര്‍, ആലപ്പുഴ എന്നീ നാല് ജില്ലകളിലും ഫിഷറിസ് സ്റ്റേഷനുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. കാലാവസ്ഥാ വ്യതിയാനവും, ആഗോള താപനവും മൂലം അടിയ്ക്കടിയുണ്ടാകുന്ന ന്യൂന മര്‍ദ്ദങ്ങള്‍ കടലിന്റെ ആവാസ വ്യവസ്ഥയില്‍ വ്യതിയാനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. അത് മൂലമുണ്ടാകുന്ന കടലപകടങ്ങളില്‍ സമയബന്ധിത രക്ഷാപ്രവര്‍ത്തനം നടത്തേണ്ടയും ഫിഷറീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചാണ്.

കീഴൂര്‍ (കാസര്‍കോട്), പൊന്നാനി (മലപ്പുറം), അഴീക്കോട് (തൃശ്ശൂര്‍), തോട്ടപ്പള്ളി (ആലപ്പുഴ) എന്നീ 4 ഫിഷറീസ് സ്റ്റേഷനുകള്‍ക്ക് കേരള സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 50 ലക്ഷം രൂപ വീതം നബാര്‍ഡിന്റെ ഗ്രാമീണാടിസ്ഥാന സൗകര്യവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലഭ്യമാക്കിയിരുന്നു.  പൂര്‍ത്തീകരിച്ച ഓരോ ഫിഷറീസ് സ്റ്റേഷനുകളിലും ആവശ്യമായ ബൈനോക്കുലര്‍, ലൈഫ് ബോയി, ലൈഫ് ജാക്കറ്റുകള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. 4 സ്റ്റേഷനുകള്‍ക്കു മായി 174.96 ലക്ഷം രൂപയാണ് ചെലവഴിച്ചിട്ടുള്ളത്.