അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു

post

തൃശൂർ: അഴീക്കോട് മുതൽ ചേറ്റുവ വരെയുള്ള തീരദേശത്തെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുക, രക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി സ്ഥാപിച്ച അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു. ആലപ്പുഴ, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ പുതുതായി അനുവദിച്ച ഫിഷറീസ് സ്റ്റേഷനുകൾക്കൊപ്പം അഴീക്കോട് സ്റ്റേഷന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ നിർവ്വഹിച്ചു.

2019 ജനുവരി 11 ന് അന്നത്തെ ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയാണ് ഫിഷറീസ് സ്റ്റേഷൻ കെട്ടിടം ഉദ്ഘാടനം ചെയ്തത്. പിന്നീട്‌  2022 ഫെബ്രുവരിയിലാണ് ഇവിടേയ്ക്ക് തസ്തികകൾ അനുവദിച്ച് ഉത്തരവായത്. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ, അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ, ഫിഷറീസ് ഓഫീസർ, ക്ലർക്ക് കം ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ് ഗ്രേഡ്- 2 എന്നിവരുടെ  തസ്തികകളും, ഫിഷറീസ് ഗാർഡിന്റെ മൂന്ന് തസ്തികയും  സൃഷ്ടിക്കുക.  കാഷ്വൽ സ്വീപ്പറെ കരാർ വ്യവസ്ഥയിലും നിയമിക്കും.

കേരളതീരത്ത് ശാസ്ത്രീയ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നതിനും കടൽ രക്ഷാപ്രവർത്തനം കൂടുതൽ കാര്യക്ഷമമായി നടപ്പാക്കുന്നതിനും മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ലക്ഷ്യമിട്ടാണ് ഫിഷറീസ് സ്റ്റേഷനുകൾ നിലവിലില്ലാത്ത ആലപ്പുഴ, തൃശൂർ, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ പുതുതായി ഫിഷറീസ് സ്റ്റേഷനുകൾ അനുവദിച്ചത്. നാല് ഫിഷറീസ് സ്റ്റേഷനുകൾക്കും കെട്ടിടവും മറ്റ് അനുബന്ധ സൗകര്യങ്ങളും ഒരുക്കി കഴിഞ്ഞിട്ടുണ്ട്. സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം നടപ്പിലാക്കുന്നതോടൊപ്പം കടൽ രക്ഷാപ്രവർത്തനം ജില്ലാതലത്തിൽ ഏകോപിപ്പിക്കുന്നതും കാലാവസ്ഥാ മുന്നറിയിപ്പുകൾ മത്സ്യത്തൊഴിലാളികൾക്ക് യഥാസമയം എത്തിക്കുന്നതും ഫിഷറീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന റോബോട്ടും പരിശീലനം സിദ്ധിച്ച ലൈഫ് ഗാർഡുകളുടെ സേവനവും ഫിഷറീസ് സ്റ്റേഷനുകളിൽ ഒരുക്കിയിട്ടുണ്ട്.

മത്സ്യബന്ധന തൊഴിലാളികൾക്കും യാനങ്ങൾക്കും കടലിൽ ആവശ്യമായ സുരക്ഷ  വേഗത്തിൽ ഉറപ്പാക്കുക എന്നതാണ് ഫിഷറീസ് സ്റ്റേഷന്റെ പ്രധാന ലക്ഷ്യം. ബോട്ടുകളുടെ ലൈസന്‍സ് സംബന്ധമായ പരിശോധനയും അനധികൃത മീന്‍പിടിത്തം തടയുകയും ചെയ്യേണ്ടത് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് നടത്തേണ്ട പ്രവര്‍ത്തനങ്ങളാണ്. ഫിഷറീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ കടലില്‍ നിരീക്ഷണം കൂടുതല്‍ ശക്തമാക്കാന്‍ സാധിക്കും.