തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ നിർമ്മാണ പ്രവൃത്തികൾ വേഗത്തിലാക്കാൻ നടപടി

post



തൃശൂർ: തൃശൂർ ഗവൺമെൻ്റ് മെഡിക്കൽ കോളജിൽ നടന്നു കൊണ്ടിരിക്കുന്ന നിർമ്മാണ പ്രവൃത്തികൾ എത്രയും വേഗം പൂർത്തീകരിക്കുന്നതിനായി ഇടപെടുമെന്ന് സേവ്യർ ചിറ്റിലപ്പിളളി എം എൽ എ. മെഡിക്കൽ കോളേജ് സന്ദർശനം നടത്തവേ ആയിരുന്നു പ്രതികരണം. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി  എം എൽ എ വിലയിരുത്തി.

ട്രോമ കെയർ, ന്യൂബോൺ ഐ സി യു, ന്യൂറോ സർജറി ഐ സി യു, കാർഡിയോളജി ഐ സി യു, പീഡിയാട്രിക് ഐ സി യു, ബേൺസ് യൂണിറ്റ്, ലിക്വിഡ് ഓക്സിജൻ ടാങ്ക്, സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്, സീവേജ് ട്രീറ്റ്മെൻ്റ് ബ്ലോക്ക്, പി. ജി. ഹോസ്റ്റൽ, എൻ ഇ എൽ എസ് സ്കിൽ സെൻ്റർ തുടങ്ങിയവയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി നേരിൽ കണ്ട് എം എൽ എ വിലയിരുത്തി.  തൃശൂർ മെഡിക്കൽ കോളേജിൻ്റെ സമഗ്ര വികസനം ആവശ്യപ്പെട്ടുകൊണ്ട് നിയമസഭയുടെ രണ്ടാം സമ്മേളനത്തിൽ സബ്മിഷൻ ഉന്നയിച്ചിരുന്നുവെന്നും, അതിൽ ഊന്നിപ്പറഞ്ഞ ചില കാര്യങ്ങൾ നടന്നതായും, മറ്റു പല കാര്യങ്ങളും സർക്കാരിൻ്റെ പരിഗണനയിലാണെന്നും എം എൽ എ പറഞ്ഞു. മെഡിസിൽ വിഭാഗത്തിൽ 2 പ്രൊഫസർ തസ്തിക അനുവദിച്ചതും, ചെസ്റ്റ് ഹോസ്പിറ്റലിൽ എം ആർ ഐ സ്കാനിങ് സെൻ്റർ വാങ്ങുന്നതിനായി 6.9 കോടി ചെലവഴിക്കാൻ അനുമതി ലഭിച്ചതും ഇതിനുദാഹരണങ്ങളാണ്. മെഡിക്കൽ കോളേജുകൾക്കായി പുതിയ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള തുകകൾ തൃശൂർ മെഡിക്കൽ കോളേജിലെ ആവശ്യങ്ങൾക്കനുസരിച്ച് ലഭ്യമാക്കുന്നതിനായി ഇടപെടുമെന്നും എം എൽ എ പറഞ്ഞു. രോഗികളുമായും കൂട്ടിരിപ്പുകാരുമായും എം എൽ എ സംസാരിച്ചു. ആശുപത്രി അഡ്മിനിസ്ട്രേഷൻ മേധാവികളുമായി ചർച്ച നടത്തി.