കണ്ണൂർ പോലീസ് ടർഫ് ഉദ്ഘാടനം ചെയ്തു
എല്ലാ പഞ്ചായത്തിലും കളിക്കളം പൂർത്തിയാക്കും: മുഖ്യമന്ത്രി
കണ്ണൂർ: എല്ലാ പഞ്ചായത്തിലും കളിക്കളം എന്ന സർക്കാർ നയം മുൻനിർത്തി നിലവിൽ കളിക്കളം ഇല്ലാത്ത പഞ്ചായത്തുകളിൽ അടിയന്തിരമായി കളിക്കളം പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 1.68 കോടി രൂപ ചെലവിൽ കേരള പോലീസ് കണ്ണൂർ പോലീസ് മൈതാനിയിൽ സജ്ജീകരിച്ച പോലീസ് ടർഫ്, ജോഗിങ് ട്രാക്ക്, സൗന്ദര്യവത്കരിച്ച പോലീസ് മൈതാനി എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഫുട്ബാൾ രംഗത്ത് കണ്ണൂരിന്റെ പാരമ്പര്യം എടുത്തുപറയേണ്ടതാണ്. എല്ലാവർക്കും ഉപയോഗിക്കാവുന്ന ടർഫാണ് ഇവിടെ സജ്ജമാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യായാമത്തിനും കായികോല്ലാസത്തിനും ഇതുപോലുള്ള സൗകര്യങ്ങൾ നാട്ടിൽ എല്ലായിടത്തും ഒരുക്കും. കുട്ടികൾക്ക് കളിക്കാൻ ഇടം ചുരുങ്ങി വരികയാണ്. അതിനാൽ കൂടുതൽ കളിക്കളങ്ങളും പൊതുസ്ഥലങ്ങളും ഉണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.