'എന്റെ' കേരളം എക്‌സിബിഷനിൽ വീണ്ടും മുഖ്യമന്ത്രിയെത്തി
കണ്ണൂർ: രണ്ടാം പിണറായി സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ പോലീസ് മൈതാനിയിൽ നടക്കുന്ന 'എന്റെ കേരളം' എക്‌സിബിഷനിൽ തിരക്കേറവേ രണ്ടാം ദിനം സ്റ്റാളുകൾ സന്ദർശിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടുമെത്തി. പ്രദർശനം മുഴുവൻ നോക്കിക്കണ്ട മുഖ്യമന്ത്രി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ 'എന്റെ കേരളം' പവലിയൻ, ടൂറിസം പവലിയൻ, കണ്ണൂർ സെൻട്രൽ ജയിൽ, പോലീസിന്റെ പെൺകുട്ടികൾക്കുള്ള കായിക പരിശീലനം തുടങ്ങിയവയിൽ ഏറെ നേരം ചെലവഴിച്ച് കാര്യങ്ങൾ കൗതുകപൂർവ്വം ചോദിച്ചറിഞ്ഞു.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജി സ്റ്റാളിൽ മുഖ്യമന്ത്രിയുടെ ചിത്രം കൈത്തറിയിൽ നെയ്യുന്ന തൊഴിലാളിയെ തോളിൽ തട്ടി അഭിനന്ദിക്കാനും മറന്നില്ല. രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ, കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. ടി ഒ മോഹനൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പി പി ദിവ്യ, കോർപറേഷൻ കായിക വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ എന്നിവർ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ഞായറാഴ്ച മുഖ്യമന്ത്രിയാണ് എക്‌സിബിഷൻ ഉദ്ഘാടനം ചെയ്തത്.