കേരളം നമ്പർ വൺ! ശ്രദ്ധേയമായി 'എന്റെ കേരളം പ്രദർശനം'

post

കണ്ണൂർ: കല്ലുമാല സമരം തൊട്ട് കെ റെയിൽ വരെ കേരളം കണ്ട പോരാട്ടങ്ങളുടെയും വികസനക്കുതിപ്പിന്റെയും നാൾ വഴികളിലൂടെയുള്ള യാത്രയാണ് രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള എക്‌സിബിഷനിൽ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഒരുക്കിയ എന്റെ കേരളം സ്റ്റാൾ. കേരള ചരിത്രത്തിലെ പ്രധാന സംഭവങ്ങളും സമരങ്ങളും അനാവരണം ചെയ്തുകൊണ്ടാണ് സ്റ്റാളിലേക്കുള്ള പ്രവേശനം. മലയാള ഭാഷയുടെ പിതാവായ തുഞ്ചത്തെഴുത്തച്ഛൻ മുതൽ പുതുതലമുറ എഴുത്തുകാരായ വി ആർ സുധീഷും ജി ആർ ഇന്ദുഗോപനും വരെയുള്ള എഴുത്തുകാർ. എം ടിയും  തകഴിയും കാക്കനാടനും തുടങ്ങി മലയാളത്തിന്റെ പ്രിയ എഴുത്തുകാരുടെ പുസ്തകങ്ങളുടെ രൂപങ്ങൾ മലയാള ഭാഷയുടെ വികാസ പരിണാമങ്ങളിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന്റെ സകല കലകളുടെയും ചിത്ര രൂപങ്ങൾ ആലേഖനം ചെയ്ത ‘കലാകേരളം’, പഴയകാല ഉപകരണങ്ങളും   വാസ്തു മാതൃകകളും പരിചയപ്പെടുത്തുന്ന ‘കേരളപ്പഴമ ‘, ഇ എം എസ് മുതൽ  ഇ കെ നായനാർ വരെയുള്ള കേരള മുഖ്യമന്ത്രിമാരെ പരിചയപ്പെടുത്തുന്ന ‘ആധുനിക കേരളത്തിന്റെ ശിൽപികൾ’ എന്നീ സ്റ്റാളുകൾ ശ്രദ്ധേയമാണ്. ജലയാന ചരിത്രത്തിന്റെ നാൾവഴികൾ, ജനകീയ ഗതാഗതത്തിന്റെ തുടക്കം, വേഷവും സംസ്‌കാരവും, ആരോഗ്യ സംരക്ഷണ മാതൃകകൾ, കച്ചവടം തുടങ്ങി മാറ്റങ്ങളുടെ ഗതിവേഗങ്ങൾ ഇവിടെ ഒറ്റ നോട്ടത്തിലടുത്തറിയാം.

സ്റ്റാളുകളിലെ സചിത്രമാതൃകകൾക്കൊപ്പം ശബ്ദ സാന്നിദ്ധ്യവും ഒരുക്കിയത് സന്ദർശകർക്ക് മികച്ച അനുഭവമാകും.വെള്ളിത്തിരയിലെ മായാലോകത്ത് മലയാള സിനിമയുടെ സംഭാവനകൾ, ചലച്ചിത്ര സാക്ഷരത പ്രസ്ഥാനം, ഗ്രന്ഥശാല പ്രസ്ഥാനം, ഡിജിറ്റലായ കേരളത്തിന്റെ വിദ്യാഭ്യാസ രംഗം, ദുരന്തമുഖത്തെ നേരിട്ട രക്ഷാപ്രവർത്തനങ്ങൾ, പകർച്ചവ്യാധികളെ ചെറുത്തു നിന്ന ആരോഗ്യരംഗം എന്നിവയുടെ ത്രിമാന ദൃശ്യരൂപങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ, ശിശുസംരക്ഷണം, ലിംഗനീതി, സ്ത്രീ ശാക്തീകരണം, വയോജന സംരക്ഷണം, പാർപ്പിടം, അതിഥി സൗഹൃദം, അതിദാരിദ്ര്യ ലഘൂകരണം തുടങ്ങിയ മേഖലകളിലെ നേട്ടങ്ങളും എന്റെ കേരളം-അഭിമാനം എന്ന വിഭാഗത്തിൽ ഉണ്ട്.

കായിക കേരളത്തിന്റെ കുതിപ്പ്, പശ്ചാത്തല മേഖലകളുടെ വികസന നേട്ടങ്ങൾ, കാർഷിക മുന്നേറ്റങ്ങൾ എന്നിവ ‘എന്റെ കേരളം-പ്രതീക്ഷ എന്ന വിഭാഗത്തിൽ കാണാം. വികസന നേട്ടങ്ങളും മുന്നേറ്റങ്ങളും വീഡിയോ ദൃശ്യങ്ങളിലൂടെ സന്ദർശകർക്ക് അനുഭവവേദ്യമാകും. വികസന കുതിപ്പിന് ഗതിവേഗം പകരുന്ന കെ റെയിലിന്റെ നേട്ടങ്ങളും, ദേശീയപാത വികസനം, മലയോര ഹൈവേ, തീരദേശ റോഡുകൾ എന്നിവയും ഓഗ്‌മെന്റഡ് റിയാലിറ്റിയിലൂടെ നേരിട്ടറിയാം. നേട്ടങ്ങളുടെ പട്ടികകളിൽ കേരളം എങ്ങനെ ഒന്നാമതായെന്നറിയാൻ ഇതുവഴിയൊന്നു നടന്നാൽ മാത്രം മതി.