കുരുന്നുകൾക്ക് കൗതുകമായി അഗ്‌നിരക്ഷാ സേനാ സ്റ്റാൾ

post



കണ്ണൂർ: കറുത്ത നിറത്തിൽ ജാക്കറ്റും തൊപ്പിയും, ഓക്‌സിജൻ മാസ്‌കും (പേഴ്‌സണൽ പ്രൊട്ടക്ഷൻ വിയർ) അണിഞ്ഞ  ഇടവും വലവും ആറടി പൊക്കത്തിൽ നിൽക്കുന്ന പ്രതിമകൾ കണ്ടപ്പോൾ നരവൂർ സൗത്ത് എൽ പി സ്‌കൂളിലെ കുരുന്നുകൾക്ക് കൗതുകമായി. രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷത്തിൽ 'എൻറെ കേരളം' മെഗാ എക്‌സിബിഷൻ കാണാൻ അധ്യാപകർക്കൊപ്പം എത്തിയതായിരുന്നു ഇവർ. കുഞ്ഞു കുട്ടികൾ മുതൽ മുതിർന്നവർക്കു വരെ കൗതുകവും അറിവും പകരുന്നതാണ് ഫയർ ആൻഡ് റെസ്‌ക്യു വിഭാഗം ഒരുക്കിയിട്ടുള്ള പ്രദർശനം .

അഗ്‌നിശമനരക്ഷാ സേനയുടെ ജീവൻരക്ഷാ ഉപകരണങ്ങൾ, ആപത് ഘട്ടങ്ങളിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ, പ്രളയദുരന്തത്തിലെ രക്ഷാപ്രവർത്തനങ്ങളുടെ ചിത്രങ്ങൾ, വാർത്തകൾ എന്നിവയെല്ലാം കണ്ണൂർ പൊലീസ് മൈതാനിയിൽ നടക്കുന്ന എന്റെ കേരളം മെഗാ എക്സിബിഷനിൽ ഒരുക്കിയിട്ടുണ്ട്. സ്‌കൂബാ സ്യൂട്ട്, ഫയർമാൻ സ്യൂട്ട് എന്നീ മാതൃകകളും  കോൺക്രീറ്റ് കട്ടർ, ഫിയോഴ്സ്, ലൈഫ് ഡിറ്റക്റ്റർ, ഫ്‌ലോട്ടിങ് സ്‌ട്രെചർ , ഗ്യാസ് ഡിറ്റക്ടർ, ബ്ലോവർ, ഓട്ടോ ഫയർ ബാൾ എന്നിവ ഉൾപ്പെടെയുള്ള ഉപകരണണങ്ങളും കാണാനും അടുത്തറിയാനും സ്റ്റാളിൽ എത്തുന്നവർക്ക് സാധിക്കും. രക്ഷാപ്രവർത്തനങ്ങളിൽ ഉപയോഗിക്കുന്ന 24  തരത്തിലുള്ള കയർ കെട്ടുകളും തകർന്നുവീഴുന്ന കെട്ടിടങ്ങൾക്കിടയിൽ നിന്നും ആളുകളെ രക്ഷപ്പെടുത്താനുള്ള ഉപകരണങ്ങളും സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഉയരങ്ങളിൽ ആളുകൾ കുടുങ്ങിയാൽ തിരിച്ചിറക്കാനും ആഴങ്ങളിൽ അകപ്പെട്ടാൽ രക്ഷപ്പെടുത്താനും ഉപയോഗിക്കുന്ന കയറുകളാണ് വിവിധ രൂപത്തിൽ കെട്ടി പ്രദർശിപ്പിച്ചിരിക്കുന്നത്. ഗ്യാസ് സിലിണ്ടർ ചോർന്നാൽ സ്വീകരിക്കേണ്ട നടപടികളും തീ പടർന്നാൽ അണക്കേണ്ട വിധവും ഉദ്യോഗസ്ഥർ നേരിട്ട് പരിചയപ്പെടുത്തി തരും. മേള കാണാൻ എത്തുന്നവർക്ക് അറിവും അവബോധവും ഒരു പോലെ പകരുന്നതാണ് ഫയർ ആൻഡ് റെസ്‌ക്യൂ വകുപ്പിന്റെ സ്റ്റാൾ.