വെൽക്കം ടു സെൻട്രൽ ജയിൽ...

post

കണ്ണൂർ: ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ കേരളത്തിലെ ഏറ്റവും വലിയ സ്മാരകം ഏതെന്ന ചോദ്യത്തിന് നിസംശയം പറയാവുന്ന ഉത്തരമാണ് കണ്ണൂർ സെൻട്രൽ ജയിൽ. മലബാർ കലാപം, ഉപ്പു സത്യാഗ്രഹം തുടങ്ങിയ സമര പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച ഇടം. ഈ സമര പോരാട്ടങ്ങളെ ഓർമ്മപ്പെടുത്തിക്കൊണ്ടാണ് കണ്ണൂർ സെൻട്രൽ പ്രിസൺ ആന്റ് കറക്ഷണൽ ഹോമിന്റെ സ്റ്റാൾ ഒരുക്കിയിട്ടുള്ളത്. സമര കാലത്ത് ജയിലിലടക്കപ്പെട്ടവരുടെ പേരുകൾ, പ്രമുഖരുടെ ജയിൽ രേഖകൾ, എ കെ ജിയുടെ പ്രവേശ വിവരങ്ങൾ, സന്ദർശക രജിസ്റ്ററിലെ കുറിപ്പുകൾ എന്നിങ്ങനെ ഒട്ടേറെ വിവരങ്ങൾ ചുമരിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

സെൻട്രൽ പ്രിസൺ ആന്റ് കറക്ഷണൽ ഹോമിന്റെ സ്റ്റാൾ മേളയിലെ ജനശ്രദ്ധയാകർഷിച്ച മറ്റൊരിടമാണ്.  ജയിലിലെ അന്തേവാസികൾ നിർമ്മിച്ച വിവിധങ്ങളായ കരകൗശല മാതൃകകളാണ് സ്റ്റാളിന്റെ ആകർഷണം. കണ്ണൂർ, വിയ്യൂർ, തവനൂർ, തിരുവനന്തപുരം എന്നീ സെൻട്രൽ ജയിലുകളുടെ മരം കൊണ്ട് ഉണ്ടാക്കിയ മാതൃകകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. വിവിധ തരം ജയിലുകളുടെ പ്രത്യേകതകൾ, ശിക്ഷകൾ, കണ്ണൂർ സെൻട്രൽ പ്രിസൺ ആന്റ് കറക്ഷണൽ ഹോമിന്റെ ചരിത്രം, തൂക്കിലേറ്റപ്പെട്ടവരുടെ വിവരങ്ങൾ, അന്തേവാസികളുടെ ദിനചര്യ, പരോൾ സംബന്ധിച്ച വിവരങ്ങളും ഇവിടെ നിന്ന് അറിയാം. തടവുപുള്ളികൾക്കുള്ള സെല്ല്, തൂക്കുമുറി എന്നിവയുടെ മാതൃകയും ആളുകൾക്ക് മനസ്സിലാക്കാനുള്ള അവസരവും സ്റ്റാളിൽ ലഭിക്കും.

മെഷീൻ ഗൺ മുതൽ മൊബൈൽ ആപ്പ് വരെ...

ആക്ഷൻ സിനിമകളിൽ മാത്രം കണ്ടിട്ടുള്ള എ കെ 47 നും മെഷീൻ ഗണ്ണും കാണണോ? എങ്കിൽ പോലീസ് മൈതാനിയിലെ എന്റെ കേരളം എക്‌സിബിഷനിൽ എത്തിയാൽ മതി. രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി പോലീസ് വകുപ്പ് ഒരുക്കിയ സ്റ്റാളിൽ ആയുധങ്ങൾ മുതൽ മൊബൈൽ ആപ്ലിക്കേഷൻ വരെ അടുത്തറിയാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ഏഴ് സ്റ്റാളുകളാണ് പോലീസ് വകുപ്പ് ഒരുക്കിയിട്ടുള്ളത്. ആംസ് ആന്റ് അമ്യൂണിഷൻ സ്റ്റാളിലാണ് എ കെ 47, താർ, ഇൻസാസ്, യു ബി ജി എൽ, ഇന്ത്യൻ നിർമ്മിത സ്‌നൈപ്പർ, മൾട്ടി ഷെൽ ലോഞ്ചർ, മെഷീൻ ഗൺ തുടങ്ങിയ ആയുധങ്ങളും വിവിധ തരത്തിലുള്ള ഗ്രനേഡുകളും തോക്കിന്റെ തിരകളും പ്രദർശിപ്പിച്ചിട്ടുള്ളത്. ഏറ്റവും തിരക്കേറിയ സ്റ്റാളുകളിൽ ഒന്നാണ് പോലീസ് വകുപ്പിന്റേത്.




വെർച്വൽ റിയാലിറ്റി ഉപയോഗിച്ച് ഡ്രൈവിംഗ് കൾച്ചർ സൃഷ്ടിക്കുന്നതിനായി സൈബർ ഡോം ആന്റ് ഡ്രോൺ ഫോറൻസിക് ലാബ് സ്റ്റാളിൽ ഒരുക്കിയ സംവിധാനം മുതിർന്നവരിലും കുട്ടികളിലും ഒരു പോലെ കൗതുകമുണ്ടാക്കി. 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കാണ് ഇത് ഉപയോഗിക്കാൻ അവസരം നൽകുന്നത്. പോലീസ് വകുപ്പ് വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഡ്രോണിന്റെ മാതൃകകളും വിവരങ്ങളും സ്റ്റാളിൽ ലഭ്യമാണ്. കൂടാതെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനുള്ള ബി സേഫ് ആപ്ലിക്കേഷൻ, കേരളാ പോലീസിന്റെ ഗൂഗിൾ അസിസ്റ്റന്റ് വഴിയുള്ള സേവനങ്ങൾ, ഡാർക്ക് നെറ്റ് വഴിയുള്ള കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനുള്ള ഗ്രാപ്നൽ തുടങ്ങിയ ആപ്ലിക്കേഷനുകൾ ഉദ്യോഗസ്ഥർ സ്റ്റാളിൽ പരിചയപ്പെടുത്തും.
കമ്പിയില്ലാ കമ്പി എന്നറിയപ്പെടുന്ന മോഴ്‌സ് കമ്മ്യൂണിക്കേഷനെക്കുറിച്ചുള്ള വിശദമായ വിവരങ്ങളും ഉപകരണവുമാണ് ടെലി കമ്മ്യൂണിക്കേഷൻ സ്റ്റാളിലേക്ക് ആൾക്കാരെ എത്തിക്കുന്നത്. പഴയ കാലത്ത് വളരെ നല്ല രീതിയിൽ പ്രചാരത്തിൽ ഉണ്ടായിരുന്ന ഒരു ആശയ വിനിമയ രീതിയാണ് മോഴ്‌സ് കമ്മ്യൂണിക്കേഷൻ.



വ്യാജ ഒപ്പിടൽ, തിരുത്തൽ തുടങ്ങി രേഖകളിൽ വരുത്തുന്ന കൃത്രിമത്വങ്ങൾ കണ്ടുപിടിക്കുന്ന സംവിധാനങ്ങൾ, ഡി എൻ എ ടെസ്റ്റ് വഴി കുറ്റവാളികളെ കണ്ടുപിടിക്കുന്നതിന്റെ വിവിധ ഘട്ടങ്ങൾ, കുറ്റകൃത്യം നടന്ന ഇടങ്ങളിൽ പരിശോധനക്കായി ഉപയോഗിക്കുന്ന ക്രൈം ലൈറ്റ് എന്നിവയാണ് ഫോറൻസിക് സയൻസ് ലബോറട്ടറി സ്റ്റാളിന്റെ പ്രത്യേകത. ബോംബ് ഡിറ്റക്ഷൻ ആന്റ് ഡിസ്‌പോസൽ സ്‌ക്വാഡിൽ മെറ്റൽ ഡിറ്റക്റ്ററുകൾ, ഹാൻഡ് ഹെൽഡ് മെറ്റൽ ഡിറ്റക്റ്ററുകൾ, എക്‌സ്‌പ്ലോസീവ് ഡിറ്റക്റ്ററുകൾ, വാട്ടർ ജെറ്റ് ഡിസ്‌റപ്റ്റർ തുടങ്ങിയവയാണ് ഒരുക്കിയിട്ടുള്ളത്. ഫിംഗർ പ്രിന്റ് ബ്യൂറോ സ്റ്റാളിൽ ഫിംഗർ പ്രിന്റ് ലൈവ് സ്‌കാനർ, ഫിംഗർ പ്രിന്റ് കിറ്റ് ബോക്‌സ്, ഫോറൻസിക് ലൈറ്റ് സോഴ്‌സുകൾ, സ്റ്റീരിയോ മൈക്രോസ്‌കോപ്പ് എന്നിവയും കാണാം. പെൺകുട്ടികൾക്കും സ്ത്രീകൾക്കും അക്രമികളിൽ നിന്നും രക്ഷപ്പെടാനുള്ള സ്വയം പ്രതിരോധ അടവുകൾ പരിശീലിപ്പിക്കുന്നതിന് പോലീസ് വകുപ്പ് ഒരുക്കിയ ഓപ്പൺ സ്റ്റാളും വളരെ പ്രയോജന പ്രദമാണ്. ആയുധങ്ങൾ ഉപയോഗിക്കാതെ നിമിഷങ്ങൾക്കകം അക്രമിയെ എങ്ങനെ നേരിടാം ദേഹോപദ്രവം ഏൽപ്പിക്കുന്നവരെ എങ്ങനെ കീഴ്‌പ്പെടുത്താം തുടങ്ങിയ കാര്യങ്ങൾ വനിതാ പോലീസ് ട്രെയിനർ വിവരിച്ചു നൽകും. സ്റ്റേറ്റ് പോലീസ് മീഡിയ സെന്ററിന്റെ സ്റ്റാളും പോലീസ് വകുപ്പ് ഒരുക്കിയിട്ടുണ്ട്.