എന്റെ കേരളം' മെഗാ എക്‌സിബിഷനില്‍ ശ്രദ്ധേയമായി പോലീസ് നായ്ക്കളുടെ അഭ്യാസ പ്രകടനം

post


അതിവേഗത്തില്‍ മോഷ്ടാവിനെ പിന്തുടര്‍ന്ന് കീഴ്‌പ്പെടുത്തുന്ന പോലീസ് നായ, ഒളിപ്പിച്ചുവെച്ച സ്‌ഫോടകവസ്തുക്കളും മയക്കുമരുന്നും കണ്ടെത്തി കാണികളെ അതിശയിപ്പിച്ച് മറ്റ് ചില ശ്വാനന്‍മാര്‍. കണ്ണൂരിലെ പോലീസ് ഗ്രൗണ്ടില്‍ നടക്കുന്ന എന്റെ കേരളം എക്‌സിബിഷനില്‍ ശ്രദ്ധേയമാവുകയാണ് പോലീസ് നായ്ക്കളുടെ അഭ്യാസ പ്രകടനം.

      ലാബ്രഡോര്‍, ബ്യൂഗിള്‍, ബല്‍ജിയം മല്‍നോയിസ് എന്നീ ഇനങ്ങളില്‍പെട്ട എട്ടു പോലീസ് നായ്ക്കളാണ് പ്രദര്‍ശനത്തിലുള്ളത്. എല്ലാ ദിവസവും വൈകുന്നേരമാണ് അഭ്യാസപ്രകടനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മോഷ്ടാക്കളെ പിന്തുടര്‍ന്ന് പിടികൂടുന്നതിനും സ്‌ഫോടകവസ്തുക്കളും മയക്കുമരുന്നും മറ്റും കണ്ടെത്തുന്നതിനും പരിശീലനം ലഭിച്ചവയാണ് കെ9 സ്‌ക്വാഡിലെ ഓരോ നായയും. ദുരന്തബാധിത പ്രദേശങ്ങളില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനുള്ള വിദഗ്ദ്ധ പരിശീലനവും ഇവയ്ക്ക് നല്‍കിയിട്ടുണ്ട്. 

ചിട്ടയായി ലഭിച്ച  ഒബീഡിയന്‍സ് ട്രയിനിങ്ങിലൂടെ സ്വായത്തമാക്കിയ പാഠങ്ങള്‍ പരിശീലകരുടെ കമാന്റിനനുസരിച്ച്  കാണിച്ച് കാണികളെ അതിശയിപ്പിക്കുകയാണ് പോലീസിന്റെ അഭിമാനമായ ശ്വാന സേന. അടിയന്തിര സാഹചര്യങ്ങളില്‍ ഫയര്‍ ജംപ് ഉള്‍പ്പെടെ നടത്തി രക്ഷാപ്രവര്‍ത്തനങ്ങളില്‍ പോലീസിനൊപ്പം പ്രവര്‍ത്തിക്കുന്നതിനും ഇവര്‍ക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്. അഗ്‌നി വളയങ്ങളിലൂടെ അനായാസം ചാടിക്കടന്ന് ലക്ഷ്യസ്ഥാനത്തെത്തുന്ന ശൗര്യമേറിയ ശ്വാനവീരന്‍മാരുടെ പ്രകടനവും ഒരുക്കിയിട്ടുണ്ട്. ശത്രുക്കള്‍ നല്‍കുന്ന വിഷാംശം കലര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ ബുദ്ധിപൂര്‍വ്വം തിരസ്‌ക്കരിക്കുന്നതും ഇവിടെ കാണാം.

കോട്ടയം, എറണാകുളം സിറ്റി, തൃശൂര്‍ സിറ്റി, മലപ്പുറം, കണ്ണൂര്‍ റൂറല്‍, വയനാട് എന്നീ പോലീസ് ജില്ലകളില്‍ നിന്നുള്ള പോലീസ് നായ്ക്കളാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്. റിസര്‍വ് സബ് ഇന്‍സ്‌പെക്ടര്‍മാരായ ശശിധരന്‍.ഡി, സനില്‍കുമാര്‍.ഡി എന്നിവരുടെ നേതൃത്വത്തിലുള്ള 27 അംഗ പോലീസ് സംഘമാണ് ശ്വാന പ്രദര്‍ശനം നടത്തുന്നത്. കണ്ണൂര്‍ സിറ്റി ഗ9 സ്‌ക്വാഡി നാണ് ഏകോപന ചുമതല.