പത്തനംതിട്ടയില്‍ സമ്പൂര്‍ണ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും

post


പത്തനംതിട്ട: ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ജില്ലയില്‍ സമ്പൂര്‍ണ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. കെല്‍ട്രോണുമായി ചേര്‍ന്ന് ഹരിതകേരളം മിഷനും ശുചിത്വമിഷനും വികസിപ്പിച്ചെടുത്ത ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പിന്റെ പരിശീലകര്‍ക്കുള്ള പരിശീലനം ജില്ലാ പഞ്ചായത്ത് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ നല്ല പശ്ചാത്തലം ആണ്. ഈ സാധ്യതകള്‍ ഉപയോഗപ്പെടുത്തി സമ്പൂര്‍ണ ശുചിത്വനേട്ടം കൈവരിക്കാനാകണം.


ഖര, ദ്രവ മാലിന്യ സംസ്‌കരണ നടപടികള്‍, ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍, പഞ്ചായത്തുകളില്‍ ക്രിമീറ്റോറിയം നിര്‍മാണം, ശൗചലയങ്ങള്‍ സ്ഥാപിക്കുക തുടങ്ങിയ പരിപാടികളിലൂടെയാണ്  ജില്ലാ പഞ്ചായത്ത് സമ്പൂര്‍ണ ശുചികരണം ലക്ഷ്യം വയ്ക്കുന്നത്. ഹരിതകര്‍മ്മസേന ശേഖരിക്കുന്ന  പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സൂക്ഷിക്കാനുള്ള സംവിധാനം എല്ലാ ബ്ലോക്കുകളിലും വരണമെന്നും അവിടെ നിന്നും മാലിന്യങ്ങള്‍ ശേഖരിക്കാനുള്ള ഒരു ശൃംഖല ജില്ലയില്‍ നടപ്പാക്കാന്‍ പദ്ധതി ഉണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഖര, ദ്രവ മാലിന്യങ്ങള്‍ സംസ്‌കരിക്കാനുള്ള  പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഇതിന്റെ മുന്നൊരുക്കമാണ് കുന്നന്താനം കിന്‍ഫ്രാ പാര്‍ക്കിലെ പ്ലാസ്റ്റിക് പാഴ്വസ്തു സംസ്‌കരണ പ്ലാന്റ് എന്നും പ്രസിഡന്റ് പറഞ്ഞു.


തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ എന്‍. ഹരി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജോര്‍ജ് എബ്രഹാം പങ്കെടുത്തു. ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ നൈസി റഹ്മാന്‍, ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ എം.ബി. ദിലീപ് കുമാര്‍, കെല്‍ട്രോണ്‍ സ്റ്റേറ്റ് മാനേജര്‍ റ്റി. ശിവന്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്‍. രാജേഷ് തുടങ്ങിയവര്‍ ക്ലാസുകള്‍ എടുത്തു.