മത്സ്യത്തൊഴിലാളി ഗ്രൂപ്പ് അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 29 വരെ അപേക്ഷിക്കാം
മലപ്പുറം: മത്സ്യഫെഡ് മത്സ്യത്തൊഴിലാളികള്‍ക്കായി നടപ്പാക്കുന്ന മത്സ്യത്തൊഴിലാളി അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 18 നും 70 നും ഇടയില്‍ പ്രായമുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് അംഗങ്ങളാകുന്നതിന് ഏപ്രില്‍ 29 വരെ അപേക്ഷിക്കാം. അപകട മരണമോ അപകടം മൂലം പൂര്‍ണ്ണമായ അംഗവൈകല്യമോ സംഭവിച്ചാല്‍ 10 ലക്ഷം രൂപ ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കും.
നിബന്ധനകള്‍ക്ക് വിധേയമായി ഭാഗികമായ അംഗവൈകല്യത്തിന് അഞ്ച് ലക്ഷം രൂപ വരെയും അപകടത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെടുകയാണെങ്കില്‍, അപകടം ഭാഗികമായ അംഗവൈകല്യത്തിലേയ്ക്ക് നയിക്കുന്ന കേസുകളില്‍ യഥാര്‍ത്ഥ ആശുപത്രി ചെലവായി പരമാവധി 2,00,000 രൂപ വരെ ചികിത്സാ ചെലവിനത്തിലും അപകടമരണം സംഭവിക്കുകയാണെങ്കില്‍ മരണാനന്തര ചെലവിലേയ്ക്കായി 2500 രൂപയും വിദ്യാഭ്യാസ ആവശ്യത്തിന് രണ്ട് കുട്ടികള്‍ക്ക് വരെ പരമാവധി 10000 രൂപ വരെയും ഇന്‍ഷുറന്‍സ് ആനുകൂല്യം നല്‍കും. സഹകരണ സംഘങ്ങളില്‍ 389 രൂപ പ്രീമിയം അടച്ച് ഈ പദ്ധതിയില്‍ അംഗങ്ങളാകാം. വിശദ വിവരങ്ങള്‍ മത്സ്യഫെഡ് ജില്ലാ ഓഫീസിലും പ്രൊജക്ട് ഓഫീസിലും ലഭിക്കും. ഫോണ്‍: 0494 2423503.