ഇവിടെയുണ്ട് മനം കവരും മത്സ്യങ്ങൾ

post


കണ്ണൂർ: ഓസ്‌കാർ..! പേര് കേട്ട് ഞെട്ടേണ്ട. എന്റെ കേരളം എക്‌സിബിഷനിലെ ഫിഷറീസ് വകുപ്പിന്റെ സ്റ്റാളിൽ കാഴ്ചക്കാരുടെ മനംകവർന്ന വിരുതനാണിവൻ...ചില്ലു കൂടിനുള്ളിൽ കൂട്ടമായി വിഹരിക്കുന്ന വെള്ള നിറത്തിലുള്ള മത്സ്യങ്ങളെ ആരും ഒന്ന് നോക്കി നിന്നു പോകും. രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഫിഷറീസ് വകുപ്പും മത്സ്യ കർഷക വികസന ഏജൻസിയും ചേർന്നൊരുക്കിയ സ്റ്റാളാണ് കാഴ്ചക്കാർക്ക് കൗതുകമാകുന്നത്.  അലങ്കാര മത്സ്യങ്ങൾ ഉൾപ്പെടെ ഉപ്പു വെള്ളത്തിലും ശുദ്ധജലത്തിലും വളരുന്ന വിവിധങ്ങളായ  മത്സ്യങ്ങൾ ഇവിടെയുണ്ട്.


വരാൽ, രോഹു, തിലാപ്പിയ, അനബാസ്, ഗിഫ്റ്റ്, ബാറ്റ് ഫിഷ്, ബ്ലാക്ക് മൂർ, കാളാഞ്ചി, കാര ചെമ്മീൻ, ചെമ്പല്ലി, വളോടി, വനാമി ചെമ്മീൻ, ഞണ്ട്, ഏഞ്ചൽ ഫിഷ്, ഗോൾഡൻ ഫിഷ്, ടെട്രാസ് എന്നിവയെ സ്റ്റാളിൽ പ്രദർശനത്തിനായി ഒരുക്കിയിട്ടുണ്ട്. അലങ്കാര മത്സ്യങ്ങളായ ഏഞ്ചൽ,ഗോൾഡ് ഫിഷ് തുടങ്ങിയവയാണ് കുട്ടികൾക്ക് പ്രിയം.  മത്സ്യ വിസർജ്യങ്ങളും ഉപാപചയ അവശിഷ്ടങ്ങളും സൂക്ഷ്മജീവികൾ ദഹിപ്പിക്കുകയും അവയെ മൈക്രോ ബിയൽ പ്രോട്ടീൻ ആക്കുകയും ചെയ്യുന്ന  ബയോഫ്‌ളോക്ക് ടാങ്ക്, ബയോഫിൽറ്റർ സംവിധാനം, പടുതാകുളം എന്നിവയുടെ മാതൃകയും സ്റ്റാളിലുണ്ട്. മത്സ്യകൃഷി ചെയ്യുന്നതും ഇഷ്ടപ്പെടുന്നതുമായ ആൾക്കാർക്ക് സ്റ്റാൾ വളരെ ഉപകാരപ്രദമാണ്.


സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന വിവിധ മത്സ്യകൃഷി സ്‌കീമുകളും, പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജനയിൽ ഉൾപ്പെട്ട വിവിധ പദ്ധതികളും മത്സ്യകൃഷി സംബന്ധിച്ച വിവരങ്ങൾ, സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ എന്നിവയും ഈ സ്റ്റാളിൽ ലഭിക്കും.
എട്ട് സ്റ്റാളുകളാണ് ഫിഷറീസ് വകുപ്പ് ഒരുക്കിയിട്ടുള്ളത്. മത്സ്യഫെഡ് സ്റ്റാൾ, സാഫിന്റെ തീരമൈത്രി ഉൽപ്പന്ന വിപണന സ്റ്റാൾ, പുനർഗേഹം പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ സ്റ്റാൾ തുടങ്ങിയവയാണ് മറ്റുള്ളവ.