കണ്ടറിയാം സൂക്ഷ്മ കോശങ്ങളെ; അകറ്റി നിർത്താം കാൻസറിനെ

post


കണ്ണൂർ: കാൻസർ ചികിത്സാരംഗത്തെ നൂതന ചികിത്സാ സൗകര്യങ്ങളെ പരിചയപ്പെടുത്തുകയാണ് മലബാർ ക്യാൻസർ സെന്റർ. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ പൊലീസ് മൈതാനിയിലൊരുക്കിയ എന്റെ കേരളം പ്രദർശന നഗരിയിലാണ് എം സി സി സ്റ്റാൾ ശ്രദ്ധേയമാകുന്നത്. പ്രദർശനത്തിലെ പ്രധാന  ആകർഷണങ്ങളിൽ ഒന്ന്  അർബുദ കോശങ്ങളെ മൈക്രോ സ്‌കോപ്പിന്റെ സഹായത്തോടെ സാധാരണ ആളുകൾക്ക് കണ്ടറിയുവാനുള്ള സൗകര്യമാണ്. സാധാരണ കോശങ്ങളും അർബുദ കോശങ്ങളും കണ്ടു മനസ്സിലാക്കി,  സംശയങ്ങളും തീർത്താണ് ഓരോ ആളും ഇവിടെ നിന്ന് പോകുന്നത്. അതിനാൽ തന്നെ വലിയ തിരക്കാണ് ഇവിടെ.  


കേരളത്തിലെ ചുരുക്കം ചില ആശുപത്രികളിൽ മാത്രമുള്ള പെറ്റ് സി ടി  സ്‌കാൻ, ലീനിയർ ആക്‌സിലറേറ്റർ എന്നീ അത്യാധുനിക മെഷീനുകൾ നേരിട്ട് കണ്ട് പരിചയപ്പെടാം. റേഡിയേഷൻ ചികിത്സ നൽകാൻ ഉപയോഗിക്കുന്ന ബ്രാക്കിതെറാപ്പി മെഷീനും ഇവിടെ ഉണ്ട്. സ്തനാർബുദ നിർണയത്തിനുപയോഗിക്കുന്ന മാമ്മോഗ്രാം മെഷീന്റെ ചെറു മാതൃകയുമുണ്ട്. എങ്ങനെ ആണ് മാമ്മോഗ്രാം മെഷീൻ പ്രവർത്തിക്കുന്നതെന്നും മറ്റും വോളന്റിയർമാർ വിശദമായി പറഞ്ഞു നൽകുന്നുണ്ട്. കാൻസർ ചികിത്സയെപ്പറ്റിയും  അതിൽ തന്നെ കീമോതെറാപ്പിയെ പറ്റി വിശദമായി മനസ്സിലാക്കാനുള്ള അവസരവും ഇവിടെ മലബാർ കാൻസർ സെന്റർ ഒരുക്കിയിട്ടുണ്ട്.


 കീമോതെറാപ്പി ചികിത്സ സ്വീകരിക്കുന്നതിന്റെ ദൃശ്യാവിഷ്‌കാരം ഇവിടെ ഒരുക്കിയിട്ടുണ്ട്. ചികിത്സയെക്കുറിച്ചുള്ള ഭയം ഇല്ലാതാക്കാനും സംശയങ്ങൾ ദുരീകരിക്കാനും ഇത് വഴി കഴിയുന്നുണ്ട്. ഇതിനു പുറമെ ഒരു കാൻസർ ആശുപത്രിയിലെ വിവിധ ചികിത്സ സംവിധാനങ്ങൾ പരിചയപ്പെടുത്തുന്ന വീഡിയോ പ്രദർശനവും ഈ പ്രദർശനത്തിന്റെ ഭാഗമായുണ്ട്.


ക്യാൻസർ ബാധിച്ച വിവിധ ശരീര ഭാഗങ്ങളുടെ സ്‌പെസിമനുകൾ ഇവിടെ പൊതുജനങ്ങൾക്ക് കാണാനായി ഒരുക്കിയിട്ടുണ്ട്. ഇത് കാണാൻ വരുന്നവർക്ക് മുൻപിൽ കാൻസർ വരുന്നതിന്റെ കാരണങ്ങളും വരാതിരിക്കേണ്ടതിന് സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് വളണ്ടിയർമാർ പറഞ്ഞുതരും. പ്രദർശനം കണ്ടു തിരിച്ചു പോകുമ്പോൾ മറ്റുള്ളവരുമായി പങ്കുവെക്കാനുള്ള അർബുദ ബോധവത്കരണ ലഘു ലേഖകളും നിങ്ങളുടെ കയ്യിൽ വളണ്ടിയർമാർ ചെറുപുഞ്ചിരിയോടെ സമ്മാനിക്കും.