വൈക്കം താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം മെച്ചപ്പെടുത്തും

post


കോട്ടയം: വൈക്കം താലൂക്ക് ആശുപത്രിയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സി.കെ. ആശ എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ആശുപത്രി മാനേജിംഗ് കമ്മറ്റി അംഗങ്ങളും ആരോഗ്യപ്രവർത്തകരുമടങ്ങിയ സംഘം മികച്ച നിലയിൽ പ്രവർത്തിക്കുന്ന പുനലൂർ താലൂക്ക് ആശുപത്രി സന്ദർശിച്ചു. ആധുനിക സ്‌കാനിങ് യന്ത്രങ്ങൾ, ബ്ലഡ് ബാങ്ക്, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ലബോറട്ടറി, പൂർണമായും യന്ത്രവൽക്കരിച്ച ലോൺട്രി, മാലിന്യ സംസ്‌കരണ സംവിധാനം, കൃത്രിമ അവയവ നിർമ്മാണ കേന്ദ്രം, വേദന രഹിത പ്രസവമുറി എന്നിവയുടെ പ്രവർത്തനരീതികൾ സംഘം വിലയിരുത്തി.

രോഗികളിൽ നിന്നും ഈടാക്കുന്ന മിതമായ ഫീസും കമ്പനികളുടെ സിഎസ്ആർ ഫണ്ടും പ്രാദേശിക ഭരണകൂടം നൽകുന്ന സഹായവും സമാഹരിച്ചാണ് ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. പുനലൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷഹീർ ഷാ ആശുപത്രിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു നൽകി. പുനലൂർ ആശുപത്രി വികസനത്തിലെ നല്ല പാഠങ്ങൾ ഉൾക്കൊണ്ട് വിപുലമായ സൗകര്യങ്ങൾ വൈക്കം താലൂക്ക് ആശുപത്രിയിൽ ഏർപ്പെടുത്തി നിർമാണം പൂർത്തീകരിക്കുമെന്ന് എം.എൽ.എ. അറിയിച്ചു.