എക്‌സിബിഷനിൽ സ്പോട്ട് അഡ്മിഷനുമായി സാക്ഷരതാ മിഷൻ

post


കണ്ണൂർ: സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കണ്ണൂർ പൊലീസ് മൈതാനിയിൽ നടക്കുന്ന എന്റെ കേരളം മെഗാ എക്‌സിബിഷനിൽ സ്‌പോർട്ട് അഡ്മിഷനുമായി സാക്ഷരതാ മിഷൻ പവലിയൻ. സാക്ഷരത, നാലാംതരം, ഏഴാംതരം, പത്താംതരം, ഹയർസെക്കണ്ടറി തുല്യതാ കോഴ്‌സുകൾക്കും ഗുഡ് ഇംഗ്ലിഷ്, പച്ചമലയാളം, അച്ഛീ ഹിന്ദി എന്നീ കോഴ്‌സുകൾക്കുമാണ് രജിസ്‌ട്രേഷൻ സൗകര്യമുള്ളത്. കൂടാതെ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് പവലിയനിൽ ടെക്സ്റ്റ് ബുക്കുകൾ പരിചയപ്പെടാനാകും. പ്രേരക്മാർ ആവശ്യമായ നിർദേശങ്ങൾ നൽകും.


സാക്ഷരതാ ചരിത്രവും കണ്ണൂരിന്റെ നേട്ടങ്ങളും ഉൾപ്പെടുത്തിയാണ് പവലിയൻ ക്രമീകരിച്ചിരിക്കുന്നത്. സമ്പൂർണ പ്രാഥമിക വിദ്യാഭ്യാസം നേടിയ ഇന്ത്യയിലെ ആദ്യജില്ലയാണ് കണ്ണൂർ. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ കിരൺ പദ്ധതിയിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. ആറളം ഫാമിലെ ആദിശ്രീ, ട്രാൻസ്‌ജെൻഡേഴ്‌സിനുള്ള സമന്വയ, പട്ടികവർഗമേഖലയിലെ സമഗ്ര, പട്ടികജാതി വിഭാഗങ്ങൾക്കുള്ള നവചേതന, തീരദേശത്തുള്ളവർക്കുള്ള അക്ഷരസാഗരം തുടങ്ങിയ പദ്ധതികളുടെ വിവരങ്ങളും സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്.