ഇത്ര കാലം എന്താ ഉള്ളേ... ഇപ്പോ അല്ലേ ആയേ പട്ടയം കിട്ടിയ സന്തോഷത്തില്‍ മുക്കി

post

525 പട്ടയങ്ങൾ വിതരണം ചെയ്തു

വയനാട്: ഇത്ര കാലം എന്താ ഉള്ളേ.. സ്ഥലം ഉണ്ടോ എന്ന് ചോദിച്ചാ ഉണ്ട്. ഇല്ലേ എന്ന് ചോദിച്ചാ ഇല്ല. ഇപ്പം അല്ലേ എല്ലാം ആയേ.. നൂല്‍പ്പുഴയിലെ പൊന്‍കുഴി പണിയ കോളനിയിലെ പ്രായം എഴുപതിനോടടുത്ത മുക്കിക്ക് പറയാനുണ്ടായിരുന്നു ഇല്ലായ്മയുടെ പഴയ ഭൂതകാലം.  ഇക്കാലം വരെയും കാടിനോട് ചേര്‍ന്ന് കിടന്ന സ്വന്തം മണ്ണില്‍ അന്യരായായിരുന്നു കഴിഞ്ഞുകൂടിയത്. ഈ കിടപ്പാടം ഇനി രേഖകള്‍ പ്രകാരവും സ്വന്തമാണെന്ന് അറിഞ്ഞതോടെ ചുളിവുകള്‍ വീണ് പ്രതീക്ഷകള്‍ വറ്റിയ മുഖത്ത് സന്തോഷത്തിന്റെ മിന്നാട്ടങ്ങള്‍. മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നിന്നും റവന്യു വകുപ്പ് മന്ത്രി കെ.രാജനില്‍ നിന്നാണ് വനാവകാശ രേഖ മുക്കി ഏറ്റുവാങ്ങിയത്.

പാരമ്പര്യമായി കാടിനുള്ളില്‍ നിന്നും വനവിഭവങ്ങളും മറ്റും ശേഖരിച്ചായിരുന്നു ഇവരുടെ ജീവിതം. കാലം മാറി മാറി വന്നപ്പോള്‍ ഇവിടെ നിന്നും പുറത്താവുമോ എന്നു പോലും ഭയന്നാണ് കഴിഞ്ഞത്. ഭര്‍ത്താവ് ബാലന്‍ പന്ത്രണ്ട് വര്‍ഷം മുമ്പ് മരിച്ചു. മക്കളുമായാണ് താമസം.  ഏറ്റവും ഒടുവില്‍ കൈവശ അവാകശ രേഖകള്‍ സ്വന്തമായപ്പോള്‍ ഇവര്‍ക്കും ഇതൊരു ഹൃദയത്തോട് ചേര്‍ത്തുപിടിച്ച നിമിഷമായി.

മറുകര കാട്ടുനായ്ക്ക കോളനിയിലെ അറുപത്തിയെട്ടുകാരിയായ ബോളിയും ഇനി ഭൂമിയുടെ ഉടമയായി. ഇക്കാലം വരെയും ഒരു തരി മണ്ണ് പോലും സ്വന്തം പേരിലിലാത്ത ബോളിക്കും സ്വന്തം ഭൂമിയും രേഖയുമായി. ഇവരെ പോലെ കാടിനും നാടിനും ഇടയിലെ നൂല്‍പ്പുഴയിലെ വനഗ്രാമങ്ങളിലെ നാല്‍പ്പത്തിയേഴ് പേര്‍ക്കാണ് വനാവകാശ രേഖ പ്രകാരം പുതിയ ജീവിതമായത്.

മാനന്തവാടി, സുല്‍ത്താന്‍ബത്തേരി, വൈത്തിരി താലൂക്കുകളിലായി 1964 ലെ ഭൂപതിവ് ചട്ടപ്രകാരം 58 പട്ടയങ്ങളും 93 ദേവസ്വം ക്രയ സര്‍ട്ടിഫിക്കറ്റുകളും മാനന്തവാടി ലാന്‍ഡ് ട്രിബൂണലിലെ 254 ക്രയ സര്‍ട്ടിഫിക്കറ്റുകളും വനാവകാശ നിയമ പ്രകാരമുള്ള 120 അവകാശ രേഖകളുമടക്കം 525 പട്ടയങ്ങളാണ് ചടങ്ങില്‍ വിതരണം ചെയ്തത്. ദീര്‍ഘകാലമായി പട്ടയത്തിന് അപേക്ഷിച്ച് കൈവശവകാശങ്ങള്‍ക്കായി കാത്തിരുന്നവരുടെ സ്വപ്നം കൂടിയാണ് ഇവിടെ യാഥാര്‍ത്ഥ്യമായത്.

വരും മാസങ്ങളിലും പട്ടയമേളകള്‍ സംഘടിപ്പിച്ച്  കൂടുതല്‍ പേര്‍ക്ക് കൈവശാവാകാശ രേഖകള്‍ വിതരണ നടപടികള്‍ ത്വരിതപ്പെടുത്തുമെന്ന് ചടങ്ങില്‍ പങ്കെടുത്ത ജില്ലാകളക്ടര്‍ എ.ഗീത പറഞ്ഞു. കൂടുതല്‍ പട്ടയങ്ങള്‍ വിതരണത്തിന് തയ്യാറാക്കിയ ജില്ലാ ഭരണകൂടത്തെ റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍ പ്രശംസിച്ചു.