കാട്ടുതീ: മരണപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായമായി 7.5 ലക്ഷം വീതം അനുവദിക്കും: മന്ത്രി അഡ്വ കെ. രാജു

post

തൃശ്ശൂര്‍: വടക്കാഞ്ചേരി കൊറ്റമ്പത്തൂരില്‍ കാട്ടുതീ തടയാന്‍ ശ്രമിക്കവേ മരണപ്പെട്ട ഫോറസ്റ്റ് വാച്ചര്‍മാരുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായമായി 7.5 ലക്ഷം രൂപ വീതം അനുവദിക്കുമെന്ന് വനം മന്ത്രി കെ. രാജു അറിയിച്ചു. 5 ലക്ഷം രൂപ സര്‍ക്കാരില്‍ നിന്നാണ് ഇപ്പോള്‍ അനുവദിക്കുക. ഇതിന് പുറമേ പെരിയാര്‍ ടൈഗര്‍ ഫൗണ്ടേഷനില്‍ നിന്നും 2.5 ലക്ഷം രൂപ കൂടി അനുവദിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

കാട്ടുതീയില്‍പ്പെട്ട് മരണമടഞ്ഞവരുടെ കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്നും മന്ത്രി പറഞ്ഞു. മരണാനന്തര ചടങ്ങുകള്‍ക്കും ചികിത്സയ്ക്കുമുള്ള ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും.

കാട്ടുതീക്കെതിരെ പ്രതിരോധനടപടികള്‍ സ്വീകരിക്കുന്നതില്‍ എച്ച്എന്‍എല്ലിന്റെ ഭാഗത്തുനിന്ന് അശ്രദ്ധ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കും. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ അനുയോജ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും വനം മന്ത്രി പറഞ്ഞു.

വടക്കാഞ്ചേരി പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ എച്ച്എന്‍എല്‍ പ്ലാന്റേഷനില്‍ ഞായറാഴ്ച ഉച്ചയ്ക്ക് ഉണ്ടായ കാട്ടുതീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് മൂന്ന് വാച്ചര്‍മാര്‍ മരിച്ചത്. പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷനിലെ ട്രൈബല്‍ വാച്ചര്‍ ദിവാകരന്‍ കെ യു, താല്‍ക്കാലിക വാച്ചര്‍മാരായ വേലായുധന്‍ എ.കെ., ശങ്കരന്‍ വി.എ. എന്നിവരാണ് മരിച്ചത്.

 കൊറ്റമ്പത്തൂര്‍ പ്ലാന്റേഷനില്‍ കാട്ടുതീ നിയന്ത്രണ വിധേയമായതായും സ്ഥലം സന്ദര്‍ശിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മുഖ്യ വനം മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു.