ദിനേശ് ഉൽപ്പന്നങ്ങൾക്ക് പ്രിയമേറുന്നു; ഇതുവരെ 11.06 ലക്ഷം രൂപയുടെ വിൽപന

post


കണ്ണൂർ: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള എന്റെ കേരളം മെഗാ എക്സിബിഷനിൽ കേരള ദിനേശ് സ്റ്റാളിൽ ആറ് ദിവസം കൊണ്ട് 11.06 ലക്ഷം രൂപയുടെ വിൽപന. ഏപ്രിൽ എട്ടിന് മാത്രമായി 3.04 ലക്ഷം രൂപയുടെ വിറ്റുവരവ് ലഭിച്ചു.

അഞ്ച് സ്റ്റാളുകളിൽ തുണിത്തരങ്ങൾ, കുടകൾ, ഭക്ഷണ സാധനങ്ങൾ, പലവ്യഞ്ജനങ്ങൾ തുടങ്ങിയ ദിനേശ് ഉൽപ്പന്നങ്ങൾ വാങ്ങാൻ ദിവസവും നിരവധി പേരാണ് എത്തുന്നത്. ദിനേശ് ഫുഡ്സിലെ തേങ്ങാപ്പാൽ, വിവിധയിനം കറി പൗഡറുകൾ, വെളിച്ചെണ്ണ, പാലട പ്രഥമൻ, ജാം, സ്‌ക്വാഷ് തുടങ്ങിയവയ്ക്കാണ് ആവശ്യക്കാർ ഏറെ. തേങ്ങാപ്പാൽ ബർഫി കുട്ടികൾക്ക് ഏറെ പ്രിയമുള്ളതാണ്. 50 രൂപയാണ് 200 ഗ്രാം ബർഫിയുടെ വില. കടകളിൽ ലഭിക്കുന്നതിനെക്കാൾ വിലക്കുറവിലാണ് ദിനേശ് ഉൽപ്പന്നങ്ങൾ സ്റ്റാളിൽ വിൽക്കുന്നത്. എക്സിബിഷൻ ആരംഭിച്ചതിനു ശേഷം തേങ്ങാപ്പാലിന് ആവശ്യക്കാർ ഏറെയാണ്. 200 മില്ലി തേങ്ങാപ്പാലിന് 55 രൂപയാണ് നിരക്ക്. സ്റ്റാളിനോടനുബന്ധിച്ചുള്ള ദിനേശ് അപ്പാരൽസ് കോർണറിലും വൻ തിരക്കാണ്. കുട്ടികൾക്കും മുതിർന്നവർക്കുമായി 200 രൂപ മുതലുള്ള റെഡിമെയ്ഡ് വസ്ത്രങ്ങളുടെ വിപുലമായ ശ്രേണിയും ഒരുക്കിയിട്ടുണ്ട്. ദിനേശ് അംബ്രല്ല കോർണറിൽ ഗുണമേന്മയേറിയ ദിനേശ് കുടകൾ 340 രൂപ മുതൽ ലഭിക്കും. കാലത്തിനനുസരിച്ച് വ്യവസായത്തിൽ വരുത്തിയ മാറ്റമാണ് ദിനേശ് ഉൽപ്പന്നങ്ങളുടെ സ്വീകാര്യത വർധിക്കാൻ കാരണമെന്ന് ദിനേശ് സഹകരണ സംഘം ചെയർമാൻ എം കെ ദിനേശ് ബാബു പറഞ്ഞു.