വിപണി ഇടപെടലുകളിലൂടെ ജനങ്ങള്‍ക്കു കഴിയാവുന്നത്ര ആശ്വാസമെത്തിക്കും

post

കണ്‍സ്യൂമര്‍ഫെഡ് സംഘടിപ്പിക്കുന്ന വിഷു, ഈസ്റ്റര്‍, റംസാന്‍ വിപണികൾക്ക് തുടക്കമായി

വിലക്കയറ്റത്തിന്റെ കാലത്ത് പൊതുവിപണിയില്‍ സജീവ ഇടപെടല്‍ നടത്തി ജനങ്ങള്‍ക്കു കഴിയാവുന്നത്ര ആശ്വാസമെത്തിക്കുകയാണു സര്‍ക്കാരിന്റെ ലക്ഷ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍സ്യൂമര്‍ഫെഡ് സംഘടിപ്പിക്കുന്ന വിഷു, ഈസ്റ്റര്‍, റംസാന്‍ വിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ മുഖേന സംസ്ഥാനത്തു വിതരണം ചെയ്യുന്ന 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ 2016ലെ വിലയ്ക്കാണ് ഇപ്പോഴും വിതരണം ചെയ്യുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക ശേഷി ഉയര്‍ന്നതുകൊണ്ടല്ല, മറിച്ച് വിലക്കയറ്റത്തില്‍ നാടിന്റെ പ്രയാസം കഴിയാവുന്നത്ര ലഘൂകരിക്കണമെന്ന ചിന്തയുടെ ഭാഗമായാണ് ഈ സമീപനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കാര്‍ഷിക മേഖലയില്‍ സംസ്ഥാനം സജീവ ഇടപെടല്‍ നടത്തുന്നതും വിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനു സഹായിക്കും. കാര്‍ഷികോത്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള ഫലപ്രദമായ നടപടികള്‍ കൃഷിവകുപ്പ് ആവിഷ്‌കരിച്ചു നടപ്പാക്കുന്നുണ്ട്. പച്ചക്കറി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനാണു ശ്രമം. ഉത്പാദിപ്പിക്കപ്പെടുന്ന കാര്‍ഷികോത്പന്നങ്ങള്‍ കേടുവരാതെ സംരക്ഷിക്കേണ്ടതും പ്രധാനമാണ്. കാര്‍ഷികോത്പന്നങ്ങളുടെ മൂല്യവര്‍ധനയ്ക്കായി കൃഷി, തദ്ദേശ സ്വയംഭരണ, വ്യവസായ, സഹകരണ വകുപ്പുകള്‍ യോജിച്ചുള്ള പരിപാടി നടപ്പാക്കുന്നുണ്ട്. ഇതു നാടിന്റെ പൊതുസാഹചര്യത്തില്‍ വലിയ മാറ്റമുണ്ടാക്കും. ഉത്പാദനവര്‍ധനയ്ക്കൊപ്പം കര്‍ഷകര്‍ക്കു മികച്ച വരുമാനവും ലഭിക്കും. പച്ചക്കറിക്കു താങ്ങുവില ഏര്‍പ്പെടുത്തിയ ആദ്യ സംസ്ഥാനമായി കേരളം മാറിയത് കര്‍ഷകരുടെ വരുമാനം ഉറപ്പാക്കുന്ന നടപടികളുടെ ഭാഗമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ കണ്‍സ്യൂമര്‍ഫെഡ് സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണു നടത്തുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. സാധനങ്ങള്‍ ഉത്പാദന കേന്ദ്രങ്ങളില്‍ നിന്നുതന്നെ സംഭരിക്കാനായാല്‍ ഉപഭോക്താവിനു കുറഞ്ഞ വിലയ്ക്കു നല്‍കാനാകും. ഇതാണു കണ്‍സ്യൂമര്‍ഫെഡ് സ്വീകരിക്കുന്ന സമീപനം. ഇതാണു നല്ല വിലവ്യത്യാസത്തോടെ സാധനങ്ങള്‍ പൊതുജനങ്ങള്‍ക്കു നല്‍കാനും അതുവഴി പൊതുവിപണിയോടു പിടിച്ചുനില്‍ക്കാനും കണ്‍സ്യൂമര്‍ഫെഡിനെ സഹായിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സഹകരണ വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വിഷു, ഈസ്റ്റര്‍, റംസാന്‍ സഹകരണ വിപണികളുടെ ഭാഗമായി 778 വിപണന കേന്ദ്രങ്ങളാണു കണ്‍സ്യൂമര്‍ഫെഡ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുറക്കുന്നത്. ഓരോ കുടുംബത്തിനും അഞ്ച് കിലോ അരി, രണ്ട് കിലോ പച്ചരി, ഒരു കിലോ പഞ്ചസാര, 500 ഗ്രാം വീതം വെളിച്ചെണ്ണ, ചെറുപയര്‍, കടല, ഉഴുന്ന്, വന്‍പയര്‍, തുവരപ്പരിപ്പ്, മുളക്, മല്ലി എന്നിങ്ങനെയാകും ഈ വിപണികളിലൂടെ സബ്സിഡി നിരക്കില്‍ പൊതുജനങ്ങള്‍ക്കു നല്‍കുക.

തിരുവനന്തപുരം സ്റ്റാച്യുവില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ സഹകരണ സംഘം രജിസ്ട്രാര്‍ അദീല അബ്ദുള്ള, കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ്, മാനേജിങ് ഡയറക്ടര്‍ എസ്.കെ. സനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.