പീരുമേട്ടില്‍ മികച്ച ചികിത്സ സൗകര്യം ലഭ്യമാക്കും : വാഴൂര്‍ സോമന്‍ എംഎല്‍എ

post

പീരുമേട്ടിലെ ജനങ്ങള്‍ക്ക് മികച്ച ചികിത്സ സൗകര്യം ലഭ്യമാക്കുമെന്ന് വാഴൂര്‍ സോമന്‍ എംഎല്‍എ. പീരുമേട് താലൂക്ക് ആശുപത്രി കെട്ടിട നിര്‍മ്മാണ പുരോഗതി വിലയിരുത്തല്‍ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശുപത്രിയുടെ വികസനം പൂര്‍ണ്ണതയില്ലെത്തിക്കുകയെന്ന ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

തോട്ടം മേഖലയിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് ആശുപത്രിയുടെ വികസനം ഏറെ പ്രയോജനം ചെയ്യും. മെഡിക്കല്‍ ബോര്‍ഡ് സൗകര്യം, ബ്ലഡ് സ്റ്റോറേജ് യൂണിറ്റ്, പ്രസവ വാര്‍ഡ് മുതലായവയുടെ പ്രവര്‍ത്തനം മെയ് ആദ്യ ആഴ്ചയില്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കും വിധം പണികള്‍ അതിവേഗത്തിലാക്കാന്‍ യോഗത്തില്‍ നിര്‍ദേശം നല്‍കി. പ്രസവ വാര്‍ഡ് ഇല്ലാതിരുന്നത് ഏറെ പ്രതിസന്ധിയായിരുന്നു. പ്രസവ വാര്‍ഡ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ സാധാരണ ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമാകും. മെഡിക്കല്‍ ബോര്‍ഡ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള സേവനങ്ങളും ലഭ്യമാകും.

ആശുപത്രി വികസനത്തിന് സര്‍ക്കാര്‍ അനുവദിച്ച 42 കോടി ഉപയോഗിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും ഉടന്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. ആശുപത്രിയുടെ വികസനത്തിന് വേണ്ടി കൂടുതല്‍ സ്ഥലം വാങ്ങുന്ന പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. യോഗത്തില്‍ വാഴൂര്‍ സോമന്‍ എംഎല്‍എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പിഎം നൗഷാദ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാബു, ജില്ലാ വികസന കമ്മീഷ്ണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ സുരേഷ്, പീരുമേട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ അനന്ദ് എം, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ സുഷമ തുടങ്ങിയവര്‍ പങ്കെടുത്തു.